യേശുവിന്റെ മുഖത്തേക്കു നോക്കി ഓടാം

യേശുവിന്റെ മുഖത്തേക്കു നോക്കി ഓടാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ഫ്രിക്കൻ വനത്തിലെ കലമാൻ ഓരോ ദിവസം പുലരുമ്പോഴും തലേ ദിവസത്തെക്കാൾ വേഗതയിൽ ഓടണമെന്ന് ആഗ്രഹിക്കുന്നു. ഓട്ടത്തിന്റെ വേഗത കുറഞ്ഞാൽ സിംഹം തങ്ങളെ കീഴടക്കി ആഹാരമാക്കി മാറ്റുമെന്ന് മാനുകൾക്കറിയാം. സിംഹവും ഇതുപോലെയാണു ചിന്തിക്കുന്നത്. ഓരോ ദൈവപൈതലിന്റെയും ചിന്ത ഇപ്രകാരമായിരിക്കട്ടെ. വേഗത്തിൽ നാം ഓടിയില്ലെങ്കിൽ ഒന്നുകിൽ പട്ടിണി കിടന്നു മരിക്കും, അല്ലെങ്കിൽ ദുഷ്ടമൃഗങ്ങൾക്ക് ഇരയായിത്തീരും. പ്രസിദ്ധ സുവിശേഷപ്രസംഗകനായ സി. എച്ച്. സ്പർജൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു : 'നിങ്ങൾ ദൈവത്തെ ദിനംപ്രതി അന്വേഷിക്കുന്നില്ലെങ്കിൽ സാത്താൻ നിങ്ങളെ അന്വേഷിച്ചു കണ്ടുപിടിക്കും.'

നാളുകൾ കഴിയുന്തോറും ആത്മാവിന്റെ പുതിയ ശക്തി കൃപയുടെ അനുഭവത്തിൽ മനസിൽ പുതുജീവന്റെ നാമ്പുകൾ മുളപ്പിക്കും. ദിനംപ്രതി ജീവിതത്തിലേക്കു കടന്നുവരുന്ന വിപരീത സാഹചര്യങ്ങൾപോലും പ്രത്യാശ നമ്മിൽ വളർത്തിയെടുക്കും. ഇന്നലെ ഓടിയതുപോലെ ഇന്ന് ഓടാനല്ല, അതിനെക്കാൾ വേഗത്തിൽ ഓടുവാനുള്ള ദൈവകൃപയാണ് നമുക്കാവശ്യം. എത്രയുംവേഗം ദൈവത്തോട് ഓടിയടുക്കുന്നുവോ അത്രയും അകലം സാത്താനുമായി നമുക്ക് ഉണ്ടായിരിക്കും.

രാവിലെ തോറും ദൈവത്തെ അന്വേഷിക്കുന്ന സ്വഭാവരീതി ദാവീദ് രാജാവിന് ഉണ്ടായിരുന്നു. ദൈവീകാലോചനകളെ ഉൾക്കൊള്ളുവാൻ അദ്ദേഹം തന്നെത്തന്നെ ഒരുക്കുകയും ചെയ്തിരുന്നു. ഓരോ ദിവസത്തെയും ആദ്യവാക്ക് ദൈവത്തോടാണ് ദാവീദ് ഉച്ചരിച്ചിരുന്നത്. ഒരു മനുഷ്യന്റെയും മുഖം കാണുന്നതിനു പകരം ദൈവമുഖം ആദ്യം ദർശിക്കുവാനാണ് അദ്ദേഹം ധൃതികൂട്ടിയിരുന്നത്. ഇപ്രകാരം ഒരു ഗ്രീക്ക് പഴമൊഴിയുണ്ട് : 'ആരംഭം പൂർണ്ണമായതിന്റെ പകുതിയാണ്.' ഓരോ ദിവസവും സൂക്ഷ്മതയോടെ ആരംഭിക്കുവാൻ ദൈവമക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പക്വതയാർന്ന ക്രിസ്തീയ ജീവിതത്തിന് അത് അത്യന്താപേക്ഷിതമത്രെ. ആരംഭത്തെക്കാൾ അനുഗ്രഹപ്രദമായ ഒരു അവസാനം ശുഭകരമാകണമെങ്കിൽ ആരംഭം എത്രയോ ഒരുക്കത്തോടു കൂടെയുള്ളതായിരിക്കണം ? അതുകൊണ്ട് ഓരോ ദിവസവും ആരംഭിക്കുന്നത് ദൈവശബ്ദം ശ്രവിച്ചുകൊണ്ടായിരിക്കണം.

ദൈവം ദാവീദിനെ സ്നേഹിച്ചിരുന്നതിനാൽ സുഖകരമായ ഉറക്കം അവനു നൽകിയിരുന്നു. 'ഞാൻ കിടന്നുറങ്ങി, യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു' എന്നത്രെ അദ്ദേഹം പറയുന്നത്. ഈ അനുഗ്രഹിക്കപ്പെട്ട ഉറപ്പ് ലഭിക്കുവാൻ നമുക്കും ഭാഗ്യമുണ്ടാകട്ടെ.

ചിന്തക്ക് : 'അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.' (എബ്രായർ 3 : 1)