ക്ഷേമം വേണം വിശ്വാസികൾക്കും

ക്ഷേമം വേണം വിശ്വാസികൾക്കും

വിശ്വാസികളുടെ ക്ഷേമ പ്രവർത്തനത്തിനു സഭകൾ പദ്ധതികൾ തയ്യാറാക്കണം

സജി മത്തായി കാതേട്ട്

കോട്ടയം: വിവിധ നിലകളിൽ ദുരിതമനുഭവിക്കുന്ന വിശ്വാസികൾക്കും ശുശ്രൂഷ കാ കുടുംബങ്ങൾക്കും അതിജീവനത്തിനുള്ള പുതിയ ക്ഷേമ പദ്ധതികൾ തയ്യാറാക്കാൻ സഭാ നേതൃത്വം മുൻകൈയെടുക്കണമെന്ന ആവശ്യം ശക്തമായി.
കോവിസ് മഹാമാരി, വെള്ള പൊക്ക ദുരിതം, നോട്ടു നിരോധനം, ഗൾഫ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയവരുടെ പ്രയാസം എന്നിവ മൂലം നിരാശരായിരിക്കുന്ന വിശ്വാസികൾക്കും യുവജനങ്ങൾക്കും ആത്മീയ പ്രോത്സാഹനത്തോടൊപ്പം
 ജീവസന്ധാരണത്തിനുള്ള പദ്ധതികളും ലഭ്യമാക്കണം.
കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളെ കുറിച്ച് പഠിച്ച് അതിനുതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സഭാ നേതൃത്വം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കും തൊഴിൽ നഷ്ടപെട്ട യുവജനങ്ങൾക്കും വിവിധ നൈപുണ്യവും വിദ്യാഭ്യാസവുമുള്ളവർക്കും പദ്ധതികളും സാമ്പത്തിക നിലനില്പിനുതകുന്ന സംരംഭങ്ങളും തുടങ്ങുന്നതിനുള്ള നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകാൻ സഭാ നേതൃത്വം പദ്ധതികൾ ആവിഷ്കരിക്കണം.
അതിനായി വിദഗ്ധരുടെ പാനൽ രൂപീകരിച്ച് വിഭവ സമാഹരണവും ആശയ ക്രോഡീകരണവും ഒരുക്കണം.
ഇതിനായി വിശ്വാസികളുടെയും വിദഗ്ധരുടെയും സഹകരണം തേടി സഭയുടെയും സമൂഹത്തിന്റെയും വികസനത്തിനും ഉന്നമനത്തിനും പങ്കാളികളാകാൻ നയം രൂപപ്പെടുത്തണം.

സുവിശേഷ വ്യാപനത്തിനും സഭകളുടെ ആത്മീയ വളർച്ചയ്ക്കും ചിട്ടയോടെ പ്രവർത്തിക്കുന്ന സഭാ നേതൃത്വം ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും സാമ്പത്തിക, ജീവിതോന്നമനങ്ങൾക്കും പങ്കാളിയാകുന്നതും സഭയുടെ കടമയാണെന്നു തിരിച്ചറിയണമെന്നാണു വിശ്വാസികളുടെ അഭിപ്രായാം.

സാമൂഹിക വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന ക്രൈസ്തവ പ്രവർത്തകസംഘങ്ങളുടെയും സർക്കാരിതര സംഘടകളുടെ സഹായവും അവരുടെ വിദഗ്ദാഭിപ്രായവും തേടണം.
വിശ്വാസികളുടെയും സഭകളുടെയും തരിശുഭൂമികളിൽ അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കണം.
ഇതിനായി ബോധവത്ക്കരണവും വിദഗ്ദ സഹായവും സഭാ നേതൃത്വം നൽകണം.
മാസയോഗങ്ങൾക്ക്  നോട്ടീസ് അയക്കുന്നതും പാസ്റ്റർമാരുടെ ഐഡന്റിറ്റി കാർഡ് നല്കുന്നതും വൻ പിരിവ് നടത്തി കൺവൻഷനുകൾ നടത്തി സായൂജ്യമടയുന്ന പതിവ് രീതി സഭാ നേതൃത്വം മാറ്റി വെച്ച് പുതിയ കാലഘട്ടത്തിലേക്ക് സഭയേയും വിശ്വാസികളേയും നയിക്കുന്ന സാഹചര്യങ്ങൾ ഒരുക്കാൻ സഭാ നേതൃത്വം ശക്തമാവണം. സഭയെ നയിക്കാനുളള കഴിവുറ്റ ഭരണാധികാരികൾ ഉണ്ടാകാനുളള സാഹചര്യങ്ങൾ ഒരുക്കാൻ വിശ്വാസികളും ശുശ്രൂഷകന്മാരും ജാഗരൂകരാകണം.

മാറിയ സാഹചര്യങ്ങൾ മനസിലാക്കി , ആധുനിക രീതിയിലുളള ആരാധന സംവിധാനങ്ങളും ശുശ്രൂഷകർക്ക് നല്കാനും അവരെ ശാക്തീകരിക്കാനും നേതൃത്വത്തിനാവണമെന്നാണ് ഗുഡ്ന്യൂസ്, ഓൺലൈൻ ഗുഡ്ന്യൂസ് എന്നിവ നടത്തിയ സർവെ വെളിപ്പെടുത്തുന്നത്.

Advertisement