സായംസന്ധ്യയിൽ കൂടിച്ചേരലിന്റെ സ്നേഹ ചെഞ്ചായമണിയിച്ച് സി.വി. സാറിനൊപ്പം പി.വൈ.പി.എ പ്രവർത്തകർ
തൃശൂർ: ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളത പകർന്നു ജനറേഷൻ ഗ്യാപ്പില്ലാതെ കണ്ണാറയിൽ സ്നേഹകൂട്ടായ്മ ഒരുക്കി പിവൈപിഎ സംസ്ഥാന നേതൃത്വം. ഏഴര പതിറ്റാണ്ടു പിന്നിട്ട പിവൈപിഎയുടെ നാൾവഴികളിൽ ഒരിക്കലും മറക്കാനാവാത്ത സി.വി മാത്യു സാറിനെ കഴിഞ്ഞ ദിവസം ഭവനത്തിലെത്തി സന്ദർശിച്ച പിവൈപിഎ പ്രവർത്തകരാണ് സായംസന്ധ്യയെ കൂടിചേരലിലെ സ്നേഹത്തിൻ്റെ ചെഞ്ചായമണിയിച്ചത്.
പിവൈപിഎയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒട്ടേറെ തുടക്കങ്ങൾക്ക് നാന്ദിക്കുറിച്ച സി.വി സാറിനെ മറക്കാനാവില്ലെന്ന സന്ദേശമാണ് ആ സന്ദർശനത്തിലൂടെ പുതിയ തലമുറ പകർന്നത്. നേരത്തെ ചെല്ലുമെന്നറിയിച്ചതിനാൽ സ്നേഹത്തിൽ ചാലിച്ച രുചിക്കൂട്ടുമായി കാത്തിരിക്കുകയായിരുന്നു ക്രൈസ്തവ ലോകത്തെ എഴുത്തിന്റെ കാരണവർ കൂടിയായ സി.വി. സാർ.
അരനൂറ്റാണ്ടിനു മുമ്പുയുണ്ടായിരുന്ന പരിമിതികളെല്ലാം തൃണവൽക്കരിച്ച് നടന്നും വഴിയിൽ തങ്ങിയും ബസ്സ്റ്റാൻ്റിലുറങ്ങിയും ഉൾഗ്രാമങ്ങളിലെത്തിയും സി.വി. സാർ പിവൈപിഎ വളർത്താൻ പ്രയത്നിച്ച വൈതരണികളെല്ലാം ചർച്ചയായി. കുമ്പനാട് എത്തിയാൽ
സാറപ്പച്ചൻ്റെ നിർബന്ധത്താലുള്ള ബംഗ്ലാവിലെ രാപാർക്കലും സാറമ്മച്ചിയുടെ രുചിയുള്ള ഭക്ഷണവും മറ്റും പുതിയ തലമുറയോടു പകർന്നതു ആവേശത്തോടെയായിരുന്നു.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ഷിബിൻ ശാമുവേൽ, വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമ്മൻ, സെക്രട്ടറി ജസ്റ്റിൻ നെടുവേലി, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, ജനറൽ കോ-ഓർഡിനേറ്റർ ജോസി പ്ലാത്താനത്ത്, യുവജന കാഹളം സർക്കുലേഷൻ മാനേജർ സുബിൻ ആലഞ്ചേരി, അജി പത്തനാപുരം, സാറിന്റെ സഹധർമ്മിണി അമ്മിണി മാത്യു, മകൻ ആശിഷ് മാത്യു എന്നിവർ സി.വി സാറിനൊപ്പം ചെലവഴിച്ച സമയം പിവൈപിഎ യുടെ തിളക്കമാർന്ന പഴയകാലത്തേക്കുള്ള ഒരു തീർത്ഥയാത്രയായി.
പി.വൈ.പി.എ യുടെ വളർച്ചയ്ക്ക് ഗുഡ്‌ന്യൂസിലൂടെ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ലെന്നും യുവജന പ്രസ്ഥാനത്തോട് കാണിക്കുന്ന എല്ലാവിധ പ്രോത്സാഹനങ്ങൾക്കും എന്നും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് സംസ്ഥാന സമിതിയുടെ സ്നേഹാദരവ് നൽകിയാണ് യുവജന പ്രവർത്തകർ പിരിഞ്ഞത്.
Advertisement