ആ സ്വരമാധുരി ഇനി ഇമ്പങ്ങളുടെ പറുദീസയിൽ

ആ സ്വരമാധുരി ഇനി ഇമ്പങ്ങളുടെ പറുദീസയിൽ

അനുസ്‌മരണം 

ആ സ്വരമാധുരി ഇനി ഇമ്പങ്ങളുടെ പറുദീസയിൽ

ടോണി ഡി. ചെവ്വൂക്കാരൻ

അനുഗ്രഹീത സ്വരമാധുരിയാല്‍ മനുഷ്യ മനസ്സുകളില്‍ സ്വർഗ്ഗീയ സന്തോഷം പകർന്ന ക്രൈസ്തവ ഗായിക ബീന ഭക്തവത്സലന്‍ (66) ജൂണ്‍ 2ന് മരുവിലെ പ്രയാണം പൂർത്തിയാക്കി താന്‍ പ്രിയം വെച്ച കർതൃസന്നിയില്‍ ചേർക്കപ്പെട്ടു.

കഷട്തകള്‍ കനലിട്ട ജീവിത വഴിയില്‍ ദൈവ സ്നേഹത്തിന്‍റെ ഗാനങ്ങള്‍ പാടി അനേകരുടെ നീറുന്ന ഹൃദയങ്ങളില്‍ ആശ്വാസത്തിന്‍റേയും പ്രത്യാശയുടേയും മാരി ചൊരിയുവാന്‍ ബീനയെ ദൈവം ഉപയോഗിച്ചു.

തിരുവനന്തപുരത്ത് കണ്ണമൂലയില്‍  മിലിട്ടറി ഉദ്യോഗസ്ഥനായ തോംസന്‍റെയും മേഴ്സിയുടെയും നാലു മക്കളില്‍ ഇളയവളായി ബീന ജനിച്ചു. പാട്ടിന്‍റെ വഴിയിലൂടെ പിച്ചവെച്ചു നടന്ന ബാല്യകാലം. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍  നിരവധി സംഗീത  മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടി. അതോടൊപ്പം സഭയുടെ യുവജന പ്രവർത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.

1981 ല്‍ ഡിഗ്രി പഠനം പൂർത്തീകരിച്ച് നില്‍ക്കുമ്പോഴാണ് സുവിശേഷ വേലക്കുള്ള വിളിയുണ്ടായത്. 1983 ഡിസംബർ 8-ാം തീയ്യതി സംഗീതജ്ഞന്‍ പാസ്റ്റർ ഭക്തവത്സലന്‍റെ ജീവിത സഖിയായി.

വിവാഹ ദിവസം രാത്രിയില്‍ ഇരുവരും ഒരുമിച്ച് ദൈവസന്നിധിയില്‍ ഇരുന്നു പ്രാർത്ഥിച്ചപ്പോള്‍ ദൈവം കൊടുത്ത വരികളാണ് പരിശുദ്ധന്‍ മഹോന്നത ദേവന്‍,  പരമെങ്ങും വിളങ്ങും മഹേശന്‍ എന്ന വിശ്വപ്രസിദ്ധമായ ഗാനം. പിറ്റേ ദിവസം നടക്കുന്ന കണ്‍വന്‍ഷനില്‍ പാടുവാന്‍ വേണ്ടിയാണ് ഈ ഗാനം രചിച്ചത്. അന്നത്തെ റിസപ്ഷനില്‍ നേപ്പാളില്‍ നിന്നും വന്ന ഗായക സംഘം ആലപിച്ച ഗാനത്തിന്‍റെ ട്യൂണിലാണ് പുതിയ ഗാനം ചിട്ടപ്പെടുത്തിയത്. മറ്റു പല ഭാഷകളിലേക്കും ഈ ഗാനം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡ്യാ ക്യാമ്പസ് ക്രൂഡേസ് ഫോർ ക്രൈസ്റ്റിന്‍റെ  ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്‍റെ ഡയറക്ടറായിരുന്നു അന്ന് ഭക്തവത്സലന്‍.
250 ല്‍ അധികം ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും 300 ല്‍ അധികം ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും സംഗീതത്തിന്‍റെ സമസ്ത മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പാസ്റ്റർ ഭക്തവത്സലന്‍ 2023 മേയ് 15ന് നിത്യതയില്‍ ചേർക്കപ്പെട്ടു. നീണ്ട നാലു പതിറ്റാണ്ടുകള്‍ ഭക്തനും ബീനയും ചേർന്ന് ലോകമെമ്പാടും സംഗീതത്തിലൂടെ സുവിശേഷത്തിന്‍റെപ്രഭ പരത്തി.

പ്രതികൂലങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിത വഴികളെ തരണം ചെയ്ത് സുവിശേഷ രംഗത്ത് പ്രശോഭിച്ച ബീന 13 വർഷം ഫീബ റേഡിയോയില്‍ മലയാളം പ്രോഗ്രാം പ്രോഡ്യൂസറായി പ്രവർത്തിച്ചു. ഹാർട്ട് ബീറ്റ്സ് പ്രസിദ്ധീകരിച്ച കാസറ്റുകളില്‍ പാടുവാ‍ന്‍ അവസരം ലഭിച്ച ബീന 18 ഗാനങ്ങള്‍ രചിക്കുകയും ഏതാനും ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും ചെയ്തിട്ടുണ്ട്.

ക്രിസ്തുവിന് വേണ്ടി പാടുകയും അതോടൊപ്പം ഫീബാ റേഡിയോയിലൂടെ ബാലവേദി എന്ന പ്രോഗ്രാം നടത്തിക്കൊണ്ടിരുന്ന ബീനയുടെ ശബ്ദം 2013 ഏപ്രില്‍ മാസത്തില്‍ നിലച്ചുപോയി. റെക്കോർഡിങ്ങിനായി സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഒരു വാക്കുപോലും പുറത്തേക്കു വരാതെ മാനസികമായി തകർന്നുപോയ നിമിഷങ്ങള്‍.

എറണാകുളത്തെ പ്രശസ്തനായ ഒരു ഡോക്ടറെ കണ്ട് നിരവധി ടെസ്റ്റുകള്‍ ചെയ്തു. ഹാർട്ടിലും ലങ്സിലും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് ശബ്ദം തുറന്നു കിട്ടുകയില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. പ്രാർത്ഥനയോടെ ദൈവസന്നിധിയില്‍ ഇരുന്ന് കണ്ണുനീരൊഴുക്കിയ ദിനങ്ങള്‍. ആ സമയത്താണ് ബ്രദർ ബിനോയ് കുര്യന്‍റെ ക്ഷണ പ്രകാരം കുടുംബമായി ദുബായില്‍ ചെന്നത്. അവിടെ നടന്ന സഭായോഗത്തില്‍ പാട്ടുപാടി സാക്ഷ്യം പറയണമെന്ന് അവർ ആവശ്യപ്പെട്ടു. ഒരു വരിപോലും പാടുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ദൈവസന്നിധിയില്‍ ഹൃദയം പകർന്ന് ബീന പാടി. “ദരിദ്രനെ കുപ്പയില്‍ നിന്നുയർത്തി, ജനത്തിലെ ശ്രേഷ്ടരോടിരുത്തി……” ബീനയുടെ ശബ്ദം ആത്മപ്രവാഹമായി അവിടെ അലയടിച്ചു. തുടർന്ന് യു.എ.ഇയിലെ 7 എമിറേറ്റ്സ്കളിലും ക്രമീകരിച്ചിരുന്ന മ്യൂസിക് പ്രോഗ്രാമുകളില്‍ മനോഹരമായി പാടുവാന്‍ തനിക്ക് കഴിഞ്ഞു. ദൈവം ദാനമായി നല്‍കിയ മൂന്നു മക്കളും സംഗീതരംഗത്ത് വിവിധ നിലകളില്‍ പ്രവർത്തിച്ചുവരുന്നു.

സുവിശേഷ പോർക്കളത്തില്‍ നിത്യതയെ ലക്ഷ്യം വെച്ച് ഓട്ടം തുടർന്ന ബീന ഭക്തന്‍  മൂത്ത മകന്‍ ബിബിന്‍റെ  വിവാഹാനന്തരം നടന്ന റിസപ്ഷനില്‍ പങ്കെടുത്ത് രാത്രിയില്‍ വിശ്രമിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം സ്വർഗീയഗായക സംഘത്തിലേക്ക് പോയ് മറഞ്ഞത്.

സംസ്കാരം ജൂൺ 3 ബുധൻ രാവിലെ 9 ന് ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ നടന്നു. 
മക്കൾ: ബിബിൻ ,ബിനി, ബെൻജി. മരുമകൾ: മെറിൻ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement