സ്വർഗതീരമണയാൻ നാളുകളേറെയില്ല

സ്വർഗതീരമണയാൻ  നാളുകളേറെയില്ല

റവ. ജോർജ് മാത്യു പുതുപ്പള്ളി

ഫ്രിക്കയിൽ സുവിശേഷവേല ചെയ്തതിനുശേഷം വാർദ്ധക്യത്തിൽ ഇംഗ്ലണ്ടിലേക്കു മടങ്ങുന്ന ഒരു സുവിശേഷകൻ കയറിയ കപ്പലിൽ ആഫ്രിക്കൻ വനങ്ങളിൽനിന്നു ശേഖരിച്ച വന്യമൃഗങ്ങളുടെ കൊമ്പുകളും കാഴ്ചവസ്തുക്കളുമായി ഒരു ആഫ്രിക്കക്കാരനും യാത്ര ചെയ്തിരുന്നു. ആഫ്രിക്കക്കാരന്റെ കൈവശമുള്ള കാഴ്ചവസ്തുക്കൾ കാണുവാൻ ധാരാളം ആളുകൾ അദ്ദേഹത്തിനു ചുറ്റും കൂടി. കപ്പൽ ഇംഗ്ലണ്ടിന്റെ തീരത്ത് അടുത്തപ്പോൾ ആഫ്രിക്കക്കാരനെ സ്വീകരിക്കുവാൻ ഇംഗ്ലണ്ടിലെ രാജ്ഞിയും പരിവാരങ്ങളും തുറമുഖത്ത് കാത്തുനിന്നിരുന്നു. അങ്ങനെ ആഫ്രിക്കയിലുള്ള ആ വലിയ മനുഷ്യന് വലിയ വരവേൽപ്പാണ് ഇംഗ്ലണ്ടിൽ ലഭിച്ചത്.

എന്നാൽ വാർദ്ധക്യത്തിലെത്തിയ സുവിശേഷകനെ സ്വീകരിക്കുവാൻ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേർക്കും രണ്ടു തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്. ലോകത്തിന്റെ ധനവുമായി വന്ന വ്യക്തിക്ക് ലോകപ്രകാരമുള്ള സ്വീകരണം ലഭിച്ചു. ആത്മീയസമ്പത്തിന്റെ ഉടമയെ സ്വീകരിക്കുന്നത് ലോകപ്രകാരമുള്ള ആഡംബരത്തോടെയല്ല, പിന്നെയോ ആത്മാവിന്റെ നാഥനായ ദൈവത്തിന്റെ ധനത്തിനൊത്തവണ്ണമായിരിക്കും. ലോകത്തിൽ രാജാവ് ഒരു കൂട്ടരെ സ്വീകരിക്കുമ്പോൾ സ്വർഗീയതീരത്ത് അണയുന്നവരെ രാജാധിരാജാവായ യേശുക്രിസ്തുവായിരിക്കും സ്വീകരിക്കുന്നതെന്ന് അറിയുക.

സ്വർഗീയതീരത്ത് അണയുന്നവരെ സ്വീകരിക്കുവാൻ ദൈവവും ദൈവപുത്രനും നിൽക്കുന്ന കാഴ്ചയാണ് സ്‌തെഫാനോസ് കണ്ടത്. ഈ കാഴ്ചയെപ്പറ്റി കേൾക്കുവാൻപോലും യഹൂദജനത സന്നദ്ധത കാണിച്ചില്ല. അവർ അതു കേൾക്കാതെ ചെവിപൊത്തി. അത് കേൾക്കാൻ കൂട്ടാക്കാതിരുന്ന അവർ കോപപരവശരായിത്തീരുകയും സ്‌തെഫാനോസിനു നേരെ പാഞ്ഞുചെന്ന് അവനെ നഗരത്തിനു വെളിയിലേക്കു തള്ളി പുറത്താക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്തു. സ്‌തെഫാനോസിന്റെ വരവിന്റെ കാര്യം അവനെ കൊല്ലുന്നതിനു മുമ്പുതന്നെ ദൈവം അറിഞ്ഞതു കൊണ്ടാണ് സ്‌തെഫാനോസിനെ സ്വീകരിക്കുവാൻ തയാറായത്. ഈ സ്വീകരണം സ്‌തെഫാനോസിനെ മാടി വിളിക്കുകയായിരുന്നു. യേശുക്രിസ്തു തന്റെ പിതാവിനോടൊപ്പമാണ് തന്നിൽ വിശ്വസിക്കുന്നവരെ സ്വീകരിക്കുവാൻ തയാറായത്.

ദൈവമക്കളുടെ ഈ ലോകയാത്രയുടെ അന്ത്യം നേരത്തെ തന്നെ ദൈവം മനസിലാക്കുന്നു. നാം അറിയുന്നതിനു മുമ്പായിത്തന്നെ സ്വർഗീയതീരത്തണയുന്ന നമ്മെപ്പറ്റി ദൈവം അറിയുന്നുണ്ട്. ആ കാഴ്ചയാണ് സ്‌തെഫാനോസിനു ദൈവം നൽകിയത്.

ചിന്തക്ക് : 'ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു. ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു എന്ന് പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരേ പാഞ്ഞുചെന്നു അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽവച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ എന്ന് സ്‌തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി : കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്ര പ്രാപിച്ചു' (അപ്പൊ. പ്രവൃത്തികൾ 7 : 54...60).

Advertisement