പീഢനങ്ങളിൽ വളരുന്ന ദൈവസഭ

പീഢനങ്ങളിൽ വളരുന്ന ദൈവസഭ
ഈ അടുത്ത സമയങ്ങളിൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ച് കൂടുതൽ ബോധ്യം ഉണ്ടാവുകയും അത് അനുഭവിക്കുന്നവരെ കുറിച്ച് വേദനപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് മലയാളികളായ ക്രൈസ്തവ വിശ്വാസികൾ.
എന്നാൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ മതപരിവർത്തന നിയമപ്രകാരം ഉത്തർപ്രദേശിൽ മാത്രം റെക്കോർഡ് ചെയ്യപ്പെട്ട 1682 കേസുകളും അതിലും എത്രയോ അധികം ഉപദ്രവങ്ങളും ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് തദ്ദേശീയരായവരും , മലയാളികളും അവരിലുണ്ട് ;അവയൊന്നും നാം അറിഞ്ഞിട്ടുപോലും ഇല്ല.
ഉത്തർപ്രദേശിലെ ഇരുപതിനായിരത്തിൽ അധികം വിശ്വാസികൾ കൂടിവന്നിരുന്നതായ സഭ പൊളിച്ചു മാറ്റുകയും 20 ൽ അധികം ശുശ്രൂഷകരെ 18 മാസത്തോളം ജയിലിൽ അടച്ചത് നാം അറിഞ്ഞിട്ടില്ല ; ഏന്നാൽ ഈ സഭ ഇപ്പൊൾ അനേക ശാഖകളായി നൂറുകണക്കിന് വീടുകളിൽ കൂടിവരുന്നു,പീഠന്നത്തിൻ്റെ മധ്യത്തിലും ; അതാണ് പ്രതിസന്ധികളെ സാധ്യതയാക്കി മാറ്റുന്ന ദൈവപ്രവർത്തി.ഈ അവസരത്തിൽ ക്രൈസ്തവ പീഡന ചരിത്രത്തെക്കുറിച്ചും പീഡനങ്ങളിൽ വർദ്ധിച്ചുവരുന്ന ദൈവകൃപയെക്കുറിച്ചും വചനപരമായും ചരിത്രത്തിൽ നിന്നും ലഘുവായി ഗ്രഹിക്കുന്നത് കരണീയം എന്നും ഏത് പ്രതിസന്ധിയെയും ദൈവസ്നേഹത്തോടെ കൈകാര്യം ചെയ്യുന്നതിന് നമ്മളെ പ്രാപ്തരാക്കുകയും ചെയ്യും എന്നതിനൂം തർക്കമില്ല.
പീഡനം എന്നത് ഭയപ്പെടുത്തുവാനുള്ള പിശാചിൻറെ ഒരു തന്ത്രം മാത്രമാണ്, ഉദാഹരണത്തിന് ഫറവോ ഇസ്രായേൽ ജനത്തെ പീഠിപ്പിച്ചതിൻ്റെ പരിണിതഫലം “...എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർധിച്ചു; അതുകൊണ്ട് അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.(പുറപ്പാട് 1:12) ചരിത്രത്തിലൂടെനീളെ ദൈവജനം അപ്രകാരം തന്നെയായിരുന്നു
ദൈവസഭയ്ക്ക് ഉണ്ടായ പ്രഥമമായ പീഡനത്തിൽ പത്രോസും യോഹന്നാനൂം ഇപ്രകാരമാണ് പ്രതികരിച്ചത് : “.. തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി.”(പ്രവൃത്തികൾ 5:41)
“...വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാം അറിയിച്ചു. അതു കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്: “...ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
(പ്രവൃത്തികൾ 4:23-24, 31, 33 ). അതുപോലെ ഇന്നുള്ള ദൈവസഭ ഒരുമനപ്പെട്ടു പ്രാർഥിക്കുന്നതിനുള്ള അവസരായി ഇതിനെ നാം മാറ്റെണ്ടിയിരിക്കുന്നു .
കർത്താവ് ശിഷ്യന്മാർക്ക് കൊടുത്ത മുന്നറിയിപ്പ് : . “..നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത് …സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ...”
(മത്തായി 5:10-12); “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.”
(മത്തായി 10:22, 28).
പൗലോസ് പറയുന്നത് : “...വിശ്വാസത്തിൽ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചുപോന്നു.”(പ്രവൃത്തികൾ 14:22) “...ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; … ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിനു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശു നിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു. അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.”
(2 കൊരിന്ത്യർ 4:8-12);
പത്രോസ് പറയുന്നത് ഇപ്രകാരമാണ് : “...പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം നിങ്ങൾക്കു വന്നു കൂടി എന്നുവച്ച് അതിശയിച്ചു പോകരുത്. ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ;...ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേണ്ടത്…
അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ. (1 പത്രൊസ് 4:12-16, 19);
യോഹന്നാനുണ്ടായ വെളിപ്പാടിൽ നൽകുന്ന പ്രത്യാശ നിർഭരമായ ഉറപ്പ് ഇപ്രകാരമാണ് : “നീ സഹിപ്പാനുള്ളത് പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” (വെളിപ്പാട് 2:10);
പീഡനങ്ങളോടുള്ള നമ്മുടെ മനോഭാവവും പ്രതികരണവും എപ്രകാരം ആയിരിക്കണം എന്നും അതുമൂലം നൽകപ്പെടുന്ന നിത്യമായ പ്രത്യാശാനിർഭരമായ വാഗ്ദത്തങ്ങളും മുൻപറഞ്ഞ വാക്യങ്ങളിൽ നമുക്ക് ഉറപ്പു നൽകുന്നുണ്ട്. അതുകൊണ്ട് ക്രൈസ്തവ പീഡനം അഴിച്ചുവിടുന്നത് മനുഷ്യനോ പ്രസ്ഥാനങ്ങളോ അധികാരികളോ അല്ല, പ്രസ്തുത തൻറെ നിത്യതയോർത്ത് വിറളിപിടിക്കുന്ന , ദൈവ സഭയുടെ എതിരാളിയായ സാത്താനും അവൻറെ സൈന്യവുമാണ്; അതിനാൽ തന്നെ നമ്മുടെ ഐക്യതയോടെയുള്ള ആത്മീയ പോരാട്ടമാണ് സ്ഥായിയായ ഫലം പുറപ്പെടുവിക്കുന്നത്.
ദൈവസഭക്കാണ് ഇപ്പൊൾ അധികാരം നൽകപ്പെട്ടിലിരിക്കുന്നത് , പിശാചിനല്ല ; “..സ്വർഗത്തിൽ തന്റെ വലത്തുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും സർവവും അവന്റെ കാല്ക്കീഴാക്കി വച്ച് അവനെ സർവത്തിനും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
(എഫെസ്യർ 1:21-23) ;
ചരിത്രത്തിൽ സഭ എപ്രകാരമാണ് വളർന്നത് എന്ന് ഗ്രഹിക്കുമ്പോൾ ഭാരതത്തോടുള്ള ദൈവ സ്നേഹത്തിൻറെ പ്രതികരണമാണ് ഒരർത്ഥത്തിൽ പീഡനങ്ങൾ എന്ന നമുക്ക് ബോധ്യമാകും. ആദിമ സഭയെ യഹൂദർ പീഡിപ്പിച്ചു ,അവരെ തകർത്തെറിയുവാൻ റോമാസാമ്രാജ്യവും പരിശ്രമിച്ചു. സഭയുടെ ആദ്യ രക്തസാക്ഷിയായി സ്തെഫാനോസ് മാറി , യാക്കോബിനെ ശിരച്ഛേദം ചെയ്തു എന്നാൽ സഭയെ നിഷ്കരുണം തകർത്തു പ്രയാണം ചെയ്തു മുന്നേറിയ ശൗലിനെ നേരിട്ട് എതിർത്തു രൂപാന്തരം വരുത്തിയതാണ് യേശുവിൻറെ സ്നേഹത്തിൻറെ ശക്തി.
ആ ശൗൽ എന്ന പൗലോസിലൂടെയാണ് പിന്നീട് ക്രൈസ്തവ സഭയുടെ അടിസ്ഥാന ശിലകൾ പാകിയത്. ഫിലിപ്പിയിലെ ജയിലിന്റെ അടിസ്ഥാനമിളക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യത്തെ സഭ സ്ഥാപിക്കപ്പെട്ടു .തൻറെ ജീവിതത്തിൻറെ നല്ലൊരു സമയവും നിന്ന് തിരിയുവാൻ പോലും സൗകര്യമില്ലാത്ത റോമൻ കാരാഗ്രഹത്തിന്റെ ഉള്ളറകളിൽ ചിലവഴിച്ചുകൊണ്ട് പിന്നീട് അങ്ങോട്ട് നൂറ്റാണ്ടുകളായി നാഥന്റെ കാൽപ്പാടുകളെ പിൻപറ്റിയ കോടാനുകൂടി ഭക്തന്മാർക്ക് പ്രത്യാശ നൽകുന്ന തിരുവചനത്തിന്റെ മർമ്മങ്ങളെ പങ്കുവെയ്ക്കുവാൻ ദൈവം ഉപയോഗിച്ച പൗലോസ് വാർദ്ധക്യത്തിൽ നീറോയുടെ വാളിന് ഇരയായി.
ജയിലുകളിലൂടെയാണ് ക്രൈസ്തവ സഭ വളർന്നതെങ്കിൽ, അതും 2000 വർഷം മുൻപ് തിരുവായിക്ക് എതിർവാ ഇല്ലാതെ ഭരിച്ചു വന്ന റോമൻ ഭരണാധികാരികളുടെ ക്രൂര മുഷ്ടിക്ക് കീഴെങ്കിൽ സാധിച്ചു എങ്കിൽ ,ഇത്രമാത്രം ജനാധിപത്യമുള്ള സുരക്ഷിതത്വമുള്ള ഇന്ത്യൻ ജയിലുകളിൽ സഭ ഇപ്പോൾ വളർന്നുകൊണ്ടിരിക്കുകയാണ് എന്നുള്ള സത്യം നാം തിരിച്ചറിയണം; അല്ല, തീരാ രോഗിയായി നരകിച്ചു മരിക്കുന്നതിലും അതിശ്രേഷ്ടമല്ലേ കർത്താവിനായി മരിക്കുന്നത് ? അതോ പാട്ടുകളിൽ മാത്രം ധൈര്യം കാണിക്കുകയാണോ നാം ചെയ്യേണ്ടത് ? നമുക്കായി ജീവൻ നൽകിയ നാഥന് തിരിച്ചു നൽകുവാൻ കൊച്ചു ജീവിതം മാത്രം എന്ന് തിരിച്ചറിഞ്ഞ് ധൈര്യത്തോടെ ജയിലിനുള്ളിലേക്ക് നടന്നു കയറുന്നതല്ലേ ക്രിസ്തീയ പ്രത്യാശ?
തന്നെ ക്രൂശിച്ചു കൊല്ലുവാൻ തീരുമാനിച്ച നീറോ യോട് പത്രോസ് ആവശ്യപ്പെട്ടത് “ എൻറെ നാഥനെ പോലെ മരിക്കുവാൻ എനിക്ക് യോഗ്യതയില്ല, അതുകൊണ്ട് അവൻറെ പാദങ്ങൾ മുത്തം ചെയ്തുകൊണ്ട് മരിക്കുവാൻ എന്നെ തലകീഴായി ക്രൂശിച്ചാലും..” ഇതാണ് ക്രൈസ്തവ മാർഗം.
അതി ക്രൂരന്മാരായ റോമാ ചക്രവർത്തിമാർക്കോ മധ്യകാലഘട്ടത്തെ നിഷ്ഠൂരന്മാരായ ഇസ്ലാമിക ഭരണകർത്താക്കൾക്കോ ഇൻക്വിസിഷൻ്റെ കാലഘട്ടത്തെ റോമാസഭക്കോ, ആധുനിക കാലഘട്ടത്തിൽ വ്യാപകമായി മിഷനറിമാർ പീഡിപ്പിക്കപ്പെട്ടപ്പോഴോ , ഇരുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസ്റ്റ് റഷ്യക്കോ, നാസീ ജർമ്മനിക്കോ , മാവോയുടെ ചൈനക്കോ ആനുകാലിക സമയത്തുള്ള തീവ്രവാദികളായ ജിഹാദികൾക്കോ ദൈവസഭയെ സ്പർശിക്കുവാൻ പോലും സാധ്യമായിട്ടില്ല എന്നതിനുള്ള തെളിവുകൾ ആണ് നമ്മുടെ കണ്ണിനു മുൻപിൽ ചൈന,നൈജീരിയ , ഇറാൻ ,സൗദി , തുടങ്ങിയ ഇരുമ്പ് മറയ്ക്കുള്ളിലും ഇന്തോനേഷ്യയിലും സഭ വളർന്നുകൊണ്ടിരിക്കുന്നത്.അതിന് ഒരേയൊരു കാരണം,” ഞാനെൻറെ സഭയെ പണിയും; പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല” എന്ന നമ്മുടെ നാഥന്റെ ഉറപ്പാണ്.
നീറോയുടെ കാലഘട്ടത്ത് “യേശു എൻറെ കർത്താവ്” എന്ന് ഏറ്റു പറഞ്ഞുകൊണ്ട് വരിവരിയായി നിന്ന് ശിരച്ഛേദം ചെയ്യപ്പെടുന്ന ഭക്തന്മാരുടെ പ്രത്യാശയെ കണ്ടുകൊണ്ട് , കൊന്നുകൊണ്ടിരുന്ന പടയാളികൾ വരിയുടെ പിന്നണിയിൽ ചേർന്നുകൊണ്ട് “യേശുക്രിസ്തുവാണ് എൻറെ കർത്താവ്” എന്ന് ഏറ്റുപറഞ്ഞുകൊണ്ട്, മരണം വരിച്ച വീരന്മാരുടെ പിന്മുറക്കാരാണ് നമ്മൾ എന്ന് ഓർക്കുക.
വീണ്ടും 2 തിമൊഥെയൊസ് 1:7-8 ൽ കാണുന്നത് :”...ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയുംകുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക…”
ശത്രുക്കളുടെ മധ്യത്തിൽ ഏകനായി നിന്നുകൊണ്ട് കറ്റമെതിക്കുന്ന ഗിദയോനെ നോക്കി യഹോവയുടെ ദൂതൻ , “...അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് “ (ന്യായാധിപന്മാർ 6:12) എന്നാണ് പറഞ്ഞത് . ദൈവത്തിനാവശ്യം ഭീരുക്കളെയല്ല , പരാക്രമശാലികളെയാണ് . ഇന്ത്യയുടെ ജയിലുകളിലും വില്ലേജുകളിലും തങ്ങളുടെ ജീവൻ ബലിയായി അർപ്പിക്കുന്ന അറിയപ്പെടാത്ത നമ്മുടെ അനേക സഹോദരി സഹോദരന്മാരിലൂടെ ഇന്ത്യയെ സ്നേഹിക്കുന്ന ദൈവത്തിൻറെ ആത്മാവിനാൽ സഭ ശക്തിയോടെ വളരുന്നത് തടുക്കുവാൻ ലോകത്തിൽ ഒരു ശക്തിക്കും സാധ്യമാകയില്ല. ഒരുവൻ മരിക്കുവാൻ തീരുമാനിച്ചാൽ അവനെ ഇല്ലാതാക്കുവാൻ ആർക്കും സാദ്ധ്യമല്ല .
കാരണം : “കർത്താവ് താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും”, (എബ്രായർ 2:3); “...ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചുകൊണ്ട്…” (റോമർ 15:18) കത്തിപ്പടരുന്നതുമാണ് ക്രൈസ്തവ വിശ്വാസം.
നമ്മെ ഭയപ്പെടുത്തുവാനുള്ള പിശാചിൻറെ ഒരു തന്ത്രം മാത്രമാണ് പീഡനം എന്നും കർത്താവ് അനുവദിക്കാതെ ഒന്നും സംഭവിക്കുന്നില്ല എന്നുമുള്ള പൂർണ്ണ ബോധ്യത്തോടെ കഷ്ടത അനുഭവിക്കുന്നവരുടെമേൽ ദൈവകൃപ പകരേണ്ടതിനും ധൈര്യം നൽകേണ്ടതിനും “ നിത്യതക്കായി നിയമിക്കപ്പെട്ടവർ” കർത്താവിനെ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ വേദന അനുഭവിക്കുന്ന അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുക എന്നത് 2000 വർഷങ്ങൾക്കു മുന്നമേ തന്നെ നമ്മുടെ ദേശത്തോട് കരുണ കാണിച്ച ദൈവത്തോടുള്ള നമ്മുടെ കടപ്പാട് കൂടിയാണ് .
നാഥന്റെ വരവിന്റെ ലക്ഷണങ്ങൾ അനുദിനം നമ്മുടെ കണ്ണിനു മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ “. “...എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” (ദാനീയേൽ 12:3), എന്ന ദൈവീക വാഗ്ദത്തം കൊതിക്കുന്ന തൻ്റെ മക്കൾ ദൈവസന്നിധിയിൽ മുട്ടുമടക്കാം ; “ നിങ്ങൾ ശക്തി ലഭിച്ചിട്ട് എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞ നാഥന്റെ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി ഒരുക്കപ്പെട്ട പാത്രങ്ങളായി മാറിക്കൊണ്ട് ദൈവസ്‌നേഹത്തെ പങ്കുവെയ്ക്കാം. ,ഒരു വലിയ കൊയ്ത്തിന്റെ ഭാഗമായി മാറാം .
“...ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു”
എന്ന് എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.(റോമർ 8:35-39); എന്ന് ധൈര്യത്തോടെ ഏറ്റുപറയാം .
ഒരു അന്ത്യകാല ഉണർവ്വിൻ്റെ ഭാഗമായി മാറുവാൻ ചുരുങ്ങിയത് ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ദേശത്തിനായ് മധ്യസ്ഥത അണക്കുകയും ചെയ്യുവാൻ ആഗോള മലയാളി സഭകളെ യേശു കർത്താവ് ശക്തീകരിക്കട്ടെ.
Advertisement