കാനം അച്ചൻ: ലാളിത്യത്തിന്റെയും നൈർമല്യത്തിന്റെയും ആൾരൂപം

കാനം അച്ചൻ: ലാളിത്യത്തിന്റെയും നൈർമല്യത്തിന്റെയും ആൾരൂപം

കാനം അച്ഛൻ അനുസ്മരണം

പാസ്റ്റർ കെ.ജെ. മാത്യു (സെക്രട്ടറി, സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ്)

രേതനായ എന്റെ പിതാവ് പാസ്റ്റർ കെ.എം.ജോസഫ് നെല്ലിപ്പൊയിൽ എ. ജി.സഭയിൽ നടത്തിയ കൺവെൻഷനിൽ പ്രസംഗിക്കാൻ വന്നപ്പോഴാണ് കാനം അച്ചനെ ഞാൻ ആദ്യമായി കാണുന്നത്. പരിമിതികൾ ഏറെ ഉള്ള ആ പഴയ കാലത്ത് ഉള്ള സൗകര്യങ്ങളിൽ സംതൃപ്തനായി താമസിക്കുകയും പെന്തക്കോസ്തിൽ വന്ന ഒരു വൈദികനെ കാണാൻ ആ കൊച്ചു മുറിക്കകത്ത് പ്രായഭേദമെന്യ തിക്കിത്തിരക്കി വന്ന സ്ത്രീ പുരുഷന്മാരെ നിറ പുഞ്ചിരിയോടെ സ്വീകരിക്കുകയും കുശലം പറയുകയും ചെയ്യുന്ന അച്ചൻ ഞങ്ങൾക്ക് വേറിട്ട കാഴ്ചയായി. മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത തനതായ ശൈലിയിൽ ഒരു കുളിർ തെന്നൽ പോലെ വചനം പങ്കുവെച്ചു പോകുന്ന അച്ചനോട് അന്ന് വേദവിദ്യാർത്ഥി ആയിരുന്ന എനിക്ക് ആരാധന ആയിരുന്നു.പക്ഷേ ആ പ്രസംഗരീതി എനിക്കെന്നല്ല ആർക്കും തന്നെ അനുകരിക്കുവാൻ കഴിയുമായിരുന്നില്ല. 

ജീവിതത്തിന്റെ ഒരു സന്ദിഗ്ധഘട്ടത്തിൽ അച്ചൻ മാർഗനിർദ്ദേശിയായതിനെക്കുറിച്ച് എന്റെ അനുജൻ പാസ്റ്റർ കെ. ജെ. ജെയിംസ് എന്നും നന്ദിയോടെ അനുസ്മരിക്കാറുണ്ട്.

നീണ്ട ഒരു ഇടവേളയ്ക്കുശേഷം, ചില ആഴ്ചകൾക്ക് മുൻപ്, ഞാനും ഭാര്യയും അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, അച്ചൻ എന്നെ ഓർത്തെടുക്കാൻ എന്താണ് പറയേണ്ടത് എന്ന് അൽപ്പം ശങ്കിച്ചു നിന്ന എന്നെ പേരു ചൊല്ലി വിളിച്ച് അടുത്ത് ഇരുത്തിയതും നിറമിഴികളോടെ ഓർക്കുന്നു.

ലാളിത്യത്തിന്റെയും പരമാർത്ഥതയുടെയും നൈർമല്യത്തിന്റെയും ആൾരൂപവും തെളിവചനത്തിന്റെ നീർച്ചാലുമായിരുന്ന അച്ചനെ അടുത്തും അകലെയും നിന്ന് ആദരവോടെ നോക്കിക്കണ്ടവർ അദ്ദേഹം സാക്ഷിനിന്ന സത്യസുവിശേഷത്തിന്റെ ശക്തരായ വക്താക്കളാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

Advertisement 

Advertisement