നോവോർമയിൽ കുസാറ്റ് : വിദ്യാർഥികളുടെ മൃതദേഹം ക്യാമ്പസിൽ പൊതുദർശനത്തിനെത്തിച്ചു

കൊച്ചി : കുസാറ്റ് സർവകലാശാലയിൽ ​ഗാനമേളയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തിനെത്തിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെയും കളമശേരി മെഡിക്കൽ കോളേജിലേയും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ ക്യാമ്പസിലെത്തിച്ചത്. കുസാറ്റ്‌ സിവിൽ എൻജിനിയറിങ്‌ രണ്ടാം വർഷ വിദ്യാർഥി അതുൽതമ്പി (24), ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർഥിനികളായ ആൻ റിഫ്‌റ്റ റോയ്‌ (20), സാറ തോമസ്‌ (20) എന്നിവരുടെ മൃതദേ​ഹമാണ് ക്യാമ്പസിലെത്തിച്ചത്.

സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേരാണ് വിദ്യാർഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കുസാറ്റിലെത്തിയിരിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, തോമസ് ഐസക്, ഹൈബി ഈഡൻ എംപി, എ എ റഹിം എംപി എന്നിവർ ക്യാമ്പസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. 

കോഴിക്കോട്‌ താമരശേരി സ്വദേശിനിയാണ് സാറ. താമരശ്ശേരി കോരങ്ങാട്‌ തൂവക്കുന്നുമ്മലിലെ വയലപ്പള്ളി തോമസ്‌ സക്കറിയയുടെയും കൊച്ചുറാണിയുടെയും മകളാണ്‌. സഹോദരങ്ങൾ: സൂസൻ, സാനിയ. പൊതുദർശനത്തിന് ശേഷം മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ 10ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും. കൂത്താട്ടുകുളം കിഴകൊമ്പ്‌ കൊച്ചുപറമ്പിൽ തമ്പി- ലില്ലി ദമ്പതികളുടെ മകനാണ്‌ അതുൽ. സഹോദരൻ: അജിൻ തമ്പി. പറവൂർ ഗോതുരുത്ത്‌ കുറുമ്പത്തുരുത്ത്‌ കോണത്ത്‌ ചവിട്ടുനാടക കലാകാരനായ റോയ്‌ ജോർജുകുട്ടി- സിന്ധു നമ്പതികളുടെ മകളാണ്‌ ആൻ റിഫ്‌റ്റ റോയ്‌. സഹോദരൻ: റിഥുൽ. 

പൊതുദർശനത്തിന് ശേഷം വിദ്യാർഥികളുടെ മൃതദേഹം വീടുകളിലേക്ക് കൊണ്ടു പോകും. ആൻ റിഫ്റ്റയുടെ സംസ്കാരം അമ്മ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ ശേഷമാകും നടക്കുക.പൊതുദർശനത്തിന് ശേഷം മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ആൽവിന്റെ മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോയി.