ദൈവഭയം നഷ്ടപ്പെട്ട സമൂഹമായി നാം മാറരുത്: പാസ്റ്റർ ജോ തോമസ്
വാർത്ത: കെ.ബി ഐസക്ക്
ദോഹ: വചനം, കൂട്ടായ്മ, ആരാധന എന്നിവയുണ്ടെങ്കിലും ദൈവഭയം നഷ്ടപ്പെട്ട ഒരു സമൂഹമായി നാം മാറരുത്. സഭ ദൈവാത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു ദൈവത്തെ ഭയക്കുന്നവർ ആയിരിക്കണമെന്നും ജഡാഭിലാഷം വിട്ടകന്ന് വിറ്റും, വിട്ടുകൊടുത്തും ഒരുമിച്ചു ദൈവ സഭയ്ക്കായ് എഴുനേൽക്കുന്നതാണ് പെന്തേക്കോസ്ത് കൂട്ടായ്മ എന്നും പാസ്റ്റർ ജോ തോമസ് പറഞ്ഞു.
QMPC കൺവൻഷൻ സമാപനദിന ഐക്യ ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക നന്മകൾക്കായി ജീവിതം നഷ്ടപ്പെടുത്താതെ കർത്താവിനായി ജീവൻ കൊടുക്കുന്ന തലമുറയാകുവാൻ പരിശുദ്ധാത്മാവിന് കീഴ്‌പ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഖത്തറിലെ 18 മലയാളി പെൻ്റെകോസ്ത് സഭകൾ ചേർന്നുള്ള ഐക്യ കൺവെൻഷന്റെ സമാപന സംയുക്ത ആരാധന വെള്ളിയാഴ്ച ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള ടെന്റിൽ രാവിലെ 8 ന് തുടങ്ങി 12 ന് അവസാനിച്ചു. സംയുക്ത ആരാധനയ്ക്ക് പ്രസിഡന്റ് പാസ്റ്റർ പി. കെ ജോൺസൺ അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ബിനു തോമസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന യോഗത്തിൽ പാസ്റ്റർ കെ കോശി സങ്കീർത്തനം വായിച്ചു. പാസ്റ്റർ ജോൺസൺ തോമസ് സങ്കീർത്തന ധ്യാന സന്ദേശം നൽകി.
പാസ്റ്റർ പി എം ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന തിരുവത്താഴ ശുശ്രൂഷയിൽ പാസ്റ്റർ സജി പി. കർത്താവിൻറെ കഷ്ടാനുഭവങ്ങളെ ഓർമിപ്പിച്ചു പ്രസംഗിച്ചു.
പാസ്റ്റർ പി. കെ ജോൺസൺൻ്റെ നേതൃത്വത്തിൽ QMPC യുടെ 20 വർഷത്തെ പ്രവർത്തന ചരിത്രം വിലയിരുത്തി. പാസ്റ്റർ ബി സോമൻ പിന്നിട്ട വഴികൾ ഓർമ്മിപ്പിച്ചുകൊണ്ട് QMPC യുടെ ആരംഭം മുതൽ QMPC യോടു ചേർന്നുനിൽക്കുന്ന ശുശ്രൂഷകരായ പാസ്റ്റർ പി.എം. ജോർജ്ജ്, പാസ്റ്റർ എൻ.ഒ ഇടിക്കുള, പാസ്റ്റർ എം.ബി. സോമൻ, പാസ്റ്റർ കെ. കോശി, പാസ്റ്റർ അബ്രഹാം വി.കുര്യൻ എന്നീ സീനിയർ ശുശ്രൂഷകരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
പാസ്റ്റർ കെ എം സാംകുട്ടി, ബ്രദർ അലക്സ് കോശി, ബ്രദർ എബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.
സെക്രട്ടറി അബ്രഹാം കൊണ്ടാഴി ഈ മഹായോഗങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തി.
ജോയിൻ്റ് സെക്രട്ടറി ഫിന്നി പി. ജോർജ്ജ്, ട്രഷറർ ബിന്നി ജേക്കബ്, പാസ്റ്റർ വിപിൻ സി. കുര്യൻ എന്നിവർ നേതൃത്വം നൽകി
പാസ്റ്റർ എൻ. ഒ. ഇടുക്കളയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും ത്രിദിന കൺവെൻഷൻ പര്യവസാനിച്ചു.