പക്വതയും അനുഭവപരിജ്ഞാനവമുള്ള നേതൃത്വം:ദൈവസഭയ്ക്കുള്ള തിരുവചനാധിഷ്ഠിത മാതൃക

പാസ്റ്റർ ടി.വി. പൗലോസ് (കായംകുളം)

ഭയുടെ ആരോഗ്യകരമായ വളർച്ചക്കും സ്ഥിരതയ്ക്കും ഏറ്റവും നിർണായകമായ ഘടകങ്ങളിൽ ഒന്നാണ് ശരിയായ നേതൃത്വം. നേതൃത്വം കേവലം ഒരു സ്ഥാനമോ അധികാരമോ മാത്രമല്ല; അത് ദൈവത്താൽ ഏല്പിക്കപ്പെട്ട ആത്മീയ ഉത്തരവാദിത്വമാണ്.

തിരുവചനം നമ്മെ പഠിപ്പിക്കുന്നത്, സഭാനേതൃത്വം ദൈവീക പരിജ്ഞാനവും ആത്മീയ പക്വതയും അനുഭവസമ്പത്തുമുള്ളവരുടെ കൈകളിൽ ആയിരിക്കണമെന്നാണ്.

ഇന്നത്തെ കാലത്ത് ആളുകളെ കൂടെ നിർത്തുവാനുള്ള കഴിവിനെയും, പണസ്വാധീനത്തെയും മാത്രം അടിസ്ഥാനമാക്കി പലരും സംഘടനാ നേതൃത്വത്തിലേക്ക് എത്തപ്പെടാൻ ശ്രമിക്കുന്ന പ്രവണത വർധിച്ചുവരുന്നു. എന്നാൽ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നത്, മാതൃകാ ജീവിതവും, ആത്മീയപക്വതയും, അനുഭവപരിചയവും ക്രിസ്തീയ നേതൃത്വത്തിന്റെ അനിവാര്യ ഗുണങ്ങളാണെന്നാണ്.

തിരുവചനത്തിലെ നേതൃത്വ മാതൃക

ആദ്യകാലസഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ, അവിടെ സഭാനേതൃത്വത്തിലേക്ക് "മൂപ്പന്മാർ" (Elders) നിയമിക്കപ്പെട്ടിരുന്നതായി കാണാം.

പ്രവൃ. 14:23-ൽ അപ്പൊസ്തലന്മാർ സഭകളിൽ മൂപ്പന്മാരെ നിയമിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

അതുപോലെ 1 പത്രോ. 5:1-ൽ പത്രോസ് തന്നെത്താൻ ''കൂട്ടുമൂപ്പൻ - മൂപ്പന്മാരിൽ ഒരുവൻ" എന്നു വിളിക്കുന്നു.

ഇവിടെ "മൂപ്പൻ" എന്ന പദം പ്രായത്തെക്കുറിച്ചു മാത്രം സൂചിപ്പിക്കുന്നതല്ല; മറിച്ചു ആത്മീയ പക്വതയേയും അനുഭവ പരിജ്ഞാനത്തെയും കൂടി സൂചിപ്പിക്കുന്നതാണ്. 

സഭയെ നയിക്കുന്നവർ ദൈവത്തോടൊപ്പം നടന്ന അനുഭവമുള്ളവരായിരിക്കണം എന്നതാണ് തിരുവചനത്തിന്റെ ഊന്നൽ. അതായത് വ്യക്തിപരമായ ജീവിതത്തിൽ ദൈവത്തോടൊപ്പം നടന്നിട്ടില്ലാത്ത ഒരാൾക്കൊരിക്കലും സഭയെ നയിക്കാൻ കഴിയില്ല.

നേതൃത്വത്തിനു ആവശ്യമായ ആത്മീയ ഗുണങ്ങൾ

സഭാനേതൃത്വത്തിന്റെ യോഗ്യതകൾ തിരുവചനത്തിൽ വ്യക്തമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

1 തിമൊ. 3-ാം അധ്യായത്തിലും തീത്തോ. 1-ാം അധ്യായത്തിലും ആത്മീയനേതൃത്വത്തിൻ്റെ ഗുണഗണങ്ങൾ വിശദമായി തന്നെ വിവരിക്കുന്നുണ്ട്.

അവയിൽ പ്രധാനപ്പെട്ട ചിലത് നല്ല സാക്ഷ്യം, കുടുംബജീവിതത്തിലെവിശ്വാസ്യത, ആത്മനിയന്ത്രണം,ജ്ഞാനവും വിവേകവും, ഉപദേശിക്കാനുള്ള പ്രാപ്തി,ആത്മീയ സ്ഥിരത എന്നിവയാണ്.

ഈ ഗുണങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നവയല്ല. ദൈവത്തോടൊപ്പം നടന്ന വിശ്വാസയാത്രയിലൂടെ മാത്രമാണ് ഈ പക്വത ഒരുവനിൽ വളരുന്നത്.

അനുഭവജ്ഞാനമുള്ളവരെയാണ് ആധുനിക സഭക്ക് ആവശ്യം

തീഷ്ണമായ ജീവിതാനുഭവങ്ങൾ ആത്മീയനേതൃത്വത്തിന് വലിയ സമ്പത്താണ്. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിലൂടെ കടന്നുപോയവർക്ക് സഭയെ നയിക്കാൻ വേണ്ട വിവേകവും, സത്വബോധവും, പാകതയുമുണ്ടാകും.

സദൃ. 24:3-ൽ പറയുന്നു: “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.”

അനുഭവപരിജ്ഞാനവും ആത്മീയപക്വതയുമുള്ള നേതൃത്വം ദൈവസഭയ്ക്ക് ദിശബോധവും സ്ഥിരതയും നൽകുന്നു. അതിനാൽ സഭയുടെ നേതൃത്വത്തിൽ ആത്മീയപക്വതയുള്ളവരുടെയും, അനുഭവപരിചയമുള്ളവരുടെയും പങ്കാളിത്തം അനിവാര്യമാണ്.

തലമുറകളുടെ സഹകരണത്തിന്റെ പ്രാധാന്യം

യുവജനങ്ങളെ നേതൃത്വത്തിൽ നിന്നും പാടെ ഒഴിവാക്കുന്നതല്ല, പ്രത്യുത പല തലമുറകൾ തമ്മിലുള്ള ആത്മീയ സഹകരണമായിരിക്കേണം ദൈവസഭയുടെ ആന്തരികശക്തി.

തീത്തോ. 2:2–6-ൽ തലമുതിർന്ന നേതാക്കന്മാർ ചെറുപ്പക്കാരെ ഉപദേശിക്കുകയും അവർക്കാവശ്യമുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ സഭയിൽ ഈ രണ്ടു ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

 അനുഭവമുള്ളവർ മാർഗ്ഗദർശകരാകുകയും അടുത്ത തലമുറ ഭാവിനേതാക്കളായി വളരുകയും ചെയ്യുമ്പോൾ സഭ ശക്തമാകും.

ഇന്നത്തെ സഭയ്ക്കുള്ള സന്ദേശം

ഇന്നത്തെ സമൂഹത്തിൽ പലപ്പോഴും നേതൃത്വപ്രതിസന്ധി കാണപ്പെടുന്നു. ആത്മീയ പക്വതയെക്കാൾ പണത്തിനും സ്വാധീനത്തിനും മുൻഗണന നൽകുന്ന പ്രവണത ശക്തമാകുന്നു.

എന്നാൽ സഭയുടെ നേതൃത്വം ഒരു സംഘടനാപദവി അല്ല; അത് ദൈവത്തിന്റെ വിളിയാണ്.

അതിനാൽ സഭ ആത്മീയമായി പക്വതയുള്ളവരെ മാത്രം നേതൃത്വത്തിലേക്ക് പ്രോത്സാഹിപ്പിക്കണം. 

പരിജ്ഞാനവും അനുഭവസമ്പത്തും ഉള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കണം.

സഭയുടെ ഭാവി ശരിയായ നേതൃത്വത്തിൽ ആശ്രയിച്ചിരിക്കുന്നു. പരിജ്ഞാനവും അനുഭവവും ആത്മീയ പക്വതയും ഉള്ളവർ നേതൃത്വം ഏറ്റെടുക്കുമ്പോൾ സഭയ്ക്ക് സ്ഥിരതയും ദിശാബോധവും ലഭിക്കുന്നു.

അനുഭവജ്ഞാനവും പരിശുദ്ധാത്മാവിൻ്റെ നിയോഗവുമൊന്നിക്കുന്നിടത്തു സഭ ശക്തവും ആരോഗ്യകരവുമായ സമൂഹമായും വളരുമെന്നതിൽ രണ്ടു പക്ഷമില്ല.

അതിനാൽ തിരുവചനം നമ്മെ പഠിപ്പിക്കുന്ന സത്യം പകൽപോലെ വ്യക്തമാണ്; അനുഭവവും ആത്മീയ പക്വതയുമുള്ളവരായിരിക്കേണം ഇനിയെങ്കിലും സഭയെ നയിക്കേണ്ടത്.