കുമ്പനാട് കൺവൻഷൻ്റെ ചിന്താവിഷയം പ്രഖ്യാപിച്ചു
വാർത്ത: പാസ്റ്റർ ഫിലിപ്പ് പി തോമസ് (ചെയർമാർ, പബ്ളിസിറ്റി കമ്മിറ്റി)
കൺവൻഷൻ ജനു. 11 മുതൽ 18 വരെ
കുമ്പനാട്: ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ 102 -ാമത് ജനറൽ കൺവൻഷൻ്റെ ചിന്താവിഷയമായി ആരാധന, പ്രവർത്തനം, സാക്ഷീകരണം എന്നിവ തെരഞ്ഞെടുത്തു. ജൂലൈ 26 നു ഓൺലൈനിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം വിഷയം അവതരിപ്പിച്ചു. പുതിയ നിയമ വ്യവസ്ഥ പ്രകാരം നാം ദൈവത്തെ ആരാധിക്കണമെന്നും (യോഹ 4:24) കർത്താവ് വരുവോളം ദൈവരാജ്യവ്യാപ്തിക്കായി പ്രവർത്തിക്കണമെന്നും (ലൂക്കോസ് 19:13) മഹാനിയോഗമനുസരിച്ച് ലോകമെങ്ങും സാക്ഷിയാകണമെന്നും (മത്തായി 28:19-20) അദ്ദേഹം പ്രബോധിപ്പിച്ചു.
2026 ജനുവരി 11 ഞായർ മുതൽ 18 ഞായർ വരെ കുമ്പനാട് ഹെബ്രോൻപുരത്ത് കൺവൻഷൻ നടക്കും . പാസ്റ്റർമാരായ വൽസൻ എബ്രഹാം (ജനറൽ പ്രസിഡൻ്റ്), ഫിലിപ്പ് പി.തോമസ്(വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബേബി വർഗിസ് (ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് ജോർജ്, വർക്കി ഏബ്രഹാം (ജോ.സെക്രട്ടറിമാർ) ജോൺ ജോസഫ് (ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.
കൺവൻഷൻ്റെ അനുഗ്രഹത്തിനായി 1O2 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റമ്പർ 30 മുതൽ കുമ്പനാട് ഹെബ്രോൻ പ്രയർ ചേമ്പറിൽ നടക്കും. പ്രയർബോർഡ് കൺവീനർ പാസ്റ്റർ കെ പി കുര്യൻ നേതൃത്വം നൽകും.


