അവധികാലം യേശുവിനൊപ്പം

അവധികാലം യേശുവിനൊപ്പം
ഐപിസി ഹെബ്രോൻ തേഞ്ഞിപ്പലം വി.ബി.എസ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത് റ്റി. ഉദ്ഘാടനം ചെയ്യുന്നു

ആൽപ്പാറ ഐപിസി വിബിഎസ്

കെ.സി. ചാക്കോ കുമരകം 

കൂട്ടംകൂടി കളികളില്‍ ഏര്‍പ്പെട്ടും, പുഴയില്‍ നീന്തി തുടിച്ചും, തേന്‍മാവിന്‍ ചുവട്ടില്‍ വീഴുന്ന മാമ്പഴത്തിന്‍റെ സ്വാദ് ആസ്വദിച്ചും ആടി തിമിര്‍ത്ത ഒരു ബാല്യകാലം പഴയ തലമുറയ്ക്കുണ്ടായിരുന്നു.  പാട്ടു പാടിയും നാടന്‍കളികള്‍ കളിച്ചും വഴക്കുകൂടിയും ഒക്കെയുള്ള ആഹ്ലാദദിനങ്ങള്‍. അതിനിടയില്‍ വിബിഎസ് എന്ന  ആത്മീയോത്സവവും. എന്നാല്‍ ഇന്ന് കാലം മാറി. ട്യൂഷ്യനും സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസുകളും അവധിക്കാലം കൈയ്യേറിയിരിക്കുന്നു. ഒരു കുട്ടിയുടെ സമഗ്ര വളര്‍ച്ച പൂര്‍ത്തിയാകുന്നതു ബുദ്ധിപരമായ വളര്‍ച്ചകൊണ്ടു മാത്രമല്ല. കുട്ടികളുടെ വൈകാരിക വളര്‍ച്ചയും ആത്മീയവളര്‍ച്ചയും ശാരീരിക വളര്‍ച്ചയും ഒരുപോലെ ഉയരുമ്പോഴാണ് സാധ്യമാകുന്നത്.

കുട്ടികളുടെ ലോകത്തേക്ക് സുവിശേഷസന്ദേശം ലളിതമായും, രസകരമായും എത്തിക്കുക എന്ന സദുദ്ദേശത്തോടെയാണ് നാട്ടിലെങ്ങും ഏപ്രില്‍ മെയ് മാസങ്ങളില്‍ അവധിക്കാല വേദപാഠശാലകള്‍ സജീവമാകുന്നത്. ഇതിന്‍റെ മുന്നൊരുക്കങ്ങളായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തന്നെ കുട്ടികളുടെയിടയിലെ ശുശ്രൂഷയിലായിരിക്കുന്ന സംഘടനകളെല്ലാം ട്രെയിനിംഗുകളുമായി റെഡിയായിക്കഴിഞ്ഞു. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ഏറെ വിഭവങ്ങളുമായാണ് ഓരോ ടീമും കുട്ടികളുടെ മുന്നിലെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തില്‍ നിന്നും നേടിയതു കൂടാതെ ആത്മീയവളര്‍ച്ചയും ഒരു കുട്ടിക്ക് അനിവാര്യമാവണമെന്ന ആഗ്രഹത്തോടെയാണ് വിബിഎസ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ലോക ജനസംഖ്യയില്‍ 1/3 ശതമാനം വരുന്ന 15 വയസില്‍ താഴെയുള്ള കുട്ടികള്‍ സുവിശേഷീകരിക്കപ്പെടേണ്ട ഏറ്റവും വലിയ ജനവിഭാഗമാണ്. നമ്മുടെ ചുറ്റുപാടുമുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് അവധിക്കാലം ഉല്ലാസമാക്കി മാറ്റുവാനും അതിലൂടെ അവരിലേക്ക് യേശുവിനെ എത്തിക്കുവാനുമുള്ള ഈ ഫലകരമായ ശുശ്രൂഷയില്‍ ഓരോ പ്രാദേശികസഭയും പ്രോത്സാഹനത്തോടെ അണിചേരേണ്ടിയിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസ രീതി അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ ഈ രംഗത്തും വരുത്തേണ്ടതായിട്ടുണ്ട്. അഞ്ചു ദിവസങ്ങളിലെ ക്ലാസുകൊണ്ട് വിബിഎസ് അവസാനിപ്പിക്കാതെ, സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് അവധിക്കാലം മുഴുവന്‍ കുഞ്ഞുങ്ങള്‍ക്ക് ബൈബിള്‍ പഠനം ലഭിക്കത്തക്ക വിധത്തില്‍ ഓരോ ചില്‍ഡ്രന്‍സ് മിനിസ്ട്രിയും പ്രവര്‍ത്തിച്ചാല്‍ നന്നായിരിക്കും.

കുഞ്ഞുങ്ങളുടെ ആത്മീയ, ശാരീരിക, മാനസീക ആവശ്യങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാര്‍ചെയ്ത സിലബസാണ് ഓരോ സംഘടനയും ഒരുക്കിയിരിക്കുന്നത്. എല്ലാ സംഘടനകളും കേരളത്തിലുടനീളം ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പുകള്‍ പൂർത്തീകരിച്ചു വിബിഎസ് ആരംഭിച്ചു. ഐപിസി സണ്‍ഡേസ്കൂള്‍സ് അസോസിയേഷന്‍ ഒരുക്കുന്ന പവര്‍ വിബിഎസ്, ദീര്‍ഘവര്‍ഷങ്ങളായി കുഞ്ഞുങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്ന എക്സല്‍,  തിമോത്തി, ബാംഗ്ലൂര്‍ വിബിഎസ്, ട്രാസ്ഫോര്‍മേഴ്സ് തുടങ്ങിയ ടീമുകളും വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ടീച്ചേഴ്സ് പരിശീലന ക്യാമ്പുകള്‍ അവസാന ഘട്ടത്തിലാണ്. നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവമായിരിക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. 'മൈ കോമ്പസ്', 'റോയൽ മിഷൻ', 'know Him', 'ജീവിത ലക്ഷ്യത്തിലേക്കുള്ള ദിശ'  തുടങ്ങിയ കുഞ്ഞുങ്ങൾക്ക് നേർദിശ പകർന്നു നൽകുന്ന ആകർഷണീയമായ തീം ആണ് ഓരോ ടീമും തിരഞ്ഞെടുത്തിരിക്കുന്നത്. 

അനേക കുഞ്ഞുങ്ങൾക്ക് സന്തോഷവും ഉല്ലാസവും നല്ല ഓർമകളും പകർന്നു നൽകിയ മുൻ വർഷങ്ങളിലെ ഉല്ലാസദിനങ്ങള്‍ വീണ്ടും വരുമ്പോള്‍ പ്രതീക്ഷയോടെയാണ് മാതാപിതാക്കളും സഭാ സ്നേഹികളും വി.ബി.എസ്സിനെ വരവേൽക്കുന്നത്