ഇതു പ്രവചനനിവൃത്തിയോ?
ഇന്ത്യ - ചൈന മഞ്ഞുരുകുന്നു;
അനുദിനമെന്നോണം ലോകഗതികള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നതിന്‍റെ സൂചന എല്ലായിടത്തുമുണ്ട്. കാലാവസ്ഥാവ്യതിയാനം, യുദ്ധഭീഷണി, അഭയാര്‍ത്ഥിപ്രവാഹം, ശാസ്ത്രസാങ്കേതികരംഗത്തെ നൂതന കണ്ടുപിടുത്തങ്ങള്‍, ആഗോളസാമ്പത്തികരംഗം,
വൈദ്യശാസ്ത്രപുരോഗതി എന്നിങ്ങനെ ജീവിതത്തിന്‍റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന വിധത്തിലാണു മാറ്റങ്ങള്‍. ശരവേഗത്തില്‍ പായുന്ന ഈ മാറ്റങ്ങള്‍ എന്താണു ലക്ഷ്യമിടുന്നതെന്നതിനെക്കുറിച്ച് വിശ്വാസിസമൂഹം ബോധമുള്ളവരായിരിക്കണം.
ഓരോ ദിവസവും പത്രത്താളുകളിലൂടെ മാത്രം കണ്ണോടിച്ചാല്‍ മതി ഈ മാറ്റങ്ങളുടെ ഗതിവിഗതികള്‍ മനസിലാക്കാന്‍. വേദപുസ്തക പശ്ചാത്തലത്തില്‍ കാര്യങ്ങളെ വീക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും ഇതു കര്‍ത്താവിന്‍റെ വരവുമായി ബന്ധപ്പെടുത്തിയേ കാണാന്‍ കഴിയൂ. കഴിഞ്ഞ ചില ലക്കങ്ങള്‍ക്കു മുമ്പും ഇതെക്കുറിച്ച് ഞങ്ങള്‍ എഴുതിയിരുന്നതു വായനക്കാര്‍ ഓര്‍ക്കുമല്ലോ.
പരസ്പര ബഹുമാനം ഉറപ്പാക്കി, പക്വതയോടെ സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്‍റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
'പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സമാധാനത്തിനും സു സ്ഥിരതയ്ക്കും ഇന്ത്യ-ചൈന ബന്ധം പ്രധാനപ്പെട്ടതാണ്'- കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പ്രത്യേക പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകള്‍ മുടക്കമില്ലാതെ തുടരും. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു മോദിയും ഷിയും ചര്‍ച്ച നടത്തുന്നതെന്നു മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങള്‍ പുറത്താക്കിയവ്ളാഡിമിര്‍ പുടിന്‍, അമേരിക്കന്‍ മേധാവിത്വത്തിനപ്പുറം ബഹുധ്രുവലോകം തേടുന്ന 36 രാജ്യങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുമ്പോള്‍ റഷ്യ ഒറ്റപ്പെട്ടതല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്ന പാശ്ചാത്യേതരപ്ലാറ്റ്ഫോമാണ് ബ്രിക്സ്.
യൂറോപ്പും പശ്ചിമേഷ്യയും രണ്ട് വിനാശകരമായ യുദ്ധങ്ങളുടെ തീവ്രതയില്‍ ആയിരിക്കുമ്പോള്‍, ഇന്ത്യ-ചൈന വികസനം നിര്‍ണ്ണായകമാണ്. ചൊവ്വാഴ്ച കസാനില്‍ നടന്ന അനൗപചാരിക ബ്രിക്സ് അത്താഴ വിരുന്നില്‍, രണ്ട് നേതാക്കളും വലിയ ആവേശത്തോടെ കാണപ്പെട്ടു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ അരികില്‍ പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഇരുന്നു. മൂന്ന് മാസത്തിനുള്ളില്‍ റഷ്യയിലേക്കുള്ള തന്‍റെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍, മോദി ഒരു പതിവ് ആലിംഗനത്തില്‍ പുടിനെ ചേര്‍ത്തുനിറുത്തി, 'ഞങ്ങളുടെ ബന്ധം വളരെ ഇറുകിയതാണ്, പരിഭാഷയില്ലാതെ നിങ്ങള്‍ ഞങ്ങളെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു' അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായും മോദി കൂടിക്കാഴ്ച നടത്തി.
ഇറാന്‍ ബ്രിക്സ് ക്ലബില്‍ പുതുതായി പ്രവേശിച്ചു. ഇതു കാണുമ്പോള്‍ ലോകം രണ്ടു ചേരികളിലായി തിരിയുന്നു എന്നതിന്‍റെ സൂചനയായിവേണം ഇതിനെ കാണാന്‍. ഇങ്ങനെ ഒരു സഖ്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രൂപപ്പെടേണ്ടത് വേദപുസ്തകം പറയുന്ന പ്രകാരമാണെന്നു പ്രവചന പഠിതാക്കള്‍ പറയുന്നുണ്ട്. വേദപുസ്തകം പറയുന്ന അന്ത്യകാലത്തെ ഭരണാധികാരി ആരായിരിക്കുമെന്നോ, എവിടെനിന്നായിരിക്കുമെന്നോ അഭ്യൂഹങ്ങള്‍ പലതുമുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളിലൊന്നും ദൈവശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍, ഒരു കാര്യം തീര്‍ച്ചയാണ്, എതിര്‍ക്രിസ്തുവിന്‍റെ ഭരണത്തിനായി നാടും നഗരവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
വിശ്വാസികള്‍ക്ക് അതു പ്രത്യാശയുളവാക്കുന്നതാണ്. കാരണം, അതിനു മുന്‍പേ അവരെ ചേര്‍ക്കാന്‍ മശിഹകര്‍ ത്താവ് മധ്യാകാശത്തില്‍ വെളിപ്പെടും.
കര്‍ത്താവ് പറഞ്ഞതുപോലെ, 'ഇതൊക്കെയും കാണുമ്പോള്‍ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തതുകൊണ്ട് ഉണര്‍ന്ന് തല ഉയര്‍ത്തുവിന്‍.' കാലത്തിന്‍റെ
ചുവരെഴുത്ത് കാണാതെ പോകരുത്! പ്രപഞ്ചവും കാലവും നമ്മോടു പറയുന്നു.. നാഥൻ മടങ്ങിവരാറായി
Advertisement