ലണ്ടനിലെ കൊടുംതണുപ്പിലും സ്വർഗ്ഗീയ തീയുടെ ചൂടുമായി എബ്രഹാം പുത്തൻപുരക്കൽ

ലണ്ടനിലെ കൊടുംതണുപ്പിലും സ്വർഗ്ഗീയ തീയുടെ ചൂടുമായി എബ്രഹാം പുത്തൻപുരക്കൽ
എബ്രഹാം പുത്തൻപുരക്കലിനൊപ്പം പാസ്റ്റർ സാം തോമസ്

ലണ്ടനിലെ കൊടുംതണുപ്പിലും സ്വർഗ്ഗീയ തീയുടെ ചൂടുമായി സാക്ഷ്യം വഹിക്കുന്ന സുവിശേഷകൻ എബ്രഹാം പുത്തൻപുരക്കൽ

പാസ്റ്റർ സാം തോമസ് ദോഹ

ഔദ്യോഗിക ആവശ്യത്തിന് ഇംഗ്ലണ്ടിൽ എത്തിയതായിരുന്നു ഞങ്ങൾ. ഓഫീസ് ആവശ്യങ്ങൾ നിർവ്വഹിച്ച ശേഷം മടങ്ങും മുമ്പ്  ലണ്ടൻ ബ്രിഡ്ജ് കാണാനായി ഒരാഗ്രഹം തോന്നി. അതിനായിട്ടാണ് ഞാനും ഭാര്യ സൂസനും നടന്നു തുടങ്ങിയത്. മനോഹരമായ ലണ്ടൻ ബ്രിഡ്ജ് കാണുവാൻ നല്ല തണുപ്പിലും ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസവും ഇങ്ങനെ നടക്കുന്നത്. 

ഞങ്ങൾ പാലത്തിൽ കയറിയ സമയം ഒരാൾ ചക്രമുള്ള ഒരു ഇരിപ്പടത്തിൽ ഒരു വലിയ പ്ലാക്കാർഡ് ഉയർത്തിപ്പിടിച്ചിരിക്കുന്ന തായി എൻ്റെ ശ്രദ്ധയിൽപ്പെട്ടു.
ഏതോ സന്നന്ധ സംഘടനക്കാർ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ആണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത് ബൈബിൾ സന്ദേശമാണന്ന് മനസിലായത്. ഞങ്ങൾ സംസാരിക്കാൻ ആരംഭിച്ചു. ഒരു പാട് വർഷങ്ങളായി ഇംഗ്ലണ്ടിലുടനീളം ലിറ്ററേച്ച റിലൂടെയും ഇതുപോലെയുള്ള സൈൻ ബോർഡുകളിലൂടെയും കർത്താവിൻ്റെ സാക്ഷ്യം വഹിക്കുന്ന റാന്നി സ്വദേശിയും ലണ്ടനിൽ സ്ഥിരതാമസക്കാരനുമായ സുവിശേഷകൻ എബ്രഹാം പുത്തൻ പുരയ്ക്കൽ എന്ന ഒരു മലയാളിയാണ് ഇദ്ധേഹമെന്ന് എനിക്ക് മനസിലായത്. ആദ്യം ജർമ്മനിയിലായിരുന്ന പുത്തൻപുരക്കൽ കുടുംബം വർഷങ്ങൾക്ക് മുമ്പാണ്  ബിസിനസും ജോലിയുമായി ലണ്ടനിലേക്ക് കുടിയേറിയത്. ഇദ്ദേഹത്തെക്കുറിച്ച്
മുൻപെങ്ങോ ഗുഡ് ന്യൂസിൽ വായിച്ച ഒരു ഓർമ്മ എനിക്കുണ്ടായത് അപ്പോഴാണ്.
അദ്ദേഹത്തിൻ്റെ പ്രായത്തേയോ ലണ്ടനിലെ കഠിനമായ തണുപ്പിനെയോ വകവയ്ക്കാതെ രാവിലെ പതിനൊന്ന് മുതൽ  കൈകളിൽ ഏന്തുന്ന ഇരുവശങ്ങളിലും എഴുത്തുള്ള ഈ സൈൻ ബോർഡ് വൈകിട്ട് ആറുമണിക്കാണ് താഴ്ത്തുന്നത്.  

ഒരു കാലത്ത് ലോക രാജ്യങ്ങൾ ദൈവസ്നേഹം അറിയാനായി ആയിരക്കണക്കിന് മിഷണറിമാർ പുറപ്പെട്ട രാജ്യമാണ് യു.കെ. മഹാൻമാരായിരുന്ന വില്യം കേറിയും, ഡേവിഡ് ലിവിംഗ്സ്റ്റണും അവരിൽ രണ്ടു പേർ മാത്രം. ഇന്നാ രാജ്യത്തിൻ്റെ സ്ഥിതി ആകെ മാറി. ഇതിൻ്റെ മദ്ധ്യത്തിലാണ് ആ രാജ്യത്തിലേക്ക് കുടിയേറ്റക്കാരായി ചെന്ന മറ്റ് രാജ്യക്കാർ ലജ്ജ കൂടാതെ  കർത്താവിൻ്റെ സാക്ഷ്യം വഹിക്കുന്നത്. സുവിശേഷകൻ എബ്രഹാമിൻ്റെ മകൻ പാസ്റ്റർ ആനന്ദ് പുത്തൻപുരക്കൽ ലണ്ടൻ - കെൻറിലെ അനുഗ്രിക്കപ്പെട്ട സഭയുടെ ശുശ്രൂഷകനാണ്.

ദോഹ ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന എനിക്ക് ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ചില ഔദ്യോഗിക ആവശ്യങ്ങൾക്കാണ് ലണ്ടനിലേക്ക് യാത്ര ചെയ്തതെങ്കിലും ധീരനും ഉത്സാഹിയുമായ ഒരു നല്ല മലയാളി മിഷണറിയെ പരിചയപ്പെടാൻ കഴിഞ്ഞതിലുള്ളസന്തോഷത്തോടെയാണ് ഞാനും സൂസനും ലണ്ടൻ- ഹീത്രൂവിൽ നിന്ന് ദോഹയിലേക്ക് മടങ്ങിയത്.

Advertisement