ശീതകാലം ഇരുണ്ടദിനങ്ങൾ നിറഞ്ഞതാകേണ്ടതില്ല

ശീതകാലം ഇരുണ്ടദിനങ്ങൾ നിറഞ്ഞതാകേണ്ടതില്ല

ശീതകാലം ഇരുണ്ടദിനങ്ങൾ നിറഞ്ഞതാകേണ്ടതില്ല

 ഡോ. സാം കണ്ണമ്പള്ളി

"...മർക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക''. ഞാൻ ത്രോവാസിൽ കർപ്പൊസിൻ്റെ പക്കൽ വച്ചിട്ടു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക'' കഴിവതും ശീതകാലത്തിനു മുമ്പെ വരുവാൻ ശ്രമിക്കുക..."

തന്റെ ജീവിതത്തിൻ്റെ അന്ത്യത്തോടു അടുക്കുന്ന സമയത്തു പൗലോസ് അപ്പോസ്തലൻ പ്രിയ സ്നേഹിതൻ തിമോഥിയോസിനു എഴുതിയ വാക്കുകളാണ് ഇത്. പൗലോസ് ഇപ്പോൾ റോമൻ ജയിലിൽ ആയിരിക്കുന്നു. തന്റെ ജീവിതകാലം ഏതാണ്ടു തീരാറായിരിക്കുന്നു എന്നു പൗലോസിനു വ്യക്തമായി അറിയാം. ആലോചിച്ചു നോക്കുക. നിങ്ങളുടെ അന്ത്യവാചകങ്ങളായി ഒരു അടുത്ത സ്നേഹിതനോടു എന്തായിരിക്കും നിങ്ങൾ പറയുന്നത്? നാമൊക്കെ ചെയ്യുന്നത് അവശേഷിക്കുന്ന വിലപ്പെട്ട സമയം ജീവിതത്തിലെ പ്രധാനപ്പെട്ട മുൻഗണനകൾക്കു വേണ്ടി മാറ്റി വെക്കുകയായിരിക്കും.

പൗലോസിന്റെ അവസ്ഥയും അതിൽ നിന്നു വിഭിന്നമല്ല. തിമോഥിയോസിനോടുള്ള പൗലോസിന്റെ അന്ത്യവാക്കുകൾ 2 തിമോഥിയോസ് 4:9-21 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നു. ആ ശീതകാലത്തിനു അപ്പുറം താൻ ജീവിച്ചിരിക്കുവാൻ സാധ്യതയില്ല എന്നുപൗലോസ് വ്യക്തമായി അറിഞ്ഞിരുന്നു. അതുകൊണ്ടു ശീതകാലത്തിനു മുൻപേ വേഗത്തിൽ വരുവാൻ താൻ തിമോഥിയോസിനെ ഉത്സാഹിപ്പിച്ചു. മൂന്നു കാര്യങ്ങളാണ് പൗലോസ് തിമോഥിയോസിനോടു ആവശ്യപ്പെട്ടത്. മറ്റൊരു പട്ടണത്തിൽ താൻ വച്ചിട്ടു പോന്ന തന്റെ പുതപ്പും (തിരുവചനങ്ങൾ രേഖപ്പെടുത്തപ്പെട്ട) തന്റെ ചർമ്മലിഖിതങ്ങളും കൂടാതെ മർക്കോസിനെ കാണുവാൻ അവസാനമായി ഒരു അവസരവും. 

നാലു സുവിശേഷങ്ങളിൽ ആദ്യത്തേതു രചിച്ച യോഹന്നാൻ എന്ന മർക്കോസ്, പൗലോസ് പശ്ചാത്താപത്തോടെ എന്നും ഓർത്തിരുന്ന ഒരു വ്യക്തി ആയിരുന്നു.

പൗലോസിന്റെ അന്തിമ അഭ്യർത്ഥനകളിൽ ആദ്യത്തേത് മർക്കോസിനെ കാണുവാനുള്ള ആഗ്രഹമായിരുന്നു. പൗലോസിന് അതു ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു കാരണം സുവിശേഷ സന്ദേശവുമായി മിഷനറി യാത്രയ്ക്കു കടന്നുപോകുവാനുള്ള മർക്കോസിൻ്റെ യോഗ്യതയെ പൗലോസ് ഒരിക്കൽ സംശയിച്ചതാണ്. പൗലോസ് അങ്ങനെ ചെയ്തതു എന്തുകൊണ്ടാണെന്നു നമുക്കു നിശ്ചയമില്ല. ഒരു പക്ഷെ, പലരും ചിന്തിക്കുന്നതു പോലെ, പൗലോസിനോടും ബർണബാസിനോടും ഒപ്പം ടർക്കിയിൽ അവരുടെ ഒന്നാമത്തെ മിഷനറി യാത്രയിൽ ആയിരിക്കവേ മർക്കോസ് ഗൃഹാതുരൻ (homesick) ആയിത്തീർന്നതാകാം. എന്തായാലും, ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ മർക്കോസ്" അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി." (അപ്പൊ. പ്രവൃത്തികൾ 13:13).

കർത്താവിന്റെ ശശ്രൂഷക്കുള്ള വിളി ഉപേക്ഷിച്ചു മടങ്ങുവാൻ മർക്കോസിനു എങ്ങനെ കഴിഞ്ഞു എന്നതു സുവിശേഷത്തിനുവേണ്ടി തീപ്പന്തം പോലെ ജ്വലിച്ചു കൊണ്ടിരുന്ന പൗലോസിനു അന്നു മനസിലായില്ല. മിഷനറി യാത്രയുടെ മുഖത്ത് നിന്നു മർക്കോസിൻ്റെ പെട്ടെന്നുള്ള മടക്കം പൗലോസും മർക്കോസും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല മർക്കോസിൻ്റെ മാതുലനും പൗലോസിൻ്റെ ഒന്നാം മിഷനറി യാത്രയിൽ കൂട്ടാളിയും ആയിരുന്ന ബർണബാസുമായുള്ള പൗലോസിൻ്റെ ബന്ധത്തെയും ബാധിച്ചു. ഭിന്നതയുടെ കാരണത്താൽ രണ്ടാമത്തെ മിഷനറി യാത്രയിൽ ബർണബാസ് പൗലോസിൻ്റെ ഒപ്പം പോയില്ല.

ആ നിമിഷം വരെ പൗലോസും ബർണബാസും പരസ്പരം വേർപിരിക്കുവാൻ കഴിയാത്തവരായിരുന്നു. മറ്റ് ക്രിസ്ത്യാനികളാരും തന്നെ പൗലോസിനെ വിശ്വസിക്കുവാൻ വിസമ്മതിച്ച ഒരു സമയത്തു ഗമാലിയേലിന്റെ സെമിനാരിയിൽ സഹപാഠിയായിരുന്ന പൗലോസിനെ ബർണബാസ് തൻ്റെ കൂടെ കൂട്ടിയതാണ്. ഇപ്പോൾ, അതേപോലെ മർക്കോസിനും രണ്ടാമതൊരു അവസരം നൽകാൻ ബർണബാസ് ആഗ്രഹിച്ചു. എന്നാൽ പൗലോസ് വിസമ്മതിച്ചു. മിഷണറി യാത്രയുടെ മദ്ധ്യേ നിന്ന് മർക്കോസ് മടങ്ങി പോയത് പൗലോസിന് പൊറുക്കാനാവാത്ത കാര്യമായി തോന്നി. വർഷങ്ങളോളം ഒരുമിച്ച് ശുശ്രൂഷ ചെയ്ത പൗലോസും ബർണബാസും ആ കാരണത്താൽ വേർപിരിഞ്ഞു. ബർണബാസ് മർക്കോസിനു രണ്ടാമതൊരു അവസരം നൽകി അവനെ ഒപ്പം ചേർത്തുപിടിച്ചു. എന്നാൽ ശീലാസ് എന്ന പുതിയ സഹമിഷണറിയെ പൗലോസ് കണ്ടെത്തി.

എന്നാൽ "ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു' എന്ന തിരുവചനസത്യം അവിടെ വെളിപ്പെടുകയായിരുന്നു. പൗലോസിൻ്റെയും ബർണബാസിന്റെയും കാര്യത്തിൽ അതാണു സംഭവിച്ചത്. ശ്രേഷ്ടരായ ഈ രണ്ടു ദൈവദാസന്മാർ തമ്മിൽ ഉണ്ടായ ഭിന്നതയെ ശുശ്രൂഷയുടെ ഇരട്ടിപ്പിനായി കർത്താവു ഉപയോഗിച്ചു. ബർണബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു പോയപ്പോൾ പൗലോസ് ശീലാസിനോടൊത്തു സിറിയയിലേക്കും കിലിക്യയിലേക്കും പോയി (അപ്പൊ. പ്രവർത്തി 15:39-40).

മർക്കോസിനോടു ക്ഷമാപണം നടത്തുവാൻ പൗലോസിനു പിന്നീടു എന്നെങ്കിലും ഒരിക്കൽ അവസരം ലഭിച്ചിട്ടുണ്ടോ എന്നു നമുക്കു അറിയില്ല. ലൂക്കോസ് ഒഴികെ തന്റെ ഒപ്പം ഉണ്ടായിരുന്ന എല്ലാവരും തന്നെ വിട്ടുപോയ ഒരു സമയം ഇപ്പോൾ വന്നിരിക്കുന്നു. പൗലോസും മർക്കോസും തമ്മിലുള്ള ഭിന്നതയുടെ കാരണം എന്തായിരുന്നാലും താൻ അതിന്റെമേൽ വിധിയെഴുതിയതു ധിറുതിയിലായിരുന്നു എന്നു പൗലോസിനു ഇപ്പോൾ അറിയാം. അതുകൊണ്ടാണു തിമോഥിയോസിനോടു മർക്കോസിനെപ്പറ്റി പൗലോസ് ഇങ്ങനെ പറയുന്നത്: "മർക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക... കഴിവതും ശീതകാലത്തിനു മുമ്പെ വരുവാൻ ശ്രമിക്കുക."

ശീതകാലം നമുക്കും വേഗം അടുത്തുവരുന്നു. ഒരുപക്ഷെ നമ്മിൽ മിക്കവരും ജീവിതത്തിൻ്റെ അന്ത്യദിനങ്ങളിൽ ആയിരിക്കയില്ല. എന്നാൽ അപക്വമായ മുൻവിധികളാലും കൈവിട്ടുപോയ ചില വാക്കുകളാലും നാം ചെയ്യേണ്ടതില്ലാതിരുന്ന ചില പ്രവർത്തികളാലും തകർന്നു പോയ ചില ബന്ധങ്ങൾ നമ്മിൽ അനേകർക്കും കാണും. നാം ധൃതിയിൽ എഴുതിത്തള്ളിയ ചില സഹപ്രവർത്തകർ ഒരു പക്ഷെ കണ്ടേക്കാം.

നിങ്ങളുടെ ശീതകാലം ഇരുണ്ടദിനങ്ങൾ നിറഞ്ഞതാകേണ്ടതില്ല. നിങ്ങളുടെ ജീവിതത്തിലെ "മർക്കോസുമാരെ" ഒന്നു വിളിക്കുക. അഭിമാനം ഒക്കെ മാറ്റി വച്ചു അവരെ സന്ദർശിച്ചു നിങ്ങൾ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങൾക്കു ക്ഷമ ചോദിക്കുക. തീർച്ചയായും അതു ദൈവം നിന്നെ ഏല്പിച്ച ശുശ്രൂഷക്കു ഉപയോഗം ഉള്ളതായി മാറും.

Advt.