നവം. 3 അഖില ലോക സണ്ടേസ്‌കൂള്‍ ദിനം 

നവം. 3 അഖില ലോക സണ്ടേസ്‌കൂള്‍ ദിനം 

നവം. 3 അഖില ലോക സണ്ടേസ്‌കൂള്‍ ദിനം 

എന്റെ കുഞ്ഞാടുകളെ മേയിക്ക

പാസ്റ്റര്‍ സാലു വര്‍ഗ്ഗീസ്

ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ തുടക്കത്തില്‍ ഗ്രാമങ്ങളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ നഗരങ്ങളില്‍ ചേക്കേറുകയും വ്യവസായശാലകളില്‍ ജോലിചെയ്യുകയും ചെയ്യുന്ന കാലം! ഞായറാഴ്ച മാത്രം ലഭിക്കുന്ന ഒഴിവുദിനത്തില്‍ ധാര്‍മ്മികതയുടെ അതിരുവരമ്പുകള്‍ ലംഘിച്ച് സാമുഹിക വിപത്തായി മാറിയ ബാല്യ കൗമാരങ്ങള്‍ നിറഞ്ഞാടിയ നഗരപ്രദേശങ്ങള്‍!! ഇവരുടെ പരിതാപകരമായ ജീവിത സാഹചര്യത്തെക്കണ്ട റോബര്‍ട്ട് റെയ്ക്‌സ് എന്ന ഒരു മനുഷ്യ സ്‌നേഹിയുടെ ഹൃദയതുടുപ്പുകളാണ് പിന്നീട് ഇന്ന് നമ്മള്‍ കാണുന്ന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ കാരണമാകുന്നത്!!!

1780 ല്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന കുട്ടികളെ കേന്ദ്രീകരിച്ച് ആരംഭിച്ച സാന്മാര്‍ഗ്ഗീക വേദപഠന ക്ലാസ്സുകളാണ് പിന്നിട് സണ്ടേസ്‌കൂള്‍ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. പത്ര പ്രസാധകന്‍, എഴുത്തുകാരന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു റെയ്ക്‌സ് (1736-1811).  

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഫാക്ടറികളില്‍ ജോലി ചെയ്യുന്ന കൊച്ചുകുട്ടികള്‍ക്ക് ഞായറാഴ്ചകളില്‍ അടിസ്ഥാനപരവും ദൈവശാസ്ത്രപരവുമായ വിദ്യാഭ്യാസം നല്‍കിയാല്‍ കുറ്റകൃത്യങ്ങളുടെ ജീവിതത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആംഗ്ലിക്കന്‍ ഇടവക ശുശ്രൂഷകന്റെ സഹകരണത്തോടെയാണ് ആദ്യത്തെ സ്‌കൂള്‍ തുറന്നത്. 1781 ല്‍ തന്റെ പത്രത്തിലുടെ ഗ്ലൗസെസ്റ്ററിലെ സണ്‍ണ്ടേസ്‌കൂളുകളെ കുറിച്ചും അതിലൂടെ കൂട്ടികളുടെ ജീവിത രീതിയില്‍ വന്ന പുരോഗമനപരമായ മറ്റത്തെക്കുറിച്ചും റെയ്ക്സ് എഴുതിയത് ഇംഗ്ലണ്ടിലെ ജനങ്ങളിലും സഭ നേതാക്കളിലും ഈ ശുശ്രൂഷയില്‍ താല്പര്യമുണര്‍ത്തി. ഇതിലൂടെ നിരവധി വൈദികര്‍ സ്‌കൂളുകളെ പിന്തുണച്ചു. ഇങ്ങനെ വിവിധ പള്ളികളില്‍ തുടങ്ങിയ സണ്ടേസ്‌കൂളുകളിലൂടെ കുഞ്ഞുങ്ങളെ ധാര്‍മ്മിക മൂല്യങ്ങളും, വായന, എഴുത്ത്, ബൈബില്‍ എന്നിവ പഠിപ്പിക്കാന്‍ കഴിഞ്ഞു.  

എന്നാല്‍ ചില പള്ളി അധികാരികള്‍ സ്‌കൂളുകളെ എതിര്‍ത്തു, കാരണം അദ്ധ്യാപനം ഞായറാഴ്ച ആചരണത്തിന് തടസ്സമാകുമെന്ന് അവര്‍ കരുതി. മറ്റു ചിലര്‍ ദരിദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ വിശ്വസിച്ചില്ല. കാരണം അത് വിപ്ലവത്തിലേക്ക് നയിച്ചേക്കാം എന്നതായിരുന്നു അവരുടെ ആശങ്ക. എന്നിരുന്നാലും, ഒടുവില്‍, സണ്‍ണ്ടേസ്‌കൂളുകള്‍ പള്ളികളുമായി അടുത്ത ബന്ധം പുലര്‍ത്തി. ആദ്യത്തെ സ്‌കൂള്‍ തുറന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം, റോബര്‍ട്ട് റെയ്ക്‌സ് മരിക്കുമ്പോള്‍, ബ്രിട്ടീഷ് ദ്വീപുകളില്‍ മാത്രം ഏകദേശം അഞ്ചു ലക്ഷം കുട്ടികള്‍ സണ്‍ഡേ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ പ്രസ്ഥാനം യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കും വടക്കേ അമേരിക്കയിലേക്കും അതിവേഗം വ്യാപിച്ചു. പിന്നീട് ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭ സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തെ ഏറ്റെടുത്തു. 1880 ല്‍ ലണ്ടനില്‍ ഒരു അഖിലലോക സണ്ടേസ്‌കൂള്‍ സമ്മേളനം നടത്തപ്പെട്ടു. 1907 ല്‍ അഖില ലോക സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ രൂപീകൃതമായി. 

ഇംഗ്ലണ്ടില്‍ ആരംഭിച്ച് ഏകദേശം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ത്യയിലും സണ്ടേസ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1876 ല്‍ ഇന്ത്യാ സണ്ടേസ്‌കൂള്‍ യൂണിയന്റെ പ്രവര്‍ത്തനം അലഹബാദ് കേന്ദ്രമാക്കി ആരംഭിച്ചു.

തെക്കന്‍ കേരളത്തില്‍ എല്‍.എം.എസ്സ് മിഷനറിമാര്‍ കുട്ടികള്‍ക്കുവേണ്ടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും, മദ്ധ്യകേരളത്തില്‍ ആംഗ്ലിക്കന്‍ മിഷനറിമാര്‍ 1816ല്‍ കുട്ടികള്‍ക്കായി വേദ പഠനം നടത്താനും തുടങ്ങി. 1839 ന് ശേഷം മലബാര്‍ പ്രദേശങ്ങളില്‍ ബാസല്‍ മിഷനറി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഞായറാഴ്ചകളില്‍ സൂര്യവാരശാല എന്ന പേരില്‍ വേദോപദേശ ക്ലാസുകള്‍ ആരംഭിക്കുകയും 1843ല്‍ കണ്ണൂര്‍ കേന്ദ്രമാക്കി ബാലോപദേശ ക്ലാസ് ആരംഭിക്കുകയും ചെയുതു. ഇതെല്ലാം കേരളത്തിലെ ക്രമീകൃതമായ സണ്ടേസ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. 

കേരളത്തിലെ നൂറു വര്‍ഷത്തെ പെന്തക്കൊസ്ത് ചരിത്രത്തിന്റെ ആദ്യ നാളുകള്‍ പരിശോധിച്ചാല്‍ വിദേശ മിഷനറിമാര്‍ കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു എന്നു മനസ്സിലാക്കാം. കുട്ടികള്‍ക്കുവേണ്ടിയുള്ള വേദപഠന ക്ലാസ്സുകള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ആര്‍.എഫ്. കുക്ക് പോലെയുള്ള മിഷനറിമാരുടെ ശുശ്രൂഷകളുടെ ആരംഭം. പിന്നീട് ഈ കുട്ടി കൂട്ടായ്മകള്‍ സഭകളായി രൂപപ്പെട്ടത് ചരിത്രമാണ്. അനേക പുതിയ വേലസ്ഥലങ്ങള്‍ ആരംഭിക്കുവാനും നിദാനമായത് സണ്ടേസ്‌കൂള്‍ ആയിരുന്നു എന്ന് അഭിമാനകരമാണ്.

കാര്യക്ഷമമായി സണ്ടേസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഇന്നും വളരെ ഫലവത്തായി കുട്ടികളെ ദൈവവചനവുമായി സന്ധിക്കുവാന്‍ കഴിയുമെന്ന് നിസംശയം പറയാം. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരിഷ്‌ക്കരിച്ച പാഠ്യപദ്ധതിയോടും പരിശീലനം ലഭിച്ച സമര്‍പ്പണമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ മുന്നേറേണ്ടതുണ്ട്. അതിന് സഭാ നേതൃത്വത്തിന്റെയും സണ്ടേസ്‌കൂള്‍ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനവും പരിശ്രമങ്ങളും മാതാപിതാക്കളുടെ പിന്‍തുണയും ആവശ്യമാണ്. എന്റെ കുഞ്ഞാടുകളെ മേയിക്ക എന്ന യേശുക്രിസ്തുവിന്റെ കല്പനയെ നമുക്ക് ഏറ്റെടുക്കാം. ഈ അഖില ലോക സണ്ടേസ്‌കൂള്‍ ദിനത്തില്‍ ദൈവരാജ്യത്തില്‍ അനേക കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന ഈ ശുശ്രൂഷയുടെ ഭാഗമാകുകയും പിന്‍തുണക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

Advertisement 

Advertisement