ക്ഷമ ആട്ടിന്‍ സൂപ്പിന് തുല്യം; ചെറിയ മഴ കണ്ട് പിൻതിരിയരുത്

പാസ്റ്റർ മനു ഫിലിപ്പ് ഫ്ലോറിഡ
ഭയമുണര്‍ത്തുന്ന മരണത്താഴ്വര തൊട്ടു തലോടി ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. നോക്കെത്താ ദൂരത്തോളം സൈപ്രസ്, പൈന്‍, ഓക്ക് മരങ്ങള്‍, സെക്കോയ മരങ്ങളും കാണാം. ശൈത്യകാലത്തു പോലും ചില മരങ്ങളുടെ ഇലകള്‍ കൊഴിയാറില്ല. ആകാശത്തില്‍ വട്ടമിട്ടു പറന്നിട്ടു ചാട്ടുളിപോലെ താഴേക്കു പറന്നുവന്നു വലിയ മത്സ്യവുമായി അപ്രത്യക്ഷമാകുന്ന കഴുകന്മാര്‍.

ടൂര്‍ ഗൈഡ് മുപ്പതില്‍ കൂടുതല്‍ ആളുകള്‍ക്ക് കയറാന്‍ കഴിയുന്ന ഒതുക്കമുള്ളതും വലിയ ജനാലകളുള്ളതുമായ ഒരു ബസില്‍ ഞങ്ങളെ കൊണ്ടുപോയി. നിരവധി ബോട്ട് തുറമുഖങ്ങളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയും കടന്നുപോകുന്ന മനോഹരമായ ഗാസ്റ്റിനോ ചാനലിലൂടെയുള്ള യാത്ര പുറപ്പെട്ട് 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. 45 മൈല്‍ റോഡ് മാത്രം ജുനോവിന്‍റെ പ്രത്യേകത. പര്യടനത്തിനിടയില്‍, ഈ റോഡിന്‍റെ 13 മൈല്‍ കഴിയുമ്പോള്‍ പ്രശസ്തമായ മെന്‍ഡന്‍ഹാള്‍ ഹിമാനിയില്‍ എത്തിച്ചേരും. തെക്കു കിഴക്കന്‍ അലാസ്കയിലെ ഒരേയൊരു ഹിമാനിയാണിത്. റോഡ് മാര്‍ഗം പോകുവാന്‍ കഴിയുന്നതും അലാസ്കയുടെ മൂന്നു പ്രധാന ആകര്‍ഷണവുമാണ്. സന്ദര്‍ശകകേന്ദ്രം പര്യവേക്ഷണം ചെയ്യാന്‍ ഒന്നര മണിക്കൂര്‍ സമയമുണ്ട്. ഫോട്ടോ പോയിന്‍റ് ട്രയല്‍, നഗറ്റ് വെള്ളച്ചാട്ടം എന്നിവയിലൂടെ നടക്കുക, അല്ലെങ്കില്‍ വനത്തിലൂടെയുള്ള നിരവധി ബോര്‍ഡ് വാക്കുകളിലൊന്നില്‍ വിശ്രമിക്കുവാന്‍ കഴിയും. സൈറ്റിലെ ഫോറസ്റ്റ് സര്‍വീസ് വ്യാഖ്യാതാക്കളില്‍ നിന്ന് പ്രകൃതി ചരിത്രവും അവിടെ താമസിക്കുന്ന കരടികളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.

നഗറ്റ് വെള്ളച്ചാട്ടത്തിലേക്കുള്ള പാത 15-20 മിനിറ്റ് നടന്നാല്‍ മഞ്ഞുമലകള്‍ നിറഞ്ഞ തടാകത്തിലെ വലുതും മനോഹരവുമായ വെള്ളച്ചാട്ടം കണ്ടാസ്വദിക്കുവാന്‍ കഴിയും. ഒഴുകുന്ന മനോഹരമായ ഹിമാനി കാഴ്ചയും കാണാം. ജൂലൈ അവസാനം മുതല്‍ സെപ്തംബര്‍ വരെ മെന്‍ഡന്‍ഹാള്‍ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സാല്‍മണ്‍ മത്സ്യം പിടിക്കുന്ന കറുത്ത കരടികളുടെ കാഴ്ചകള്‍ കാണാന്‍ കഴിയും. മേഘാവൃതമായ ദിവസങ്ങളില്‍ ഹിമാനികള്‍ മനോഹരമാണ്. മൂടല്‍മഞ്ഞുള്ള ദിവസങ്ങള്‍ക്ക് മികച്ച ഹിമാനികളുടെ കാഴ്ചകളും ഫോട്ടോഗ്രാഫുകളും എടുക്കുവാന്‍ കഴിയും. ഐസ് നീലയായി കാണപ്പെടുന്നതു എന്തുകൊണ്ടാണ്? അതിന്‍റെ കാരണം അത് പ്രതിഫലിപ്പിക്കുന്ന നീല ഒഴികെയുള്ള ദൃശ്യപ്രകാശ സ്പെക്ട്രത്തിന്‍റെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്നതുകൊണ്ടാണ്. ഏറ്റവും കുറവ് വായുസഞ്ചാരമുള്ള പ്രദേശങ്ങളില്‍ ഐസ് നീലയാണ്.

ഹിമാനികള്‍ എങ്ങനെ രൂപപ്പെടുന്നു എന്ന് ചോദിച്ചാല്‍ വര്‍ഷം തോറും, മഞ്ഞ് അടിഞ്ഞുകൂടുകയും മുന്‍ വര്‍ഷങ്ങളിലെ മഞ്ഞ് പാളികള്‍ ഖര ഐസായി ശേഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ത്തന്നെ വെളുത്ത ഐസുകളും കാണാം.
യാത്ര പുറപ്പെട്ടു അധികസമയം കഴിയു ന്നതിനു മുന്‍പേ ദൗര്‍ഭാഗ്യവശാല്‍ ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ചാറ്റല്‍ മഴ പെട്ടെന്ന് പെയ്തിറങ്ങി. ആകാശത്തേയ്ക്ക് ഞാന്‍ പാളി നോക്കി. പൈസ കൊടുത്തു ടൂര്‍ അറേഞ്ച് ചെയ്ത എന്‍റെ ഹൃദയം തുടി കൊട്ടുന്നുണ്ടായിരുന്നു. നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികളോടൊപ്പം ചുറ്റുമുള്ളവരുടെ വാക്കുകള്‍ എന്‍റെ ഹൃദയത്തിലും അല്പം കാര്‍മേഘം പടര്‍ത്താതിരുന്നില്ല. ഉടനെ തന്നെ തിരികെ പോകണമെന്ന ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടു വന്നതിനാല്‍ ഞാനും ആ അഭിപ്രായത്തിനു വഴങ്ങുകയല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു. ഞങ്ങള്‍ തിരികെ എത്തി പത്തു മിനിറ്റുള്ളില്‍ മഴ തോര്‍ന്നു വളരെ നല്ല കാലാവസ്ഥയായി. പ്രായമുള്ളവര്‍ പറയുന്ന ഒരു പഴംചൊല്ലുണ്ടായിരുന്നു ക്ഷമ ആട്ടിന്‍ സൂപ്പിന് തുല്യമാണെന്ന്. പനിനീര്‍പൂവിനു പിറകിലെ മുള്ളുകള്‍ കണ്ടു നമ്മള്‍ക്ക് പരാതികള്‍ പറയാം. എന്നാല്‍, മുള്ളുകള്‍ക്കു മീതെയുള്ള മനോഹരമായ പനിനീര്‍പ്പൂവ് കണ്ടു സന്തോഷിക്കാം. തിരഞ്ഞെടുക്കാനുള്ള സ്വന്തന്ത്ര്യം നമ്മുടേതാണ്. ചെറിയ മഴ നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ടൂര്‍ ഗൈഡുകളും ഈ ടൂറിന്‍റെ ബ്രോഷറിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത്രയും എഴുതാന്‍ കാര്യം ഈ അലാസ്ക്ക യാത്രയിലെ രണ്ടാമത്തെ ഏറ്റവും ആകര്‍ഷകരമായ യാത്രയായിട്ടാണ് മെന്‍ഡന്‍ ഹാള്‍ ഗ്ലേഷ്യര്‍ ഐസ്ഫീല്‍ഡിനെ വിശേഷിപ്പിക്കുന്നത്.

അഞ്ചാം ദിവസം ഞാനല്പം നേരെത്തെ ഉണര്‍ന്നതിനാല്‍ കപ്പല്‍ കരയടുക്കാറായോ എന്ന് കര്‍ട്ടന്‍ നീക്കി നോക്കി. അപ്പോള്‍ കര ദൂരത്തായി കാണാമായിരുന്നു. ഉദയസൂര്യന്‍റെ ഇളം പ്രഭയില്‍ ഒരു നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭൂമി. രാവിലെ 7 മണിക്ക് മുന്‍പേ കപ്പല്‍ കരയടുത്തു. ചെറിയ ചാറ്റല്‍മഴ പൊടിയുന്നുണ്ടായിരുന്നു. അത് വക വെയ്ക്കാതെ ഞങ്ങള്‍ സിറ്റി ബസ്സില്‍ കയറി ട്രെയിന്‍ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രെയിന്‍ 372-ല്‍ കയറി 1 1/2 മണിക്കൂര്‍ യാത്ര ആരംഭിച്ചു. ടൂര്‍ ഗൈഡിന്‍റെ പേരുകള്‍ പിം എന്നും ഡെയ്ല്‍ എന്നുമാണ്. മലമ്പാതയിലൂടെ ട്രെയിന്‍ സാവധാനം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പാമ്പ് പോലെ ഇഴഞ്ഞു താഴേയ്ക്ക് ചുറ്റിക്കറങ്ങുന്ന പാത. പാതകളില്‍ തട്ടി സീല്‍ക്കാരത്തോടെ ചിതറി ഒഴുകുന്ന വലിയ വെള്ളച്ചാട്ടങ്ങള്‍. സ്കാഗ്വേയില്‍ ചിലവഴിക്കണ്ടേ സമയം 6 മണിക്കൂറാണ്. പ്രകൃതി ദൃശ്യങ്ങളെ ക്കുറിച്ചുള്ള നമ്മുടെ മൃദുലസൗന്ദര്യ ധാരണകള്‍ ആകെ മാറ്റിമറിക്കുന്നതായിരുന്നു അവിടെ കണ്ടത്.



ആര്‍ക്കും പിടി തരാത്ത ഒരു ദൃശ്യമായാജാലമാണ് അവിടെ കാണാനായത്. സ്കാഗ്വേ വൈറ്റ്പാസ് റെയില്‍റോഡ് സമ്മിറ്റ് എക്സ്കര്‍ഷന്‍ ഏറ്റവും ജനപ്രിയമായ സ്കാഗ്വേ വിനോദയാത്രയാണ്! ടൈഡ്വാട്ടറില്‍ നിന്ന് 20 മൈല്‍ യാത്ര ചെയ്ത് വൈറ്റ് പാസ്സിന്‍റെ കൊടുമുടിയിലേക്ക് 2,865 അടി ഉയരം! വൈറ്റ് പാസിലൂടെയും ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസറിലേക്കുള്ള ഈ അവിശ്വസനീയമായ 27.7 മൈല്‍, ട്രെയിന്‍ യാത്ര വളരെ വിലപ്പെട്ടതാണ്.
(തുടരും)

