ഈ മനുഷ്യൻ ഇവിടെയാണോ നിൽക്കേണ്ടത്?

ഈ മനുഷ്യൻ ഇവിടെയാണോ നിൽക്കേണ്ടത്?

അബ്രഹാം കുര്യൻ

ത് ബെഞ്ചമിൻ ബെയ്ലി. ദക്ഷിണേന്ത്യയിലെ ആദ്യ കോളജായ സി.എം.എസ്.കോളജിൻ്റെ സ്ഥാപക പ്രിൻസിപ്പാൾ.

കേരളത്തിലെ ആദ്യ അച്ചടിശാല 1821 ൽ കോട്ടയത്ത് ആരംഭിച്ചയാൾ. മലയാളത്തിലെ ആദ്യ പുസ്തകം,  കുട്ടികൾക്കായുള്ള എട്ട് കഥകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക്  വിവർത്തനം ചെയ്ത്  പ്രസിദ്ധീകരിച്ച ആൾ.

മലയാളത്തിലെ ആദ്യ ഡിക്ഷനറികൾ: മലയാളം - ഇംഗ്ലിഷ് നിഘണ്ടുവും ഇംഗ്ലീഷ് - മലയാളം നിഘണ്ടുവും എഴുതി തയ്യാറാക്കി  അച്ചടിച്ച ആൾ. മലയാളത്തിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത് ആദ്യമായി പ്രസിദ്ധീകരിച്ച ആൾ.

ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷാ പഠനത്തിൻ്റെ അവസരവും ഒരുക്കിയ പണ്ഡിതൻ. ബിഷപ്പുമാരും അപൂർവം പുരോഹിതരും മാത്രം വായിച്ചിരുന്ന ബൈബിളിനെ സാധാരണ ജനസമൂഹങ്ങളിലേക്ക് എത്തിച്ച് കൊടുത്തവൻ.

കോട്ടയത്ത് ഗോതിക് രീതിയിലുള്ള ഒരു കത്തീഡ്രൽ പണിയുന്നതിന് നേതൃത്വം കൊടുത്ത ആൾ. മലയാള അക്ഷരങ്ങളെ ചതുരവടിവിൽ നിന്നും ഇന്നത്തെ പോലെ ഉരുണ്ട ആകൃതിയിലേക്ക് കൊണ്ടു വന്നവൻ.

കോട്ടയം നഗരത്തിന് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിൽ കോട്ടയത്തിൻ്റെ എക്കാലത്തേക്കുമുള്ള " നഗര പിതാവ്."

ഇങ്ങനെ എത്രയോ വിശേഷണങ്ങൾ പ്രിയപ്പെട്ട ബെഞ്ചമിൻ ബെയ്ലിക്ക് ചാർത്താൻ കഴിയും. 1791 ൽ ഇംഗ്ലണ്ടിലാണ് ജനിച്ചത്.
1816ൽ എലിസബത്ത് എല്ലയെ വിവാഹം കഴിച്ചു. 1816 നവംബർ 19 ന് കേരളത്തിൽ ആലപ്പുഴയിലെത്തി. അക്ഷരവും അറിവും വിദ്യയും വെളിച്ചവും സുവിശേഷവും വരേണ്യർക്ക് മാത്രമല്ല സർവജനത്തിനും ലഭിക്കണമെന്നാഗ്രഹിച്ച് 34 വർഷം കേരളത്തിൽ ജീവിച്ചു.

ബഞ്ചമിൻ ബെയ്ലിയുടെ വ്യക്തി - കുടുംബ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ജനിച്ച ഒൻപത് കുട്ടികളിൽ നാലുപേരും കോട്ടയത്തു വെച്ച് ദാരുണമായി മരണപ്പെട്ടു. ഇടയ്ക്കിടെയുള്ള പാമ്പുകടിയുൾപ്പെടെ രോഗങ്ങൾ പലതും അദ്ദേഹത്തേയും ഭാര്യയേയും മക്കളേയും വിടാതെ പിടികൂടി. 1850 ൽ അറുപതാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1871 ഏപ്രിൽ 3 ന് എഴുപത്തൊൻപതാം വയസ്സിൽ അന്തരിച്ചു.

കോട്ടയത്തിന്,  കേരളത്തിന്, മലയാളത്തിന് വെളിച്ചം പകർന്നൊരാൾ.

അക്ഷരം, അച്ചടി, പത്രങ്ങൾ, പുസ്തകങ്ങൾ.. എന്നിവയുടെ ഒക്കെ പേരിൽ അക്ഷര നഗരം ജ്വലിക്കുമ്പോൾ ബെഞ്ചമിൻ ബെയ്ലി
 മരങ്ങളാൽ മറഞ്ഞ് മുനിസിപ്പൽ പാർക്കിൻ്റെ ആളുകേറാ മൂലയിൽ ഇരുട്ടത്ത് നിൽക്കുന്നു. അദ്ദേഹം ഇപ്പോഴും പാമ്പിനെ പേടിക്കുന്നുണ്ടാകും.

മഹത്തായ പ്രതിമകൾ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിക്കുന്നതിൽ മിടുക്കരാണ് കോട്ടയംകാർ.

ബെഞ്ചമിൻ ബെയ്ലിയെ നിറുത്താൻ നല്ല ഇടങ്ങളുണ്ട് കോട്ടയത്ത്. സി.എസ്.ഐ. സഭയ്ക്ക്, എം.ജി.യൂണിവേഴ്സിറ്റി ബെഞ്ചമിൻ ബെയ്ലി ചെയറിന്, ഭരണകൂടങ്ങൾക്ക് ബെഞ്ചമിൻ ബെയ്ലിയെ നല്ല ഒരു ഇടത്ത് ക്രിയേറ്റീവായ ഇൻസ്റ്റലേഷനോടെ പ്രതിഷ്ഠിക്കാം.

ഒന്നുമല്ലെങ്കിലും അന്ധരായ നമുക്ക് ഇലാമ പഴത്തിൻ്റെ കുരു പോലെ എന്തോ തന്ന് നമ്മളെ വെളിച്ചത്തിലേക്ക് നയിച്ച ഒരു മനുഷ്യനല്ലേ അത്...

Advt.