സുവിശേഷയോഗങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല

സുവിശേഷയോഗങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല

സുവിശേഷയോഗങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല

സുവിശേഷയോഗങ്ങളുടെ കാലം കഴിഞ്ഞു. ആ വാക്കുപോലും ഇന്നു പഴഞ്ചനായി മാറിയിരിക്കുന്നു. ഇന്നു എവിടെയാണ് 'സുവിശേഷയോഗം' ഉള്ളത്? അഥവാ അങ്ങനെ ഒരു ബാനർ  കണ്ടു തെറ്റിദ്ധരിച്ചു ചെന്നുപെട്ടാൽ  അവിടെയും  കേള്ക്കുക ആരവവും ആക്രോശങ്ങളുമായിരിക്കും. നിർമ്മല  സുവിശേഷം ഇന്നു വിരളമായിക്കഴിഞ്ഞിരിക്കുന്നു; ഒരിടത്തും കേൾക്കാനില്ല. ജനത്തെ പാപബോധത്തിലേക്കും മനസാന്തരത്തിലേക്കും നയിക്കണമെന്ന ലക്ഷ്യം സംഘാടകര്ക്കുമില്ല. അവര്ക്കുവേണ്ടത് അടിപൊളി പരിപാടികളാണ്. ഉന്തിയിട്ടാലും, തള്ളിമറിച്ചിട്ടാലും, ഊതിവീഴ്ത്തിയാലും അവര്ക്കു പ്രശ്നമില്ല. പ്രശ്നമുണ്ടാക്കാതെ എല്ലാവരും പൊയ്ക്കൊള്ളണമെന്നേയുള്ളു. പ്രാദേശികമായി നടത്തപ്പെടുന്ന സുവിശേഷയോഗങ്ങളുടെ കാര്യമാണ് ഈ പറഞ്ഞത്.

സുവിശേഷം പ്രസംഗിക്കുക. ദേശത്തെവാഴുന്ന അന്ധകാരത്തിന്റെ കോട്ട തകര്ക്കുവാൻ  അതിനു മാത്രമേ കഴികയുള്ളു. അത്ഭുത രോഗശാന്തിക്കാരെയും മിറക്കിൾ  മജീഷ്യന്മാരെയും നോക്കി സാത്താന് പുഞ്ചിരിക്കുന്നുണ്ടാവണം. കാരണം അവര്മൂലം ഗുണം അനുഭവിക്കുന്നത് അവന്റെ രാജ്യത്തിനാണ് . "ദാവീദിന്റെ സന്തതിയായി മരിച്ചു ഉയിര്ത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ" ഉയര്ത്തുന്നത് മാത്രമാണ് സുവിശേഷം. അല്ലാത്തതൊക്കെ ദൈവികമല്ല എന്നു തീര്ത്തുപറയാം. അതു ആരും പറയുന്നില്ലല്ലോ എന്നതാണ് സാത്താന്റെ സന്തോഷം. ആരും മുഖം ചുളിക്കേണ്ടതില്ല. സുവിശേഷം പ്രസംഗിക്കുമ്പോള് ഭൂതങ്ങള് അലറി ഓടും; രോഗികള് സൗഖ്യം പ്രാപിക്കും; ജനങ്ങളില് പാപബോധം ഉണ്ടായി അലറിക്കരഞ്ഞു വീണ്ടുംജനനത്തിലേക്കു  നയിക്കപ്പെടും. അത്ഭുതങ്ങളും അടയാളങ്ങളും വചനത്തെ ഉറപ്പിക്കുന്നതിനുള്ളവയാണ്. എന്നാല് ഏറ്റവും വലിയ അത്ഭുതം ഒരു പാപിയുടെ മാനസാന്തരമാണ്. ജീവപുസ്തകത്തില് പേര് എഴുതപ്പെടുന്നതിലപ്പുറം ഒരു അത്ഭുതവും മനുഷ്യന് പ്രതീക്ഷിക്കരുത്. കടം വീടുന്നതും, വീടുമേടിക്കുന്നതും, കാര് വാങ്ങുന്നതും, രോഗസൗഖ്യവുമെല്ലാം ക്രിസ്തുവിലൂടെ ലഭിക്കുമെന്നത് വിശ്വാസത്തിന്റെ അടിത്തറ ആക്കരുത്. അവയെല്ലാം ഈ ലോകംകൊണ്ട് തീരുന്നതാണ്. അതിനുവേണ്ടിയല്ല നമ്മുടെ കര്ത്താവു രക്തം ചിന്തിയത്. തന്നെ സ്നേഹിക്കുന്നവര്ക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത് ഒരു കണ്ണും കണ്ടിട്ടില്ല, ഒരുചെവിയും കേട്ടിട്ടില്ല, ഒരു ഹൃദയത്തിലും തോന്നിയിട്ടില്ല എന്നു ദൈവവചനം പറയുമ്പോൾ  ഈ അത്ഭുതവീരന്മാര്ക്കായി ദൈവം അത് വെളിപ്പടുത്തിക്കൊടുക്കുമോ?  നമ്മുടെ പ്രാദേശിക കണ്വന്ഷനുകളിൾ  യേശുക്രിസ്തു മാത്രം ഉയര്ത്തപ്പെട്ടിരുന്നെങ്കില്!

ഇനി സെന്റര് കണ്വന്ഷന്, കേന്ദ്ര കണ്വന്ഷന് എന്നീ പേരുകളില് അറിയപ്പെടുന്ന മഹായോഗങ്ങളെക്കുറിച്ചുകൂടി പറയട്ടെ. ഇത് എന്ത് ഉദ്ദേശത്തിലാണ് സംഘടിപ്പിക്കുന്നത്? കുറ്റം പറയരുതല്ലോ, വര്ഷം തോറുമുള്ള വിശ്വാസികളുടെ കേവലം ഒത്തുചേരലാണ് ഇവ. പെരുന്നാള് പോലെ ഒരു ചടങ്ങാക്കി ഇത് മാറ്റരുതെന്നാണ് വിശ്വാസസമൂഹത്തിന്റെ ആഗ്രഹം. നേതാക്കന്മാരുടെ സ്റ്റേജ് മാനിയായും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വികലതയും നിയന്ത്രിക്കാവുന്നിടത്തോളം നിയന്ത്രിക്കപ്പെടണം. ആര്ഭാടം കാണിക്കാന് പണം ദുര്വ്യയം ചെയ്യരുത്. അടുത്ത ഒരുവര്ഷത്തെ സഭാവളര്ച്ചയുടെ ചാലക ശക്തിയായി പ്രവര്ത്തിക്കാന് പരിശീലനവും ആഹ്വാനവും നല്കിവേണം വിശ്വാസികളെയും ശുശ്രൂഷകന്മാരെയും യാത്രയാക്കാന്. പരസ്പര സ്നേഹവും കരുതലുമുള്ള ഒരു സമൂഹമെന്ന ഖ്യാതി നിലനിര്ത്തുവാന് എല്ലാ സഭാവിഭാഗങ്ങളും ശ്രമിക്കുന്നതോടൊപ്പം ആഗോളതലത്തില് പെന്തെക്കോസ്തിനുള്ള ആദരവ് നിലനിര്ത്താന് പ്രാര്ത്ഥനാപൂര്വ്വം വിശ്വാസികള് പ്രയത്നിക്കയും ചെയ്യണം; ഒപ്പം, ആട്ടിന്കൂട്ടത്തിനു മാതൃകയായിരിക്കുവാന് തിരഞ്ഞെടുക്കപ്പെട്ടു നേതൃസ്ഥാനത്തിരിക്കുന്നവര് അത് ദൈവികമായി തങ്ങള്ക്കു ലഭിച്ച സ്ഥാനമാണ് എന്ന കരുതലോടെ മാതൃകയുള്ള സേവകരായി മാറാന് തയ്യാറാകുമെന്നും നമുക്കു പ്രതീക്ഷിക്കാം. 

കൺവെൻഷനിൽനിന്നു അനുഗ്രം പ്രാപിച്ചു മടങ്ങുന്നവർ തങ്ങൾക്കു ലഭിച്ച അനുഗ്രമോ കൃപാവരമോ മൂടിവയ്ക്കാനല്ല, പ്രയോഗത്തിൽ വരുത്താൻ   പ്രാർത്ഥനയോടെ പദ്ധതികൾ തയ്യാറാക്കണം. അതിനുതകുന്നതാണ് വീട്ടുമുറ്റത്തെ കൺവെൻഷനുകളും സുവിശേഷ ലഖുലേഖ വിതരണവും പ്രാദേശികമായി ചെയ്യാവുന്ന ഇതര സുവിശേഷ സംരംഭങ്ങളും. നമ്മുടെ മുൻഗാമികൾ തങ്ങളാൽ ആവും വിധം അത് നിര്വഹിച്ചതുകൊണ്ടാണ് സഭയ്ക്ക് ഇന്നുകാണുന്ന വളർച്ച ഉണ്ടായതു. ആരുടെയെങ്കിലും പ്രശംസക്കുവേണ്ടിയോ കയ്യടിനേടാനോ ആയിരിക്കരുത്. പകരം, വല്ലവിധേനയും ചില ആത്മാക്കളെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കാൻ നമുക്ക് ഇടയാകട്ടെ.

Advertisement