പ്രിയപ്പെട്ട വല്ല്യച്ചായന് പ്രത്യാശയോടെ വിട!
കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി.വി. കുരുവിളയെ സഹോദരപുത്രൻ പാസ്റ്റർ കുരുവിള സൈമൺ അനുസ്മരിക്കുന്നു.
എല്ലാവരും വിളിക്കുന്നത് കുരുവിള അപ്പച്ചൻ അല്ലെങ്കിൽ കുരുവിള സർ, ഞങ്ങൾ, കുടുംബാംഗങ്ങൾക്ക് അദ്ദേഹം സ്നേഹനിധിയായ വല്ല്യച്ചായൻ ആയിരുന്നു. ഞങ്ങളുടെ കുടുംബങ്ങളുടെ നായകസ്ഥാനത്തു ഉറച്ചുനിന്ന് പ്രവർത്തിച്ച ഒരു പിതൃസമാന സാന്നിധ്യം. കുടുംബത്തിലെ ഏതു പ്രധാന വിഷയത്തിലും അവസാന വാക്ക് അദ്ദേഹത്തിന്റേതായിരുന്നു.
നാലാം തലമുറകളെ പോലും സ്വന്തം കൊച്ചുമക്കളായി സ്നേഹിച്ചു കരുതി അവർക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്ന ഒരു വ്യക്തിത്വത്തിനുടമ. മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും, ആവശ്യഘട്ടങ്ങളിൽ സഹായത്തിന്റെ വലതുകരം നീട്ടുകയും, വിനയവും ശാന്തതയും നിറഞ്ഞ സ്വഭാവം പുലർത്തുകയും ചെയ്തിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് എന്റെ പിതാവ് എനിക്കും അദ്ദേഹത്തിന്റെ പേരായ കുരുവിള എന്ന നാമം തന്നത്.
സ്വന്തം കുടുംബത്തെ മാത്രമല്ല, സഭാജനങ്ങളെയും—പ്രത്യേകിച്ച് തന്റെ മാതൃസഭയായ ചെത്തോങ്കര ശാരോൻ സഭയിലെ ഓരോ അംഗത്തെയും—സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിച്ച ഒരു ദൈവദാസനായിരുന്നു വല്യച്ചായൻ. ദൈവത്തിന്റെ നിയോഗം വ്യക്തമായി തിരിച്ചറിഞ്ഞ്, കർത്താവിന്റെ വേലയ്ക്കായി സമർപ്പിതനായ ജീവിതമാണ് അദ്ദേഹം നയിച്ചത്. ആ സമർപ്പണമാണ് അദ്ദേഹത്തിന്റെയും ഞങ്ങളുടെ കുടുംബങ്ങളുടേയും അനവധി അനുഗ്രഹങ്ങൾക്ക് കാരണമായത്.
1961 സെപ്റ്റംബറിൽ തിരുവല്ല ശാരോൻ ബൈബിൾ സ്കൂളിൽ അധ്യാപകനായി ചുമതലയേറ്റ അദ്ദേഹം, ശാരോൻ സഭകളുടെ സെക്രട്ടറിയായും വിശ്വസ്തമായി സേവനം അനുഷ്ഠിച്ചു.
1963-ൽ ദൈവനിയോഗം സ്വീകരിച്ച് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, അവിടെയുള്ള ശാരോൻ സഭകൾക്ക് നേതൃത്വം നൽകാനും അവയെ ശക്തിപ്പെടുത്താനും ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെട്ടവനായിരുന്നു. ജീവിതാന്ത്യം വരെ തന്റെ വിളിയിൽ ഉറച്ചുനിന്ന് വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിച്ചു.
വല്ല്യച്ചായന്റെ വിയോഗം ഞങ്ങളുടെ കുടുംബങ്ങങ്ങളെ സംബന്ധിച്ചു തീരാനഷ്ടമാണ്, ഞങ്ങൾക്ക് ഒരു പ്രാർത്ഥന മനുഷ്യനെയാണ് നഷ്ടപെട്ടത്. വീണ്ടും ആ പൊൻപുലരിയിൽ കാണാം എന്ന ദൃഢമായ പ്രത്യാശ ഞങ്ങൾക്കുണ്ട്.
“എബ്രായർ 13 : 7. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ”
വല്യച്ചായൻ വിടവാങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ വിശ്വാസവും ജീവിതമാതൃകയും ഞങ്ങളിൽ തുടർന്നുനിലനിൽക്കും. ആ നല്ല മാതൃക പിന്തുടരാൻ ദൈവം ഞങ്ങളെ സഹായിക്കട്ടെ.
Advertisement

















































































