നല്ല വാർത്തയുടെ കാരണവർക്ക് 80

നല്ല വാർത്തയുടെ കാരണവർക്ക് 80
ഷിബു മുള്ളംകാട്ടിൽ
അര നൂറ്റാണ്ടിലേറെയായി മലയാളി പെന്തക്കോസ്ത് സമൂഹം ഹൃദയത്തോടു ചേർത്തു വെയ്ക്കുന്ന രണ്ടക്ഷരമാണ് സി വി.
ഗുഡ്ന്യൂസ് വാരികയെ മലയാളി പെന്തക്കോസ്തു സമൂഹത്തിന്‍റെ മുഖപത്രമാക്കി മാറ്റുവാന്‍ നിർണായക പങ്കുവഹിച്ച ചീരകത്ത് വർക്കി മാത്യു എൺപതാം വയസ്സിൻറെ നിറവിലാണ്. പച്ച മഷിയുള്ള പേന സി.വി. സാറിനു എന്നും ഹരമാണ്. വെട്ടിയും തിരുത്തിയും കുത്തിക്കുറിച്ചും അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മഹത്തായ ശുശ്രൂഷ 55 വർഷങ്ങൾ പിന്നിടുമ്പോള്‍ പെന്തെക്കോസ്തു പത്രലോകത്തിന്‍റെ കാരണവർ വിനയാന്വിതനാകുന്നു. തലയെടുപ്പു ഉണ്ടെങ്കിലും തലക്കനം ഇല്ലാത്ത സിവി യുടെ ജീവിതരേഖ പുതുതലമുറക്കു പാഠപുസ്തകമാണ്.
മൂവാറ്റുപുഴ വാളകം ചീരകത്ത് വർക്കി – അന്നമ്മ ദമ്പതികളുടെ മകനായി 1945 മേയ് 3ന് സി.വി. മാത്യു ജനിച്ചു. വാളകം ഐ.പി.സി.യിലെ അംഗങ്ങള്‍ ആയിരുന്നു മാതാപിതാക്കള്‍. ഇളയ മകൻ മാത്യുവിന് രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബം തൃശൂർ ആല്‍പ്പാറയിലെത്തി. 1967 ല്‍ തൃശൂർ കേരളവർമ്മ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മലയാള സാഹിത്യത്തിലായിരുന്നു മാസ്റ്റർ ബിരുദം. സാഹിത്യ പ്രവർത്തനങ്ങള്‍ക്ക് ദൈവം തന്നെ തിരഞ്ഞെടുത്തു എന്ന് ബോധ്യമായി.
ആദ്യ രചന
സി.വി. മാത്യുവിന്‍റെ പിതാവ് കർഷകനായിരുന്നു എങ്കിലും നല്ല വായനാശീലത്തിന് ഉടമയായിരുന്നു. ക്രിസ്തീയ ഗ്രന്ഥങ്ങളോടൊപ്പം സെക്കുലർ പ്രസിദ്ധീകരണങ്ങളും പിതാവ് വാങ്ങുമായിരുന്നു. ആല്‍പ്പാറ പി.വൈ.പി.എയില്‍ സ്വന്തമായി എഴുതിയ ഉപന്യാസവും ഭാവനയും മറ്റും അവതരിപ്പിച്ചു സി.വി. സർഗാത്മകത തെളിയിച്ചു. പ്രശസ്ത ക്രൈസ്തവ സാഹിത്യകാരന്‍ സാമുവേല്‍ മേന പത്രാധിപരായിരുന്ന ജീവമന്നയില്‍ എഴുതിക്കൊണ്ടാണ് തുടക്കം. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ക്രിസ്തുവിന്‍റെ പടയാളി’യില്‍ സഹപത്രാധിപരായി പ്രവർത്തിച്ചു.
എവരിഹോം ക്രൂസേഡില്‍

ബിരുദമുള്ളവർക്ക് ബാങ്ക് ജോലി ലഭിക്കുന്ന കാലം. സി.വി. സാർ ആദ്യമായി ഒരു ട്യൂട്ടോറിയല്‍ സ്ഥാപനത്തിന്‍റെ സാരഥ്യമാണ് ഏറ്റെടുത്തത്. വലിയ വിജയത്തോടെ സ്ഥാപനം പ്രവർത്തിക്കുമ്പോള്‍ തന്‍റെ ദൗത്യം ഇതല്ലെന്ന് തിരിച്ചറിഞ്ഞു. ദൈവനിയോഗം മനസ്സിലാക്കിയ സി.വി.യുടെ മുന്‍പില്‍ ഇന്ത്യ എവരിഹോം ക്രൂസേഡിന്‍റെ വാതില്‍ തുറക്കപ്പെട്ടു. പ്രസിദ്ധീകരണങ്ങളുടെയും അനുധാവന പ്രവർത്തനങ്ങളുടെയും ചുമതലയാണ് ലഭിച്ചത്. 250 രൂപയായിരുന്നു മാസ ശമ്പളം. കോട്ടയത്തെ താമസത്തിനും നാട്ടിലേക്കുള്ള യാത്രയ്ക്കും ഞെരുക്കമാണ്. എന്നാൽ ശുശ്രുഷയിൽ സംതൃപ്തനായിരുന്നു. പ്രാർത്ഥിപ്പീന്‍ , ആഹാരം എന്നീ മാസികകളുടെ പ്രസിദ്ധീകരണ ചുമതല സി.വിയ്ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകർന്നു.
പി.വൈ.പി.എ. നേതൃത്വത്തില്‍
പാസ്റ്റർ റ്റി.സി. ഈശോയുടെ നിർബന്ധത്തിനു വഴങ്ങിയാണു പി.വൈ.പി.എ. സംസ്ഥാന കമ്മറ്റിയിൽ സി.വി. മാത്യു എത്തുന്നത്. ആദ്യ യോഗത്തില്‍ തന്നെ വാഗ്ദാനം ലഭിച്ചത് ജോയിന്‍റ് സെക്രട്ടറി സ്ഥാനം. സംസ്ഥാന പ്രവർത്തനങ്ങള്‍ പഠിച്ച ശേഷമേ ചുമതലയേല്‍ക്കൂ എന്നു പറഞ്ഞു സ്വയം പിന്മാറി. പിന്നീട് പി.വൈ.പി.എ. സംസ്ഥാന പബ്ലിസിറ്റി കണ്‍വീനർ, വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്നത്തെപ്പോലെ പാനലോ വോട്ടുപിടുത്തമോ ഇല്ലായിരുന്നു എന്നു സി.വി സാർ ഓർമ്മിക്കുന്നു. പി.വൈ.പി.എ. സില്‍വർ ജൂബിലി സുവനീറിന്‍റെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. അച്ചുനിരത്തി കംപോസു ചെയ്യുന്ന രീതി നിലനിന്ന കാലത്തു മാസങ്ങളിലെ കഠിനാധ്വാനത്തിന്‍റെ ഫലമായി മനോഹരമായി സുവനീർ പുറത്തിറക്കി.
ഐപിസി ഗ്ലോബൽ മീഡിയ ഭാരവാഹികൾ ദുബായ് ഗ്ലോബൽ വില്ലേജിൽ
യുവജന കാഹളം
ഐ.പി.സിയുടെ ഔദ്യോഗിക നാവായ സീയോൻ കാഹളത്തിന്‍റെ ചില പേജുകള്‍ പാസ്റ്റർ കെ.ഇ. ഏബ്രഹാം യുവജനങ്ങള്‍ക്കായി മാറ്റിവെച്ചു. ഇതു തയ്യാറാക്കുന്ന ചുമതല സി.വി. മാത്യുവിന് നല്‍കി. സീയോൻ കാഹളത്തിന്‍റെ വെള്ളക്കടലാസുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുവാൻ പിങ്ക് കളർ പേപ്പറിലാണ് യുവജന പേജുകള്‍ അച്ചടിച്ചത്. 1973 ജനുവരിയിലാണ് സി.വി.യുടെ ചുമതലയില്‍ 'പി.വൈ.പി.എ. റിപ്പോർട്ടർ' എന്ന മാസിക പ്രസിദ്ധീകരിച്ചത്. ലേഖനങ്ങളുടെ ശേഖരണം, എഡിറ്റിങ്, പ്രൂഫ് റീഡിങ്, റാപ്പർ ഒട്ടിക്കല്‍ എന്നു തുടങ്ങി പ്യൂണ്‍ ജോലി വരെ പത്രാധിപർ തന്നെ ചെയ്തു. 1973 മേയ് ലക്കം മുതല്‍ Youth Trumpet (യുവജന കാഹളം) എന്ന പേരിനു പ്രസ് രജിസ്ട്രാറുടെ അനുമതി ലഭിച്ചു. നിരവധി യുവജനങ്ങളുടെ സാഹിത്യാഭിരുചി വളർത്തിയ യുവജന കാഹളത്തിന്‍റെ എഡിറ്ററായി 1982 ആഗസ്ററ് ലക്കം വരെ സി.വി. പ്രവർത്തിച്ചു.
എഡിറ്റിങ് വേണ്ടെന്ന് ഉണ്ണൂണ്ണിസാർ

സാഹിത്യരംഗത്തു തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതു
പാസ്റ്റർ കെ.ഇ. ഏബ്രഹാം ആയിരുന്നു എന്നു സി.വി. നന്ദിയോടെ സ്മരിച്ചു. സീയോൻ കാഹളം മാസികയില്‍ തുടർച്ചയായി എഴുതുവാന്‍ അവസരം നൽകി. ഒരിക്കല്‍ ലേഖനവുമായി ഉണ്ണൂണ്ണി സാറിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ ലഭിച്ച പ്രതികരണം തന്നെ അതിശയിപ്പിച്ചു. “ഈ ലേഖനം കുഞ്ഞൂഞ്ഞിനെ (പാസ്റ്റർ ടി.എസ്. ഏബ്രഹാം) ഏല്‍പ്പിക്കുക. ഇത് എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞേക്കണം”. കുമ്പനാട് ഹെബ്രോണ്‍പുരത്തു നടക്കുന്ന കമ്മറ്റി യോഗങ്ങളിൽ പങ്കെടുക്കുവാന്‍ തൃശൂരില്‍ നിന്നും തലേ ദിവസമേ യാത്ര തിരിക്കണം. കൗണ്‍സില്‍ കഴിഞ്ഞു മടങ്ങിയാലും അടുത്ത ദിവസമാണ് വീട്ടിലെത്തുന്നത്. ഉറക്കിളപ്പിന്‍റെ ക്ഷീണം സി.വി.യുടെ മുഖത്തു മനസ്സിലാക്കിയ ഉണ്ണൂണ്ണിസാർ പലതവണ ഹെബ്രോണ്‍ ബംഗ്ലാവില്‍ രാത്രിയില്‍ വിശ്രമിക്കുവാന്‍ സൗകര്യമൊരുക്കിയത് സി.വിയ്ക്ക് വിസ്മരിക്കാന്‍ കഴിയില്ല.
'നല്ല വാർത്ത' യുടെ തുടക്കം
1972 ലാണ് സി.വി. മാത്യു ഇന്ത്യ എവരിഹോം ക്രൂസേഡിന്‍റെ പ്രവർത്തനകനായി അക്ഷര നഗരിയില്‍ എത്തുന്നത്. സെയില്‍ ടാക്സ് ഓഫീസറായിരുന്ന വി.എം. മാത്യു, ലിവിങ് ലിറ്ററേച്ചർ സെന്റർ ചുമതല വഹിച്ചിരുന്ന ടി.എം. മാത്യു, കോട്ടയത്തു ബിസിനസ് നടത്തിയിരുന്ന മാത്യു തോമസ് വടക്കേക്കൂറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുക പതിവായിരുന്നു. ടി.എം. മാത്യുവിന്‍റെ അടുത്ത സ്നേഹിതനും ബ്രദറണ്‍വോയ്സ് പത്രാധിപരുമായ കുഞ്ഞുമോന്‍ ചാക്കോയുടെ ഒരു ചോദ്യമാണ് ഗുഡ്ന്യൂസ് വാരികയുടെ തുടക്കത്തിനുള്ള ബീജാവാപം. “ബ്രദറണ്‍കാർക്ക് ഒരു പത്രമാകാമെങ്കില്‍ അംഗ സംഖ്യയില്‍ വളരെ കൂടുതലുള്ള പെന്തക്കോസ്തർക്കു പൊതുവില്‍ ഒരു പ്രസിദ്ധീകരണം നടത്തിക്കൂടെ?" എറണാകുളത്ത് തോമസ് വടക്കേക്കുറ്റിന്‍റെ ഭവനത്തില്‍ നടന്ന യോഗത്തിലാണ് ഗുഡ്ന്യൂസ് എന്ന പേര് ഏക സ്വരമായി അംഗീകരിച്ചത്. 1978 ലെ കുമ്പനാട് കണ്‍വന്‍ഷനിൽ പാസ്റ്റർ സി.കെ. ദാനിയേല്‍, പാസ്റ്റർ പി.എല്‍.പരംജ്യോതി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. പത്തു രൂപയായിരുന്നു വാർഷിക വരിസംഖ്യ.

13 വർഷം എവരിഹോം ക്രൂസേഡില്‍ പ്രവർത്തിച്ച സി.വി. മാത്യു പിന്നീട് ഗുഡ്ന്യൂസിനു വേണ്ടി പൂർണ സമയം മാറ്റിവെച്ചു. യാത്രാ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവില്‍ ബസിലും ടെയിനിലും കാല്‍നടയായും സഞ്ചരിച്ച് കർമ്മനിരതനായി. തൃശൂർ-കോട്ടയം തീവണ്ടി യാത്രയില്‍ പോലും സ്യൂട്ട്കെയ്സ് മടിയില്‍ വെച്ചു എഡിറ്റിങ് ജോലി ചെയ്തിരുന്ന കാലം സി.വി. ഓർമിക്കുന്നു. ഇന്നത്തെപ്പോലെ ഓഫീസില്‍ സ്റ്റാഫുകള്‍ ഇല്ല. ദിവസവും കത്തുകളും മണി ഓർഡറുകളും കൈപ്പറ്റാന്‍ പോസ്റ്റ് ഓഫിസില്‍ എത്തണം. ഇതിനിടിയല്‍ മിക്കവാറും ഉച്ചഭക്ഷണം മുടങ്ങിയിരിക്കും. ഡാഡിയുടെ മക്കൾ 'ഗുഡ്ന്യൂസ്' ആണെന്ന് മകള്‍ ഉഷസ് പരിഭവം പറഞ്ഞപ്പോള്‍ സി.വി. സാർ വിതുമ്പിപ്പോയി!

ഗുഡ്ന്യൂസിന്‍റെ സ്വാധീനം
ഗുഡ്ന്യൂസ് പെന്തെക്കോസ്തു സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തില്‍ പത്രാധിപരായ സി.വി. മാത്യുവിനും അഭിമാനിക്കാം. ദുരുപദേശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും പെന്തെക്കോസ്തു ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനു അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. വി.എം. മാത്യു സാറിന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ഗുഡ്ന്യൂസിന്‍റെ വിശ്വാസ്യത ഉറപ്പിച്ചു. 48 വർഷമായി വ്യക്തമായ പോളിസിയോടു കൂടി ഗുഡ്ന്യൂസ് മുന്നേറുന്നു. എഡിറ്റോറിയല്‍ കൂടാതെ ഇന്നത്തെ ചിന്ത, ധ്യാനം, ഗതകാലസ്മരണങ്ങള്‍ എന്നീ സി.വി.യുടെ കോളങ്ങളും വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നു. ചെറിയ വാക്കുകള്‍ കൊണ്ടു വലിയ ആശയങ്ങള്‍ കൈമാറുന്നതാണ് സി.വി.യുടെ രചനകളെ വ്യതിരിക്തമാക്കുന്നത്.
വിദേശ യാത്രകള്‍
യാത്രകള്‍ സി.വി.യ്ക്ക് എന്നും ഇഷ്ടമാണ്. ഗുഡ്ന്യൂസിനുവേണ്ടി രാജ്യത്തുടനീളം യാത്ര ചെയ്ത സി.വി വിദേശ രാജ്യങ്ങളും സന്ദർശിച്ചു. 1989 ലാണ് പ്രഥമ യു.എസ്. യാത്ര. ഏതാണ്ട് 20 തവണയിലേറെ അമേരിക്കന്‍ ഐക്യനാട് സന്ദർശിച്ചിട്ടുണ്ട്. ശ്രീലങ്ക, കാനഡ , യു.കെ. കുവൈത്ത്, യു.എ.ഇ. എന്നീ രാജ്യങ്ങളും സന്ദർശിച്ചു. നാലു പ്രാവിശ്യം യെരുശലേം യാത്ര നടത്തി. അതിന്റെ യാത്രാ വിവരണമായ ‘വിശുദ്ധനാടിലേക്ക് ഒരു ഫെലോഷിപ്പ് ടൂർ’ എന്ന പുസ്തകം ശ്രദ്ധേയമാണ്.
ഈ യാത്രയിൽ യിസ്രായേൽ, പലസ്തീൻ, ഈജിപ്ത് രാജ്യങ്ങളും സന്ദർശിച്ചു. .
സംതൃപ്ത കുടുംബം

1979 ഒക്ടോബർ 11-നായിരുന്നു സി.വി. മാത്യുവിന്‍റെ വിവാഹം. ഭാര്യ അമ്മിണി തൃശൂർ താഴമന വീട്ടില്‍ ഏബ്രഹാം - അന്നമ്മ ദമ്പതികളുടെ മകളാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ മക്കളുടെയും വീട്ടുകാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചതു തന്‍റെ പ്രിയതമയായിരുന്നു . ആശിഷ് മാത്യു (ഡയറക്ടർ, ഗുഡ്ന്യൂസ് ലൈവ്), ഉഷസ് മാത്യു(ഷാർജ) എന്നിവർ മക്കളും നിമ്മി, ബിജോയ് (ഷാർജ) എന്നിവർ മരുമക്കളുമാണ്.
കനൽ വഴികൾ
പ്രായത്തെ വെല്ലുന്ന കരുത്തോടെ മുന്നേറിയ സി വി സാറിനു കഴിഞ്ഞ വർഷമാണ് ശാരീരിക അസ്വസ്ഥതകൾ നേരിട്ടത്. ശ്വാസകോശത്തിനു പുറത്ത് മൂന്നു തടിപ്പുകൾ കണ്ടെത്തിയപ്പോൾ കാൻസർ ആകാമെന്നു സംശയിച്ച് ബയോപ്സിക്കയച്ചു. കാൻസറിൻ്റെ യാതോരു സൂചനയും ഇല്ലെന്നും ആറുമാസത്തെ ചികിത്സ കൊണ്ടു മാറാവുന്ന രോഗമേയുള്ളൂ എന്ന് കണ്ടെത്തിയതിനാൽ ചികിത്സ ആരംഭിച്ചു. തടിപ്പുകൾ പൂർണ്ണമായി മാറി.

ആശുപത്രിയിൽ കിടക്കുന്നതിനിടക്കു പെട്ടെന്നു നടുവേദന ഉണ്ടായി. ഓർത്തോപീഡിക് ഡോക്ടർ പത്തു ദിവസത്തെ ബെഡ് റെസ്റ്റ് നിർദ്ദേശിച്ചു. പക്ഷെ, അതു കഴിഞ്ഞപ്പോൾ സി വി യുടെ കൈകാലുകളുടെ മസിലുകളെല്ലാം നിർവീര്യമായി. തനിയെ എഴുന്നേൽക്കാൻ കഴിയാത്ത സാഹചര്യവും കഠിനമായ വേദനയും തന്നെ മാനസികമായി തളർത്തി. 6 മാസം വീര്യം കൂടിയ മരുന്നുകൾ കഴിച്ചതിനാൽ ശരീരം ഏറെ ക്ഷീണിച്ചു. ആ സ്ഥിതിയിൽ നിന്നു വിടുതൽ അസാധ്യമെന്നു ചിന്തിച്ച സമയം! ലോകമെങ്ങുമുള്ള ദൈവജനത്തിൻ്റെ പ്രാർഥന സ്ഥിതിക്കു ഭേതം വരുത്തി. മാസങ്ങളിലെ ഫിസിയോതെറാപ്പി ഇന്ന് ആഴ്ചയിൽ രണ്ടു ദിവസമായി തുടരുന്നു. ഇപ്പോൾ കിടക്കയിൽ നിന്നു തനിയെ എഴുന്നേൽക്കുവാനും വീടിനകത്തു തനിയെ നടക്കുവാനും കഴിയുന്ന സ്ഥിതിയിലെത്തി. മാസങ്ങളോളം ആരാധനയിൽ സംബന്ധിക്കുവാൻ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നാഴ്ച തുടർച്ചയായി രണ്ടു മണിക്കൂർ വീതം ആരാധനയിൽ പങ്കെടുത്തു. അസുഖം ആരംഭിക്കുന്നതിനു മുൻപ് മാതൃ സഭയുടെ ചരിത്രം എഴുതുന്ന ഒരു ദൗത്യം തുടങ്ങി വച്ചിരുന്നു. മാർച്ച് 16 ഞായറാഴ്ച “ചരിത്രം ഉറങ്ങുന്ന ആൽപ്പാറ സഭ “ എന്ന പുസ്തകം അച്ചടിച്ച് സഭയിൽ വിതരണം ചെയ്തത് സ്വപ്ന സാഫല്യമായി.
നിരവധി തവണ ഐ.പി.സി. ജനറല്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന സി.വി. മാത്യു ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സ്ഥാപക ചെയർമാനാണ്.
ക്രൈസ്തവ പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്ക് ഇരുപതോളം പുരസ്കാരങ്ങള്‍ ലഭിച്ചു.

നാം വാർദ്ധക്യം എന്നു വിളിക്കുന്ന പ്രായത്തിലും മനഃക്കരുത്തും ദീർഘ വീക്ഷണവും കൊണ്ടു വായനക്കാരെ സി.വി. വിസ്മയിപ്പിക്കുന്നു. ആഴമുള്ള അറിവും അനുഭവങ്ങളും വരുംകാലത്തെ വായിക്കാനാവുന്ന ഉൾക്കാഴ്ചയുമാണ് 80ൻറെ നിറവിലും സി.വി.മാത്യുവിന്‍റെ കൈമുതൽ!
Advertisement

















































