ദൈവഭയം ക്രിസ്തീയ ജീവിതത്തിൽ അനിവാര്യം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ദൈവഭയം ഉള്ളിലില്ലെങ്കിൽ ആ സ്ഥാനം മനുഷ്യഭയം കയ്യേറും. ദൈവഭയം വസിക്കാത്ത മനസിൽ ലോകഭയം വസിക്കും. ദൈവത്തെയും മനുഷ്യനെയും ഭയപ്പെടാത്തവർ തങ്ങളുടെ നിഴലിനെ ഭയപ്പെടും. റഷ്യ ഭരിച്ചിരുന്ന സ്റ്റാലിന് ദൈവഭയം അശേഷമില്ലായിരുന്നെങ്കിലും തന്റെ സഹപ്രവർത്തകരെ അദ്ദേഹം ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് തന്റെ കൂടെ പ്രവർത്തിച്ച പല സഖാക്കളെയും അദ്ദേഹം കൊല്ലുവാനിടയായത്. അവരെ അദ്ദേഹം നേരിട്ടു കൊന്നതല്ല, എന്നാൽ അതിനു പിന്നിൽ സ്റ്റാലിന്റെ കരങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവരെ ഭയപ്പെട്ടിരുന്ന സ്റ്റാലിൻ തന്നെയും ഭയപ്പെട്ടിരുന്നു. താൻ എപ്പോഴാണ് കൊല്ലപ്പെടുന്നത്, ആരെങ്കിലും തനിക്കു വിഷം നൽകുമോ എന്നീ ചിന്തകൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
താൻ മറ്റുള്ളവരെ വധിച്ച മാർഗംതന്നെ തന്റെ വധത്തിനും കാരണമായിത്തീരാം എന്നുള്ള ഭയമാണ് സ്റ്റാലിന് ഉണ്ടായിരുന്നത്. ഇക്കാരണത്താൽ ബാങ്കിലെ നിലവറപോലെ ഭദ്രമായ എട്ട് ഉറക്കറകൾ സ്റ്റാലിനുണ്ടായിരുന്നു. ഇതിൽ ഏത് അറയിലാണ് സ്റ്റാലിൻ ഉറങ്ങുന്നതെന്ന് ആർക്കും അറിയാൻ കഴിഞ്ഞിരുന്നില്ല. തനിക്ക് ആരെങ്കിലും വിഷം തരുമോ എന്ന ഭയംനിമിത്തം ഭക്ഷണത്തിനായി കൊണ്ടുവരുന്ന ആഹാരത്തിൽനിന്ന് ഒരു അംശം ഭക്ഷണം കൊണ്ടുവന്ന വ്യക്തി സ്റ്റാലിന് മുമ്പിൽ നിന്നു കഴിച്ചു കാണിക്കണമായിരുന്നു.
ദൈവഭയം മറ്റെല്ലാ ഭയങ്ങളെയും അതിജീവിക്കുന്ന ഭയമാണ്. ദൈവഭയമുള്ളിടത്ത് മറ്റു ഭയങ്ങൾക്കൊന്നും പ്രവേശനമില്ല. ദൈവഭയം മറ്റെല്ലാ ഭയങ്ങളെയും ദൂരീകരിക്കുന്നു. ദൈവഭയത്തിന്റെ സ്ഥാനം ഒഴിഞ്ഞുകിടന്നാൽ മറ്റ് അനേക ഭയങ്ങളും ആ സ്ഥാനത്ത് പ്രവേശിക്കുമെന്നത് നിസ്തർക്കമാണ്. നാം ചെയ്തിട്ടുള്ള ദുഷ്കൃത്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നതായി തീരാതിരിക്കണമെങ്കിൽ അതിൽ നിന്നുള്ള വിടുതൽ നമുക്ക് ആവശ്യമാണ്. ദൈവഭയത്തിനു മാത്രമേ അതിൽ നിന്നു നമ്മെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. അപ്പോൾ മാത്രമേ മറ്റുള്ള ഭയങ്ങൾ നമ്മിൽനിന്ന് അകന്നു മാറുകയുള്ളൂ. ഇല്ലെങ്കിൽ ഭയത്തിനുമീതെ ഭയം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. വെറും നിസാരമായ കാര്യങ്ങളെയും നാം ഭയപ്പെടുന്നവരായിത്തീരും.
ദൈവത്തെ ഭയപ്പെടേണ്ടതിന്റെ ആവശ്യകത വിശുദ്ധ ബൈബിളിൽ ഉടനീളം പ്രസ്താവിക്കുന്നുണ്ട്. ദൈവത്തെ ഭയപ്പെടുന്നത് തികച്ചും ഭാഗ്യകരമായ അനുഗ്രഹാവസ്ഥയാണ്. സ്നേഹവും ബഹുമാനവും ആരാധനയും ദൈവഭയത്തിൽ ഉൾപ്പെടുന്നു ദൈവത്തെ ഭയപ്പെടുമ്പോൾ നമ്മുടെ കുടുംബജീവിതത്തിലും നാം അനുഗ്രഹിക്കപ്പെട്ടവരായി മാറുന്നു.
ചിന്തക്ക് : 'ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽ പോലെയും സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു. അവ ഒരു ഇടയനാൽ തന്നെ നൽകപ്പെട്ടിരിക്കുന്നു. എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക. പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല. അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണം തന്നെ. എല്ലാറ്റിന്റെയും സാരം കേൾക്കുക. ദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപനകളെ പ്രമാണിച്ചുകൊൾക. അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ' (സഭാപ്രസംഗി 12 : 11...14).


