കന്യാസ്ത്രീകളെ ജയിലിലടച്ചത് അപലപനീയം: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്

കന്യാസ്ത്രീകളെ ജയിലിലടച്ചത് അപലപനീയം: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്

പുനലൂർ: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിടലടച്ച സംഭവം അപലപനീയമെന്ന് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ മാത്യു. ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘടിത മതമൗലികവാദികൾ ചില വർഷങ്ങളായി മതന്യൂനപക്ഷങ്ങളോട് കാട്ടുന്ന കടുത്ത അനീതിയുടെയും അസഹിഷ്ണുതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.  സമൂഹത്തിൻ്റെ നന്മയ്ക്കായും സമാധാനത്തിനായും പ്രവർത്തിക്കുന്ന മിഷനറിമാരുടെ പ്രവർത്തനം മനുഷ്യക്കടത്ത്‌, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് എതിർക്കുന്നത് ഖേദകരമാണ്.

വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർഷങ്ങളായി നിലവിലുള്ള സഭാമന്ദിരങ്ങൾ തകർത്തും വ്യാജ പരാതികൾ രജിസ്റ്റർ ചെയ്ത് പാസ്റ്റർമാരെയും സുവിശേഷകരെയും വിശ്വാസികളെയും ജയിലിൽ അടച്ചും മർദ്ദിച്ചും ഈ വലിയ ജനാധിപത്യരാഷ്ട്രത്തിൽ നഗ്നമായ ഭരണഘടനാലംഘനം നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ തൊഴിലെടുത്തു ജീവിക്കുവാൻ പോയ യുവതികളോട് ബന്ധപ്പെട്ടാണ് ഈ വിവാദം ഉണ്ടായിട്ടുള്ളതെന്നും ഭരണഘടന നൽകുന്ന അവകാശം ഹനിക്കലാണെന്നും പ്രസ്താവിച്ചു.

അതിനിടയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരുടെ വിവാദ പ്രസ്താവന അനവസരത്തിൽ ഉള്ളതാണെന്നും മറ്റൊരാൾ നിർബന്ധിച്ചതുകൊണ്ടോ പ്രേരിപ്പിച്ചതുകൊണ്ടോ . മതം മാറി ക്രൈസ്തവ വിശ്വാസിയാകാൻ ആർക്കും സാധ്യമല്ലെന്നും നിർബന്ധിത മതപരിവർത്തനം പെന്തെക്കോസ്തുകാരാരും ചെയ്യുന്നില്ലെന്നും അത്തരം പ്രവർത്തനങ്ങൾ ക്രൈസ്തവ ദർശനമല്ലെന്നും പാസ്റ്റർ കെ.ജെ. മാത്യു പറഞ്ഞു.

ഒരു പതിറ്റാണ്ടു മുൻപ് രാജസ്ഥാനിലെ ജയപ്പൂരിൽ നടത്തിവന്ന ഒരു അനാഥശാലയിലെ അന്തേവാസികൾ കോടതിയിൽ മാറ്റിപ്പറഞ്ഞ മൊഴിയാൽ ഇന്നും ഒരു മിഷനറി തടവറയിൽ ജീവിതം തള്ളി നീക്കുകയാണ്. 

' മറ്റ് ഏത് ക്രൈസ്തവ വിഭാഗങ്ങളെക്കാൾ ഞങ്ങൾ യേശു ക്രിസ്തുവിന്റെ സുവിശേഷം ഒരു വിട്ടുവീഴ്ചയുമില്ലാതെ പറയുന്നവരാണ് പെന്തെക്കോസ്തുകാർ. ഇനിയും പറഞ്ഞു കൊണ്ടിരിക്കും. പക്ഷേ ഞങ്ങൾ ഒരിക്കൽ പോലും ആരെയും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ല. നമ്മുടെ ഭരണഘടനയുടെ 25(1) അനുഛേദം നൽകുന്ന സ്വാതന്ത്ര്യം ഞങ്ങൾ ഉപയോഗിക്കുന്നു എന്നു മാത്രം. ഒരു മതത്തിൽ ജനിച്ചതുകൊണ്ട് സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി ആരെയും ആ മതത്തിൽ തളച്ചിടുവാൻ കഴിയില്ല എന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ വി. ജി. അരുൺ അടുത്ത ഇടയ്ക്ക് പുറപ്പെടുവിച്ച വിധിയും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. അപ്പോൾ തന്നെ ഭരണഘടന ഉയർത്തിപ്പിടിച്ചു കൊണ്ട് ഞങ്ങൾ പറയുന്നു, യാതൊരു കാരണവശാലും നിർബന്ധത്താലോ, പ്രലോഭനത്താലോ ആരെയും മതം മാറ്റുവാൻ പാടില്ല '  എന്നും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ. ജെ. മാത്യു പത്രക്കുറിപ്പിലൂടെ അറിയിച്ചു.