കാഠിന്യം ഭവിച്ച യിസ്രായേൽ 

കാഠിന്യം ഭവിച്ച യിസ്രായേൽ 

സമകാലികം

പാസ്റ്റർ സണ്ണി പി സാമുവൽ 

'ജാതികളുടെ പൂര്‍ണ്ണസംഖ്യ ചേരുവോളം യിസ്രായേലിനു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു' (റോമര്‍:11:25b).

‘പൂര്‍ണ്ണസംഖ്യ’ എന്നതിനു ഉപയോഗിച്ചിരിക്കുന്ന Pleroma എന്ന യവനായ പദത്തിനു പൂര്‍ണ്ണസംഖ്യ അഥവാ ഒരു കപ്പലില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിന്റെ പരമാവധി അംഗസംഖ്യ എന്ന അര്‍ത്ഥം ഉള്ളപ്പോള്‍ തന്നെ സമ്പൂര്‍ണ്ണത (completeness) കാലസമ്പൂര്‍ണ്ണത, (fullness of time) നിവൃത്തീകരണം (fulfilling) എന്നിങ്ങനെയും അര്‍ത്ഥമുണ്ട്. പൂര്‍ണ്ണസംഖ്യ എന്ന വാക്കു വരുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉദിക്കുന്നുണ്ട്. ഒന്നാമതായി, ഒരു നിശ്ചിതസംഖ്യയ്ക്കായി മാത്രം റിസര്‍വ് ചെയ്തിരിക്കുന്നുവെന്ന ധ്വനി അതിലുണ്ട്. മാത്രമല്ല, ക്രിസ്തുവിനും ദൈവരാജ്യത്തിനും പിന്നെ സ്വര്‍ഗ്ഗത്തിനും ഒരു നിശ്ചിതസംഖ്യയില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുകയില്ല എന്നും പരിധികളും പരിമിതികളും ഉണ്ടു എന്നും ഉള്ള ധ്വനി അതില്‍ അടങ്ങിയിരിക്കുന്നു. ദൈവശാസ്ത്രപരമായി ഇതു അമ്പേ തെറ്റാണല്ലോ. ദൈവം അപരിമേയന്‍ ആണല്ലോ. ''സമ്പൂര്‍ണ്ണത'' എന്നതു ഗുണനിലവാരത്തെ കുറിക്കുമ്പോള്‍ ''പൂര്‍ണ്ണസംഖ്യ'' എന്നതു എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. എണ്ണത്തിനല്ല ഗുണനിലവാരത്തിനാണു ദൈവസന്നിധിയില്‍ പ്രാധാന്യം. ''യിസ്രായേൽമക്കളുടെ എണ്ണം കടല്‍ക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രെ രക്ഷിക്കപ്പെടൂ'' (റോമര്‍ 9:28). 'അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ടു’ (റോമര്‍:11:5). 'ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തികരിക്കുക;.... (വെളിപ്പാട്:3:2). ജീവനുള്ള ഒരു ശേഷിപ്പു എക്കാലത്തും ദൈവത്തിന്നുണ്ട്. ഈ ശേഷിപ്പു ബാലിനു മുട്ടുകുത്താത്തവര്‍ ആയിരിക്കും (റോമര്‍ 11:4). സഭയുടെ ഉല്‍പ്രാപണത്തെ ‘കൊയ്ത്തു’ എന്ന വാക്കു കൊണ്ടാണു വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ ധാന്യമണികള്‍ പാകമാകുകയും പുഷ്ടിപ്പെടുകയും ദൃഢീകരിക്കുകയും ചെയ്യുമ്പോഴാണു അതു നടക്കുന്നതു. ദൈവത്തിന്റെ ശേഷിപ്പിനോടാണു മഹാസര്‍പ്പം എക്കാലത്തും പോരാടുന്നതു (വെളിപ്പാട്:12:17). 

''കാഠിന്യം ബാധിച്ചിരിക്കുന്നു'' എന്നതിനു മൂലഭാഷയില്‍ കാണുന്ന pōrōsis എന്ന വാക്കിനു stupidity (മണ്ടത്തരം) blindness (അന്ധത) hardness (കാഠിന്യം) callousness (ഹൃദയശൂന്യമായ, കണ്ണില്‍ ചോരയില്ലായ്മ, നിര്‍ഭയം, കര്‍ക്കരശം, വിദ്രോഹവാസന, ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസന) എന്നിങ്ങനെയാണു അര്‍ത്ഥം. അങ്ങനെയാണെങ്കില്‍ ഈ വാക്യം ''ജാതികളുടെ സമ്പൂര്‍ണ്ണത തികെയുവോളം യിസ്രായേലിനു അംശമായി [——] ബാധിച്ചിരിക്കുന്നു'' എന്നു വിവര്‍ത്തനം ചെയ്യാം. [——] ന്റെ സ്ഥാനത്തു pōrōsis എന്ന വാക്കിന്റെ ഓരോ അര്‍ത്ഥവും ചേര്‍ത്തു പഠിക്കണം. ദൈവദൃഷ്ടിയില്‍ യെഹൂദന്‍ അതെല്ലാമാണു. അവന്റെ പ്രവര്‍ത്തിയും അതാണല്ലോ. എ.ഡി. 70-ല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു ചിതറപ്പെട്ടു, അവിടെ അവന്‍ അനുഭവിച്ച നിന്ദയും, തിരസ്‌കാരവും പീഡനങ്ങളും യെഹൂദനെ അങ്ങനെ ആക്കി തീര്‍ത്തു എന്നു പറയുന്നതില്‍ തെറ്റില്ല. 

യെഹൂദന്റെ പീഡനത്തിനു മുമ്പന്തിയില്‍ നിന്നതു റോമന്‍ കത്തോലിക്കാ മതമായിരുന്നു. 1096-ലെ Rhineland കൂട്ടക്കൊലയില്‍ ഏറ്റവും കുറഞ്ഞത് 2000 പേര്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടു. 1391-ല്‍ സ്‌പെയിനിലെ സെഫാര്‍ഡിക് യഹൂദന്മാരില്‍ 50,000-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 1492-ല്‍ സെഫാര്‍ഡീസിനെ സ്‌പെയിനില്‍ നിന്ന് പൂര്‍ണ്ണമായി നിഷ്‌കാസിതരാക്കിയതിനാല്‍

3,00,000 പേര്‍ വരെ പാലായിതരായി. ലിബറല്‍ തിയോളജിയുടെ ഉല്പാദകരും മൊത്തക്കച്ചവടക്കാരും ആയിരുന്ന ജര്‍മ്മന്‍ കത്തോലിക്കരുടെ പിന്തുണയോടെയാണു നാസികള്‍ ജര്‍മ്മനിയില്‍ കുപ്രസിദ്ധമായ ഹോളോകോസ്റ്റു നടത്തിയതു. രണ്ടു കുറ്റമാണു യെഹൂദന്റെമേല്‍ വത്തിക്കാന്‍ മതം ചുമത്തിയതു ഒന്നു, അവര്‍ ഈശോ മശിഹായെ കൊന്നവരാണ്. അതിനാലാണു അമേരിക്കയില്‍ വച്ചു ഒരു യെഹൂദനെ കണ്ടപ്പോള്‍ ‘എന്റെ കര്‍ത്താവിനെ കൊന്നവന്‍ ആണല്ലോ എന്നു ഓര്‍ത്തപ്പോള്‍ രക്തം തിളച്ചുവെന്നു’ സിനിമ നടന്‍ ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞതു. രണ്ടാമതായി, അവര്‍ കത്തോലിക്കാ മതത്തിലേക്കു പരിവര്‍ത്തിതര്‍ ആയില്ല. പകയും വിദ്വേഷവും ഹൃദയത്തില്‍ വളര്‍ന്നു പാകപ്പെട്ടു യെഹൂദൻ കാഠിന്യമായി മാറുകയായിരുന്നു. അതിന്റെ പരിണിതഫലമായിരുന്നു യിസ്രായേല്യ തീവ്രവാദ ഗ്രൂപ്പ്‌സ്. സയോണിസം അതില്‍ ഒന്നുമാത്രം. തീവ്രവാദം മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ആയിരുന്നാലും അത് കുറ്റം വിധിക്കപ്പെടേണ്ടതാണു. നല്ല തീവ്രവാദവും ചീത്ത തീവ്രവാദവും ഇല്ലല്ലോ.

യിസ്രായേലിന്റെ ഹൃദയകാഠിന്യത്തെ സൂചിപ്പിക്കുവാന്‍ പ്രവാചകന്മാർ കീടം (യെശയ്യാ:1:25) കിട്ടം (യെഹേ:22:18,19) എന്നീ വാക്കുകളാണു ഉപയോഗിച്ചിരിക്കുന്നതു. ഇംഗ്ലീഷില്‍ dross എന്നാണു. ഇതു ലോഹ ഓക്‌സൈഡ്‌സ്, മാലിന്യങ്ങള്‍, എന്നിവയുടെ മിശ്രിതമാണ്. ഇതിനെ സ്‌കം എന്നും പറയുന്നു. എന്നിരുന്നാലും അതില്‍ ലോഹം ഉണ്ടു. Dross-നെ ഒരു ഉപോല്പന്നമായോ മാലിന്യമായോ കണക്കാക്കുന്നു. ഇതിലനിന്നു യഥാര്‍ത്ഥ ലോഹം വീണ്ടെടുക്കുവാന്‍ പ്രോസസിംഗ് ആവശ്യമാണു. ആധുനിക യിസ്രായേല്‍ താമ്രം, വെളുത്തീയം, ഇരുമ്പു, കറുത്തീയം, എന്നിവ വെള്ളിയോടു ചേര്‍ന്ന കിട്ടമായി തീര്‍ന്നിരിക്കുന്നു. താമ്രം ലജ്ജ ഇല്ലായ്മയേയും ഹൃദയ കാഠിന്യത്തെയും, വെളുത്തീയം കപട ഭക്തിയെയും, കറുത്തീയം മൂല്യ ഹീനതയും, ഇരുമ്പു കടുപ്പം, ക്രൂരത, വന്യമായ പെരുമാറ്റം എന്നിവയെയും സൂചിപ്പിക്കുമ്പോള്‍ വെള്ളി വീണ്ടെടുപ്പിനെ കുറിക്കുന്നു. ഇതു യെഹൂദന്റെ ധാര്‍മിക-ആത്മിക മൂല്യച്ഛുതിയെ കാണിക്കുന്നു. ഒപ്പം വിവിധ ഗ്രൂപ്പിനെയും! ഹരേദി, ഹാസിഡിം ഗ്രൂപ്പ്‌സു, ലിറ്റ്വിഷ്, കബ്ബാലിസ്റ്റ്‌സ്, ഹെഖാലോത്, മയ്‌മോഡിയന്‍സ്, ഹസ്‌കല, മിറ്റ്നാഗ്ഡിം, മൂസാര്‍, ജൂയിഷ് കലാം, ജൂയിഷ് നീയോ-പ്ലേറ്റോണിസം, സികാരി അഥവാ കഠാരക്കാര്‍ എന്നിങ്ങനെ അന്യോന്യം താത്വികമായും സൈദ്ധാന്തികമായും വിഘടിച്ച ഗ്രൂപ്പ്‌സിന്റെ സങ്കലനമാണു യൂദായിസം. അതില്‍ ആത്മികവും വീണ്ടെടുപ്പും ഏതുമില്ല. അവന്‍ കിട്ടമായി മാറിയിരിക്കുന്നു. 

ലോഹത്തിന്റെ ശുദ്ധീകരണം ഉലയിലൂടെയാണു (furnace). സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളെ അവയിലെ അഴുക്കുകളില്‍ നിന്നോ (dress) ഈയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളില്‍ നിന്നോ വേര്‍തിരിച്ചെടുക്കുന്നതിനു പുരാതനകാലത്തു ഉപയോഗിച്ചിരുന്ന ഒരു ശുദ്ധീകരണ പ്രക്രിയ ഉണ്ടായിരുന്നു.

ക്യൂപ്പെലേഷന്‍ (cupellation) എന്നാണു ഈ സാങ്കേതികവിദ്യയുടെ പേര്. മലയാളത്തില്‍ സ്ഫുടം ചെയ്യല്‍ എന്നു പറയുന്നു. ക്യുപെല്‍ (cupel) എന്നതു ഒരു ചെറിയ പാത്രമാണു. എല്ലുപൊടി അല്ലെങ്കില്‍ മഗ്‌നീഷ്യം ഓക്‌സൈഡ്, കളിമണ്ണ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ പാത്രത്തിനു ധാരാളം വളരെ ചെറിയ സുഷിരങ്ങള്‍ ഉണ്ടായിരിക്കും. സങ്കര ലോഹം ഇതില്‍ ഇട്ടു ചൂടാക്കുമ്പോള്‍ സ്വര്‍ണ്ണം വെള്ളി എന്നിവ ഒഴികെയുള്ള ലോഹങ്ങള്‍ ഓക്‌സൈഡ്‌സ് ആയി മാറി ഉരുകി പാത്രത്തിന്റെ സുഷിരങ്ങളിലൂടെ പാത്രത്തിന്റെ ഭിത്തി അത് ആഗീരണം ചെയ്യുന്നു. ഇതിനായി സ്ഫുടം ചെയ്യുന്നവന്‍ നിരന്തരം ക്യൂപലിലേക്കു ഊതിക്കൊണ്ടിരിക്കണം. കാറ്റിലുടെ വരുന്ന ഓക്‌സിജനാണു ശുദ്ധീകരണത്തെ ത്വരിതപ്പെടുത്തുന്നതു. സ്വര്‍ണ്ണം, വെള്ളി എന്നിവ ഉരുകുമ്പോള്‍ ഓക്‌സിഡേഷന്‍ ഭവിക്കാത്തതിനാല്‍ അവ ഒടുവില്‍ തിളങ്ങുന്ന മുത്തുപോലെ പാത്രത്തിന്റെ നടുവില്‍ അവശേഷിക്കുന്നു. ഈ പ്രക്രിയയ്ക്കായി കൂടിയ അളവില്‍ കറുത്തീയം (lead) ഉപയോഗിക്കുന്നു. യാഗമായിത്തീരുന്ന കറുത്തീയം (sacrificial lead) എന്നാണു ഈ ത്വരഗത്തിന് പേര്‍ വിളിക്കുന്നതു! ഇങ്ങനെ വീണ്ടെടുപ്പിനായി യാഗവസ്തുവും പ്രാണവായുവും അഥവാ ജീവനും ഒത്തുചേരുന്നു! എത്ര മനോഹരമായിട്ടാണു ഈ രൂപകാലങ്കാരം (metaphor) യെഹെസ്‌കേല്‍ യിസ്രായേലിനായി ഉപയോഗിച്ചിരിക്കുന്നത്. യെഹൂദനെ മുഴുവന്‍ യെരൂശലേമില്‍ കൂട്ടിച്ചേര്‍ത്ത് ദൈവക്രോധം ആകുന്ന മൂശയിലിട്ടു ഉരുക്കി വെള്ളി വേര്‍തിരിച്ചെടുക്കുന്നു. ഇതിലൂടെ അന്യഥാ ഉപദേശങ്ങളും തത്വചിന്തകളും സൈദ്ധാന്തിക വാദങ്ങളും ഗ്രൂപ്പിസവും ഉരുകിയൊലിച്ചു യെഹൂദന്‍ അവന്റെ തനിമയിലേക്കു -അബ്രഹാമിന്റെ സന്തതി- മടങ്ങിവരും. അതിനായി അവര്‍ക്കുവേണ്ടി യാഗമായി തീര്‍ന്നു പ്രാണന്‍ നല്‍കിയ ഒരു സഹോദരന്‍ ഉണ്ടല്ലോ. ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങള്‍ യെഹൂദന്റെ മൂശയാണ്.