തേടുന്നവരും തടയുന്നവരും

പാസ്റ്റർ ജോമോൻ കെ. വർഗീസ് ദുബായ്
'ഹാച്ചിക്കോ' എന്ന ജാപ്പനീസ് നായയുടെ സംഭവകഥ പ്രസിദ്ധമാണ്. ടോക്കിയോ സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ഹിഡെസാബുറോ യുനോ എന്ന തന്റെ യജമാനനോടുള്ള അസാധാരണ സ്‌നേഹവും, വിശ്വസ്തതയും പ്രകടമാക്കിയ അകിത ഇനത്തിൽപെട്ട നായ, ഷിബുയ സ്റ്റേഷനിൽ കാത്തിരുന്നത് നീണ്ട 9 വർഷങ്ങൾ!. എല്ലാ ദിവസവും രാവിലെ സ്റ്റേഷൻ വരെയും, വൈകുന്നേരം സ്റ്റേഷനിൽ നിന്നു വീട്ടിലേക്കും അവൻ തന്റെ യജമാനനെ അനുഗമിക്കുമായിരുന്നു. 1925 മെയ് മാസത്തിലെ ഒരു ദിവസം പതിവുപോലെ രാവിലെ യാത്രയയച്ച് വൈകുേന്നരം കാത്തു നിന്നെങ്കിലും യുനോ മടങ്ങി വന്നില്ല. അദ്ദേഹം ജോലി സ്ഥലത്ത് വച്ച് മസ്തിഷ്‌ക രക്തസ്രാവം മൂലം മരണമടഞ്ഞു.
അടുത്ത 9 വർഷവും ഒമ്പതു മാസവും 15 ദിവസവും മുടങ്ങാതെ പതിവ് സമയത്ത് യജമാനനെ തേടിയെത്തുന്ന നായ പിന്നീട് പത്രവാർത്തകളിലും വെള്ളിത്തിരകളിലും ഒക്കെ സ്ഥാനം പിടിച്ചു. 1935 മാർച്ച് 8-ന്, ഷിബുയയിലെ തെരുവിൽ ഹാച്ചിക്കോ മരിച്ചതായി കണ്ടെത്തുന്നതുവരെ ആ കാത്തിരിപ്പ് നീണ്ടു.
ഹാച്ചിക്കോ കേവലം ഒരു സംഭവകഥയിലെ നായകൻ മാത്രമല്ല, ബന്ധങ്ങളുടെയും, കടപ്പാടുകളുടെയുമൊക്കെ വലിപ്പം ഓർമപ്പെടുത്തുന്ന ഒരു പ്രതീകം കൂടിയാണ്.
നേട്ടങ്ങൾക്കു വേണ്ടിയുള്ള തിരക്കുകൾക്ക് വേഗത വർദ്ധിക്കുകയും, സ്വകാര്യതകളുടെ മതിലുകൾക്ക് ഉയരം കൂടുകയും ചെയ്യുന്നിടത്ത് ബന്ധങ്ങൾ യാന്ത്രികമാകുന്നു. ഹൃദയബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുന്നു. കരുതേണ്ടതും, പരിപാലിക്കപ്പെടേണ്ടതുമായ പലരെയും പരിഗണിക്കാതെയും, സ്പർശിക്കാതെയും പോകുന്നു. ഇതിനിടയിൽ വ്യത്യസ്തമായൊരു ദൗത്യമാണ് ദൈവമക്കളുടെ കൂട്ടായ്മ ബന്ധത്തിൽ സംഭവിക്കേണ്ടത്. ദൈവസഭ എന്നതിന് 'ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വിളിച്ച് ചേർക്കപ്പെട്ടവരുടെ കൂട്ടം' എന്ന അർത്ഥമുണ്ട്. ''കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു'' (അ. പ്രവൃ. 2:47) എന്ന് ഒന്നാം നൂറ്റാണ്ടിലെ സഭയുടെ തുടക്കത്തെക്കുറിച്ച് പരിശുദ്ധാത്മാവ് തിരുവെഴുത്തിൽ രേഖപ്പെടുത്തി.

തലയാകുന്ന ക്രിസ്തുവിന്റെ ശരീരമായിട്ടാണ് (എഫെ. 5:23) സഭ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ, തലയാകുന്ന ക്രിസ്തുവിന്റെ സ്വഭാവം സഭയിൽ പ്രകടമാക്കപ്പെടേണ്ടത് അനിവാര്യമാണ്.
നഷ്ടപ്പെട്ടുപോയ മനുഷ്യനും, തേടിയെത്തുന്ന ദൈവവും വേദപുസ്തകത്തിന്റെ പ്രധാന പ്രമേയമാണ്. 'നീ എവിടെ?' (ഉല്പത്തി 3:9) എന്ന സ്രഷ്ടാവിന്റെ ഏദെൻ തോട്ടത്തിലെ ആദ്യ ചോദ്യം തന്നെ ആ സൂചന നൽകുന്നതാണ്. ''കാണാതെ പോയതിനെ തിരഞ്ഞ് രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത്'' (ലൂക്കൊസ് 19:10) എന്ന് മശിഹാ തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തുമ്പോഴും ആ കാര്യം ഒന്നു കൂടെ വ്യക്തമാക്കുകയായിരുന്നു.
ഗന്നസരേത്ത് തടാകത്തിന്റെ കരയിലെ രണ്ട് പടകുകളിൽ നിന്നു ശീമോന്റെ പടക് തന്നെ തെരഞ്ഞെടുത്തത് ആ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു (ലൂക്കൊസ് 5:3). ''ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും'' (ലൂക്കൊസ് 5:10) എന്ന ദൗത്യം ഭരമേൽപിച്ചപ്പോൾ തേടിപ്പോകാനുള്ള നിയോഗം നൽകുകയായിരുന്നു. ഏകദേശം മൂന്നര കൊല്ലത്തിനു ശേഷം പുനരുത്ഥാനാനന്തരം തിബര്യാസ് കടല്ക്കരയിലെ കണ്ടുമുട്ടലും , ഹൃദയം തൊട്ടുള്ള സംഭാഷണവും തേടിയെത്തിയ ദൗത്യത്തിലേക്ക് അവനെ തിരികെ കൊണ്ടുവരുവാൻ വേണ്ടിയായിരുന്നു. (യോഹ. 21) ''വന്നു പ്രാതൽ കഴിച്ചുകൊൾവിൻ'' (യോഹ. 21:11) എന്ന ഹൃദ്യമായ ആഹ്വാനം, അകലം വിട്ട യാത്രയിൽ വീണ വിള്ളലിന്റെ വലിപ്പം കൂട്ടാതെ ചേർത്തു പിടിക്കുവാനുമായിരുന്നു.

ശിഷ്യന്മാരിൽ നിന്നു ക്രിസ്തു പ്രതീക്ഷിച്ചത് നഷ്ടപ്പെടുത്താതെ നേടുവാനുള്ള വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെയാണ് അവർ ശിശുക്കളെ തടഞ്ഞപ്പോഴും (മർക്കൊസ് 10:13,14), ബർത്തിമായിയെ വിലക്കിയപ്പോഴും (മർക്കൊസ് 10:48) ഒക്കെ യേശു മുഷിഞ്ഞതും ഇടപെട്ടതും. തേടുന്ന ക്രിസ്തുവിന്റെ മനസ്സറിയാതെ തടയുന്ന ശിഷ്യന്മാർ വിപരീത സ്വഭാവമാണ് വെളിപ്പെടുത്തിയത്.
അവരുടെ ഇടയിലാണ്, അന്ത്രെയാസ് വ്യത്യസ്തനായത്. സ്‌നാപക യോഹന്നാന്റെ ശിഷ്യനായിരുന്ന അന്ത്രെയാസ് യേശുവിനെ കണ്ടുമുട്ടിയപ്പോൾ മുതൽ തേടുന്ന ദൗത്യം ആരംഭിച്ചു. ആദ്യം കണ്ടെത്തുന്നത്, തന്റെ സഹോദരനായ ശീമോനെ തന്നെയാണ് (യോഹ. 2:41) ആ ശീമോൻ, ശിഷ്യഗണത്തിലെ അഗ്രഗണ്യനായി പിന്നീട് മാറിയെന്നത് അന്ത്രെയാസിന്റെ ദൗത്യത്തിന്റെ വലിപ്പം വെളിപ്പെടുത്തുന്നു. പിന്നീട് ''ഇവിടെ ഒരു ബാലകൻ ഉണ്ട്'' (യോഹ. 6:9) എന്നു പറഞ്ഞ് യേശുവിന്റെ അടുക്കൽ എത്തിച്ചപ്പോൾ, അവന്റെ പക്കലുള്ള അഞ്ച് യവത്തപ്പവും രണ്ട് മീനും ആയിരങ്ങളുടെ വിശപ്പിന്റെ ശമനത്തിനുളള പ്രധാന ഉറവിടമായി മാറിയെന്നതും ഓർക്കുക. എന്നാൽ ആ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടുവാൻ തിടുക്കം കൂട്ടിയ ശിഷ്യന്മാരുടെയും അത്രയും വലിയ ജനക്കൂട്ടത്തിന് മുമ്പിൽ 'നമ്മളെക്കൊണ്ട് ഒന്നും നടക്കില്ല' എന്ന ന്യായീകരണം കണ്ടെത്തിയ ഫിലിപ്പോസിന്റെയുമൊക്കെ ഇടയിൽ നിന്നുമാണ് അന്ത്രെയാസ് ആ ബാലനെ കണ്ടെത്തിയതെന്നും നാം ചിന്തിക്കണം.
തേടുന്നവനും തടയുന്നവനും ഇന്നും സമൂഹത്തിലും സഭയിലും സജീവമാണ്. വാക്കുകൾ കൊണ്ടും മനോഭാവങ്ങൾ കൊണ്ടും ഇടപെടലുകൾ കൊണ്ടുമൊക്കെ ഇത് പ്രകടമാക്കപ്പെടുന്നുണ്ട്. വാതിലുകൾക്ക് 'വാ... ഇതിലെ' എന്നും, മതിലുകൾക്ക് 'മതി... ഇതിലെ' എന്നും ഒരു വ്യാഖ്യാനമുണ്ട്. സ്വീകാര്യതയുടെ വാതിലുകളാകേണ്ട പലയിടങ്ങളിലും സ്വാർത്ഥതയുടെയും സ്വകാര്യതയടെയും മതിലുകൾ തീർത്ത് അവസരങ്ങൾ നിഷേധിക്കുന്ന പലരുമുണ്ട്. ഒരുതരം 'അമിത സംരക്ഷണം' എന്ന സ്വഭാവ വൈകൃതവും ചിലപ്പോൾ ഈ പ്രവണതയ്ക്ക് കാരണമാകാം.
''ഞാൻ വാതിൽ ആകുന്നു'' (യോഹ. 10:9) എന്ന അരുമനാഥന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ബർന്നബാസ് എന്ന വാതിലിലൂടെയാണ് പൗലൊസ് ആദിമസഭയ്ക്ക് അഭിമതനായത് (അ. പ്രവൃ. 11:25). പിന്നീട് തന്നേക്കാൾ പ്രസിദ്ധനും സ്വീകാര്യനുമൊക്കെയായി പൗലൊസ് മാറിയപ്പോഴും 'ദൈവകൃപ കണ്ട് സന്തോഷിക്കുന്ന' (അ. പ്രവൃ. 11:23) ആ പ്രബോധനപുത്രന്റെ ഈഗോയെ അത് ഒരിക്കലും ബാധിച്ചതായി കാണുന്നില്ല. ചില നാളുകൾക്കുശേഷം ആശയപരമായ വലിയ തർക്കത്തിനിടയിൽ പൗലൊസ് കെട്ടിയ മതിലിനകത്തു നിന്നു മർക്കൊസിനുവേണ്ടി ബർന്നബാസ് ഒരു വാതിൽ ഒരുക്കി എന്നതും നാം ശ്രദ്ധയോടെ കാണണം (അ. പ്രവൃ. 15:35-40). ആ വാതിലിലൂടെ പുറത്ത് കൊണ്ടുവന്ന മർക്കൊസ്, പിന്നീട് മതിൽ കെട്ടിയ പൗലൊസിന് തന്നെ വളരെ ഉപയോഗമുളളവനായി (2 തിമൊ. 4:11) മാറി എന്നത് ഒരു ദൈവിക നീതിയുമാണ്.
ചെറിയൊരു പുഞ്ചിരി കൊണ്ടോ, പ്രോത്സാഹനത്തിന്റെയോ കരുതലിന്റെയോ ചെറിയൊരു വാക്കു കൊണ്ടോ തുറന്നിടുവാൻ പറ്റുന്ന വാതിലുകളുണ്ട്. വലിയൊരു ഇരുട്ടിലേക്ക് അരിച്ചിറങ്ങുന്ന വെള്ളിവെളിച്ചമായി അത് മാറിയേക്കാം. തടയുന്ന മതിലുകളുടെ ഉയരം കൂട്ടാതെ, തേടുന്ന വാതിലുകളുടെ എണ്ണം വർദ്ധിപ്പിക്കുക.

