അയിത്തം

അയിത്തം

കവർ സ്റ്റോറി

ഇനിയും വഴിമാറാതെ അയിത്തവും  ജാതിവിവേചനവും

പി.എസ്. ചെറിയാൻ

കോട്ടയം: അയിത്തവും ജാതിവിവേചനവും നവോത്ഥാന കേരളത്തിൽ നിന്ന് വഴിമാറിപോയിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദേവസ്വം മന്ത്രിക്ക് നേരിടേണ്ടി വന്നത്. പയ്യന്നൂരിലെ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിന്റെ ചുറ്റു നടപ്പന്തൽ സമർപ്പണത്തിന് എത്തിയ ജനുവരി 26നാണ് വിവാദസംഭവം നടക്കുന്നത്.

ചുറ്റുനടപ്പന്തലിന്‍റെ സമർപ്പണത്തിന് എത്തിയ മന്ത്രിക്ക് തിരിതെളിക്കാനുള്ള വിളക്ക് മേൽശാന്തി കൈമാറാതെ നിലത്തുവയ്ക്കുകയായിരുന്നു. ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ അതെടുത്ത് മന്ത്രിക്ക് നൽകിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. മേൽശാന്തി വിളക്ക് നിലത്തുവച്ചത് ജാതിവിവേചനം ആണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിക്കുകയും ചെയ്തിരുന്നു. അന്ന് അത് വലിയ ചർച്ചയായില്ല. ഏഴുമാസത്തിനുശേഷം കോട്ടയത്ത് വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം ആവർത്തിച്ചത്. ഇതോടെ ഇപ്പോഴും നിലനിൽക്കുന്ന അയിത്തം ചർച്ചയും വിവാദവുമായി മാറി. നൂറ്റാണ്ടുകൾകൊണ്ട് കേരളസമൂഹം നേടിയെടുത്ത പ്രബുദ്ധതയുടെ തിരിനാളമാണ് ഇവിടെ ഊതിക്കെടുത്തിയത്. ഒരു മന്ത്രിപോലും 

ജാതിവിവേചനത്തിന് ഇരയായെങ്കിൽ ഇപ്പോഴും ഇവിടെ ജാതിവിവേചനം എത്ര ശക്തമായി നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാം.

കേരളത്തിൽ നിലനിന്ന ദുഷിച്ച ജാതിവ്യവസ്ഥയ്ക്ക് മാറ്റമുണ്ടായത് നൂറ്റാണ്ടുകളായി തുടർന്ന ജനകീയ സമരങ്ങളിലൂടെയാണ്. ജാതിസമ്പ്രദായം, അയിത്തം, അടിമവ്യവസ്ഥ എന്നിവയ്ക്കെതിരെ പോരാടുവാൻ ഊർജ്ജം പകർന്നത് ക്രൈസ്തവ മിഷനറിമാരാണ്. മാനവ സാഹോദര്യത്തിന്റെ പ്രവാചകന്മാരായിരുന്നു ക്രൈസ്തവ മിഷനറിമാർ. സിഎംഎസ്, എൽഎംഎസ് മിഷനറിമാർ അയിത്തത്തിനും അടിമവ്യാപാരത്തിനും എതിരെ പോരാടിയവരാണ്.ഇന്ത്യയിലെ വിദ്യാഭ്യാസം, അച്ചടി, സാമൂഹിക വികസനം, നവോത്ഥാനം എന്നിവയ്ക്ക് കനത്ത സംഭാവനയാണ് ക്രൈസ്തവ മിഷനറിമാർ നല്കിയത്.

സുവിശേഷത്തിന്റെ വെളിച്ചം വന്നതോടെ അടിമത്തം അനുഭവിച്ച സമൂഹങ്ങൾ ഉണർന്നു. ശ്രീനാരായണഗുരുവിന്റെ ധീരമായ നീക്കങ്ങൾ ക്ഷേത്ര ആരാധന നിഷേധിക്കപ്പെട്ട ഈഴവ സമൂഹത്തെ ജാതി വിവേചനത്തിൽ നിന്നും മോചിപ്പിച്ചു. തുടർന്ന് കീഴാള സമൂഹങ്ങളിലും മേലാള സമൂഹങ്ങളിലും നവോത്ഥാനം ഉണ്ടായി. വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, അയ്യൻകാളി, സഹോദരൻ അയ്യപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, മന്നത്തുപദ്മനാഭൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മതാചാരങ്ങളും സാമൂഹികാചാരങ്ങളും നവീകരിക്കപ്പെട്ടു.നിരവധി അനാചാരങ്ങൾ തുടച്ചു നീക്കുവാൻ നവീകരണാശയങ്ങൾക്കു കഴിഞ്ഞു.

ചാവറയച്ചൻ 1846 ൽ കേരളത്തിലെ ആദ്യത്തെ സംസ്കൃത സ്കൂൾ ആരംഭിച്ചു. 1864 ൽ അദ്ദേഹം ആദ്യത്തെ മലയാളം സ്കൂൾ തുടങ്ങി. ഈ പള്ളിക്കൂടങ്ങളിൽ ജാതിവിവേചനം നേരിട്ടവർ ഉൾപ്പെടെ ജാതിമതഭേദമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചു. അത് വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കി.

കീഴ്ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക സമയത്തും നവോത്ഥാന കേരളത്തിൽ ജാതിവിവേചനം നിലനിൽക്കുന്നു എന്നത് ലജ്ജാകരമാണ്.

മിഷനറിമാർ പകർന്ന സമത്വത്തിന്റെ ആശയത്തിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരോടിയത്. തൊഴിലിടങ്ങളിലും തെരുവുകളിലും അടിസ്ഥാനവർഗങ്ങൾ സമരവീര്യത്തോടെ എഴുന്നേറ്റു. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യം, 

ആരാധനാസ്വാതന്ത്ര്യം, സ്വത്തവകാശം, സമത്വത്തിന്റെ അഭിമാനബോധം എന്നിവ നേടിയെടുക്കുവാൻ ഈ സമരങ്ങൾക്കു കഴിഞ്ഞു. മിഷനറിമാരുടെയും നവോത്ഥാന നായകന്മാരുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കനത്ത സംഭാവനകൾ അതിന്റെ പിന്നിലുണ്ട്. ആധുനിക കേരള സമൂഹം ക്രൈസ്തവ മിഷനറിമാരുടെ സംഭാവനയാണെന്ന് നമുക്കു നിസ്സംശയം പറയാം.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും ജാതിവിവേചനം ശക്തമാണ്. ക്രിസ്ത്യാനിയാകുന്നതിന്റെ പേരിൽ ഉത്തർപ്രദേശിലും ഛത്തീസ്ഗഡിലും മറ്റും ഗ്രാമീണർ ഭ്രഷ്ട് കൽപ്പിക്കുന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ജാതി വിവേചനത്തെ തുടച്ചുമാറ്റുന്ന ശക്തിയാണ് സുവിശേഷം. ഏത് ആചാരത്തിന്റെ പേരിലായാലും അയിത്ത സമ്പ്രദായവും ജാതിവിവേചനവും ന്യായീകരിക്കുവാൻ കഴിയാത്തതാണ്. മിഷനറിമാരുടെയും നവോത്ഥാന നായകന്മാരുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊള്ളുവാനുള്ള ഹൃദയവിശാലത ഇനിയും നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇരുളടഞ്ഞ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്നും മിഷനറിമാരുടെയും നവോത്ഥാന നായകന്മാരുടെയും പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത സമൂഹം ജനാധിപത്യ മൂല്യങ്ങളോടെ സമത്വസുന്ദരമായ ഭാവിയിലേക്കാണ് സഞ്ചരിക്കേണ്ടതെന്നും നാം തിരിച്ചറിയണം.

അയിത്തം ഒഴിഞ്ഞു പോകേണ്ടത് ഹൃദയങ്ങളിൽ നിന്നാണ്. അവർണ - സവർണ്ണ ചിന്തയുടെ മിഥ്യാബോധവും ദുരഭിമാനവും ഉപേക്ഷിക്കുവാൻ നാം തയ്യാറായേ മതിയാകൂ.

Advertisement