ഛത്തിസ്ഗഡ് സംഭവം ആശങ്കയുണർത്തുന്നു: യുപിഎഫ് ഗ്ലോബൽ അലൈയൻസ്

ഛത്തിസ്ഗഡ് സംഭവം ആശങ്കയുണർത്തുന്നു: യുപിഎഫ് ഗ്ലോബൽ അലൈയൻസ്

കോട്ടയം: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് യുപിഎഫ് ഗ്ലോബൽ അലയൻസ്.

വ്യാജ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംഘപരിവാറിൻ്റെ പിന്തുണയോടെയാണെന്നും ഇതിനെതിരെ പ്രതിഷേധവും നീതിക്കു വേണ്ടിയുള്ള പ്രാർത്ഥനയും സംഘടന ആഹ്വാനം ചെയ്തു. ന്യൂനപക്ഷങ്ങൾ കേരളത്തിൽ ഒഴികെ എല്ലായിടത്തും  അരക്ഷിതാവസ്ഥയിലാണെന്നും  വിലയിരുത്തി.

പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടല്ല ക്രൈസ്തവർ ഇവ സഹിക്കുന്നത്. ആക്രമണകാരികളായ ആളുകളെ എതിർത്ത് തോല്പിക്കുന്നതിനു പകരം സ്നേഹംകൊണ്ടു കീഴടക്കുന്നതാണു ക്രിസ്തീയമാർഗമെന്നു കരുതുന്നതുകൊണ്ടാണിതെന്നും ശത്രുക്കളെ സ്നേഹിക്കുവാനാണ് യേശുനാഥൻ പഠിപ്പിച്ചിട്ടുളളതെന്നും  ഓർമ്മിപ്പിച്ചു.

ഇന്ത്യയിലെ മനസാക്ഷിയുള്ള സമൂഹം ജാതി മത ഭേദമെന്യേ ഈ അനീതിക്കെതിരെ ശബ്ദമുയർത്തുവാൻ സന്നദ്ധരാകണം. ഭാരതത്തിലെ കുഗ്രാമങ്ങളിൽ ക്രിസ്തുവിന്റെ ത്യാഗ മനോഭാവത്തോടെ എളിയവർക്കായി സേവനം ചെയ്യുന്ന കന്യാ സ്ത്രീകളെയും പാസ്റ്റർമാരെയും, മിഷനറി സമൂഹത്തെയും മതാന്ധത ബാധിച്ച വർഗ്ഗീയ ശക്തികളിൽ നിന്നും സംരക്ഷിക്കുവാനുള്ള ആർജ്ജവം ഭരണ കർത്താക്കളായ ജനകീയ സർക്കാരിൽ നിന്നും ഉണ്ടാകണമെന്നും, മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ പ്രതിസന്ധിയിൽ നിന്നും സിസ്റ്റർമാരായ പ്രീതി മേരിയെയും വന്ദന ഫ്രാൻ‌സിസിനെയും മോചിപ്പിക്കേണമെന്നും യുപിഎഫ് ഗ്ലോബൽ അലയൻസ് പ്രവർത്തക സമിതിക്കുവേണ്ടി ചെയർമാൻ പാസ്റ്റർ സാം പി ജോസഫ് ജനറൽ സെക്രട്ടറി ബെന്നി കൊച്ചുവടക്കേൽ എന്നിവർ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുപിഫുകളുടെ പൊതുവായ പ്ലാറ്റ്ഫോം  ആണ് യുപിഎഫ് ഗ്ലോബൽ അലയൻസ്.

Advertisement