വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം; വേദപുസ്തക വെളിച്ചത്തിൽ

വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം; വേദപുസ്തക വെളിച്ചത്തിൽ

വിവാഹം, വിവാഹമോചനം പുനര്‍വിവാഹം എന്നിവയെക്കുറിച്ചുള്ള വിശുദ്ധ വേദപുസ്തക വീക്ഷണമാണ് ഈ ചെറുലേഖനം. ക്രൈസ്തവസഭയുടെ സ്ഥാപകനായ യേശുക്രിസ്തുവിന്‍റെയും അതിന്‍റെ തിയോളജിയനായ പൌലൊസിന്‍റെയും വചനങ്ങളാണ് ഈ ലേഖനത്തിന്‍റെ അധികഭാഗവും. വിശുദ്ധ വേദപുസ്തകം സഭയുടെ നിരുപാധിക പ്രമാണം എന്നു വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ ലേഖനം; ആപേക്ഷികം എന്നു വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയല്ല. 

സമവീക്ഷണ സുവിശേഷങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ്  ക്രിസ്തുവിന്‍റെ വചനങ്ങള്‍. വിവാഹമോചനം,  പുനര്‍വിവാഹം എന്നീ വിഷയങ്ങളെക്കുറിച്ചു പറയുമ്പോള്‍ മര്‍ക്കൊസ്, ലൂക്കൊസ് എന്നിവരില്‍നിന്നു വ്യത്യസ്തമായി 'പരസംഗം ഹേതുവായിട്ടല്ലാതെ' എന്നൊരു 'എക്സെപ്ഷനല്‍ ക്ലോസ്' അഥവാ ഒഴിവാക്കല്‍ വ്യവസ്ഥ മത്തായി എഴുതിയ സുവിശേഷത്തിലുണ്ട് (5:32;19:9).  അതു സംബന്ധിച്ച് ആഴമായ പഠനം നടത്തിയ ഡേവിഡ് പോള്‍സണ്‍, ലസ്ലി മാക്ഫോള്‍ എന്നീ പ്രസിദ്ധരായ വേദാധ്യാപകര്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന ഒഴിവാക്കല്‍ വ്യവസ്ഥയോട് വേദവിദ്യാര്‍ഥികള്‍ക്കുള്ള മൂന്നുവിധ സമീപനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അവ: 

  1. ഒഴിവാക്കല്‍ വ്യവസ്ഥ ഉണ്ട് എന്ന അനുകൂല സമീപനം; പോസനും, മക്ഫോജം ഇതിനോടു യോജിക്കുന്നില്ല. 
  2.  'പരസംഗം ഹേതുവായിട്ടാല്ലതെ' എന്നല്ല 'പരസംഗം പോലും' എന്നാണ് ശരിയായ പരിഭാഷ; ഇതാണ് മറ്റൊരു സമീപനം. നിരവധി കൈയ്യെഴുത്തു പ്രതികള്‍ പരിശോധിച്ച ശേഷമുള്ള മക്ഫോളിന്‍റെ സമീപനമാണിത്. ക്രിസ്തുവിന്‍റെ പ്രസ്താവന കേട്ട ശിഷ്യന്മാര്‍ അതിന്‍റെ മുമ്പില്‍ ആശങ്കപ്പെടുന്നതും കാണാം (മത്തായി 19:10). അവരുടെ ആശങ്കക്കു കാരണം വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും എല്ലാ പഴുതും അടച്ച്, ക്രിസ്തു എതിനു പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ടാവണം. 
  3. പരസംഗവും വ്യഭിചാരവും ഒന്നല്ല, രണ്ടാണ് എന്നതാണ് മൂന്നാമത്തെ സമീപനം (പോസണ്‍). കാരണം മത്തായി എഴുതിയ സുവിശേഷത്തില്‍ തന്നെ ഇവയെ രണ്ടായിട്ടാണ് പറയുന്നത്. (15:1719). വിവാഹാനന്തരം പരസ്ത്രീബന്ധം വ്യഭിചാരമായും വിവാഹപൂര്‍വ പരസ്ത്രീബന്ധം പരസംഗമായും മനസ്സിലാക്കാം. യെഹൂദന് വിവാഹനിശ്ചയം തന്നെ വിവാഹത്തിനു സമമായിരുന്നു. ഇവയില്‍ രണ്ടും മൂന്നും സമീപനങ്ങളെ സ്വീകരിച്ചാല്‍ മത്തായി സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ പ്രസ്താവനയിലും പുതിയനിയമകാലത്ത് വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും യാതൊരു പഴുതും നല്‍കിയിട്ടില്ല എന്നു മനസ്സിലാകും. മുഖവുരയായി  ഈ വിഷയം ഇവിടെ ഓര്‍മിപ്പിച്ചു എന്നു മാത്രം. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. 

വിശുദ്ധ വേദപുസ്തക വീക്ഷണത്തില്‍:

  1. വിവാഹം മാന്യവും വിശുദ്ധവുമാണ്. 'വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ' (എബ്രാ. 13:4). 
  2. സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം വിവാഹം. സ്ത്രീ പുരുഷ രൂപകല്പനയിലെ വ്യത്യാസം മനുഷ്യസൃഷ്ടി അല്ല, മനുഷ്യനുവേണ്ടി ദൈവം രൂപകല്പന ചെയ്ത ഏറ്റവും പ്രാഥമികമായ പ്ലാന്‍ ആണ്. 'സൃഷ്ടിച്ചവന്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു' (മത്തായി 19:4-5). 
  3. വിവാഹിതരായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു ശരീരമാണ്; ഏകശരീരം ആയിത്തിരുന്ന ഏക ബന്ധം വിവാഹബന്ധമാണ്. 'അവര്‍ ഏക ശരീരമായിത്തീരും'  (ഉല്പ. 2:24; മത്താ. 19:5; എഫെ. 5:31). അവര്‍ മേലാല്‍ രണ്ടല്ല. 
  4. ഭാര്യാഭര്‍ത്താക്കന്മാരെ തമ്മില്‍ യോജിപ്പിക്കുന്നത് മനുഷ്യരല്ല, ദൈവമാണ് (മത്താ.19:6; മര്‍ക്കൊ. 10:9). 
  5. ഭാര്യഭര്‍ത്താക്കന്മാരെ തമ്മില്‍ വേര്‍പിരിക്കുവാന്‍ മനുഷ്യനു അനുവാദവും അവകാശവും ഇല്ല. 'ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ ഏതു പദവിയില്‍ ഇരിക്കുന്നവനായാലും-വേര്‍പിരിക്കരുത്' (മത്താ. 19:6; മര്‍ക്കൊ. 10:9). വിലക്ക് ദൈവത്തിന്‍റേതാണ്. ദൈവത്തിനു മീതെ ഒരധികാരവും ഇല്ല. 
  6. ദൈവം വിവാഹമോചനം വെറുക്കുന്നു. 'ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്ന് യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിചെയ്യുന്നു' (മലാ. 2:6). 
  7. ഭാര്യ ഭര്‍ത്താവിന് വേര്‍പിരിയരുത്; തിരിച്ചും പാടില്ല. 'വിവാഹം കഴിഞ്ഞവരോടൊ ഞാനല്ല കര്‍ത്താവു തന്നെ കല്പിക്കുന്നത്; ഭാര്യ ഭര്‍ത്താവിനെ വേര്‍പിരിയരുത്; പിരിഞ്ഞുയെന്നുവരികിലോ വിവാഹം കൂടാതെ പാര്‍ക്കേണം (1 കൊരി. 7:10,11). 
  8. ഏതെങ്കിലും ഒരു ജീവിതപങ്കാളി ജീവിച്ചിരിക്കുമ്പോള്‍, വിവാഹമോചനം നേടിയവരില്‍ ആരെങ്കിലും നടത്തുന്ന ഏതു പുനര്‍വിവാഹവും, ആരുനടത്തിയാലും അതു വ്യഭിചാരത്തിനു നല്‍കുന്ന ലൈസന്‍സാണ്. 'ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷനു ആയാല്‍ വ്യഭിചാരിണി എന്നു പേര്‍വരും (റോമ. 7:3). 
  9. ജീവിതപങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ മരിച്ചാല്‍ പുനര്‍വിവാഹത്തിനു സാധ്യത ഉണ്ട്; തെരഞ്ഞെടുക്കപ്പെടുന്ന പങ്കാളി ക്രിസ്തുവിശ്വാസി ആയിരിക്കണം എന്നതാണു വ്യവസ്ഥ. 'ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിപ്പാന്‍ സ്വാതന്ത്രം ഉണ്ട്; കര്‍ത്താവില്‍ വിശ്വാസിക്കുന്നവനുമായി മാത്രമേ ആകാവൂ' (1 കൊരി. 7:39). 


ഭൂരിപക്ഷ സഭകളുടെ നിലപാടിനും ദൈവവചനം ലംഘിക്കുന്ന പാസ്റ്റര്‍മാരുടെ പ്രാക്ടീസിനും ഇതര മാനുഷിക വിധികള്‍ക്കും മീതെയാണ് വിശുദ്ധ വേദപുസ്തകത്തിന്‍റെ സ്ഥാനം. ഇപ്പോള്‍തന്നെ ജീവിത ശൈലിയില്‍ സഭയും ലോകവും തമ്മില്‍ കാര്യമായ ഒരു വ്യത്യാസവും ഇല്ലാത്ത നിലവാരത്തില്‍ എത്തിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ നാം ലോകത്തേയും പിന്നിലാക്കും. എളുപ്പവഴിയല്ല വേദവഴിയാണ് നാം തെരഞ്ഞെടുക്കേണ്ടത്; ഭൂരിപക്ഷത്തിന്‍റെ വഴിയാണ് എളുപ്പവഴി. ദൈവവചനത്തിന്‍റെ വഴിയാണ് വേദവഴി. ദൈവവചനമാണ് ദൈവം സഭയ്ക്ക് വച്ചിരിക്കുന്ന അവസാനവാക്ക്. അതുകൊണ്ട് പെന്തെക്കോസ്തു സഭകള്‍ മാത്രമല്ല എല്ലാ ക്രൈസ്തവ സഭകളും ദൈവവചനത്തെ മാനിച്ച് വിവാഹമോചനം, പുനര്‍വിവാഹം എന്നും ദൈവം വെറുക്കുന്ന ഗുരുതരമായ പാപങ്ങള്‍ നടപ്പാക്കി കൊടുക്കുന്നതില്‍ നിന്നും പിന്‍മാറുക.

Advertisement