സഭാകൗൺസിലുകൾ അധികാര പ്രകടനവേദിയല്ല
സഭാകൗൺസിലുകൾ അധികാര പ്രകടനവേദിയല്ല
പാസ്റ്റർ കെ.സി. ജോൺ
ദൈവാധിപത്യം എന്നാൽ, ഒരു മനുഷ്യൻ ഒറ്റയ്ക്കു ഒരു പ്രസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തനിക്കു തോന്നിയതുപോലെ ചെയ്യുന്നതല്ല. ഒരു പ്രാദേശിക സഭയുടെ ശുശ്രൂഷകൻ തന്റെ തീരുമാനങ്ങളെല്ലാം സഭയുടെമേൽ അടിച്ചേല്പിക്കുന്നവനാകരുത്. സഭാകൗൺസിൽ അധികാര പ്രകടനത്തിന്റെ വേദിയാകരുത്. സേവനത്തിന്റെ അവസരങ്ങൾ കണ്ടെത്തുകയാണ് ആവശ്യം.
നേതൃത്വം ശരിയായ കാര്യങ്ങൾ ചെയ്താൽ മാത്രം പോരാ. ശരിയായ കാര്യങ്ങൾ ചെയ്യുന്നു എന്നും ജനത്തെ ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കണം. പലരുമായി ആശയവിനിമയം നടത്തേണം. അതു തുടർച്ചയായിത്തന്നെ ചെയ്തു കൊണ്ടിരിക്കണം.
'ഞങ്ങൾ നടത്തിവരുന്ന ഈ ധർമശേഖര കാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ട് ഞങ്ങൾ കർത്താവിൻ്റെ മുൻപാകെ മാത്രമല്ല മനുഷ്യരുടെ മുൻ പാകെയും യോഗ്യമായതു മുൻകരുതുന്നു.' (2 കൊരി. 8:20,21). അതാണ് ആദർശമുള്ള നേതൃത്വത്തിൻ്റെ പ്രവർത്തന ശൈലി. അത്യുത്സാഹിയായ തീത്തോസ് ദൈവം നൽകിയ ജാഗ്രതയാലും സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടും പണപ്പിരിവിനു പോകുമ്പോൾ പക്വതയുള്ള നേതൃത്വം അവനോടൊപ്പം ഒരു സഹോദരനെകൂടെ അയച്ച് തങ്ങളുടെ സത്യസന്ധതയും ഉദ്ദേശ്യശുദ്ധിയും ദൈവജനത്തിന് ബോധ്യമാക്കികൊടുത്തു. (2 കൊരി. 8:16-19).
വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന് നിങ്ങളും ദൈവവും സാക്ഷി. ' (1 തെസ്സ. 2:10). 'ദൈവം എൻ്റെ ഹൃദയം അറിയുന്നു. നിങ്ങളെങ്ങനെ ചിന്തിച്ചാലും എനിക്കൊന്നുമില്ല" എന്ന മനോഭാവം നേതൃത്വത്തിന് ചേരുന്നതല്ല. ദൈവം മാത്രം സാക്ഷി ആയാൽ പോരാ. 'നിങ്ങളും സാക്ഷികൾ' എന്നാണ് അപ്പൊസ്‌തലൻ എഴുതിയത്.
ശുശ്രൂഷകരുടെ ജീവിതം വിശ്വാസികളുടെ മനസ്സിൽ ആത്‌മീയ തിളക്കമുള്ളതായി ശോഭിച്ചു നിൽക്കണം. അങ്ങനെയുള്ള ശുശ്രൂഷകനു ചുറ്റും കാന്തികവലയം രൂപം കൊള്ളും. ഭീഷണിയിലും അടിച്ചമർത്തലിലുമല്ല ജനങ്ങൾ ആകർഷിക്കപ്പെടുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്ന നേതൃത്വമാണെന്ന് ജനങ്ങൾക്കു ബോധ്യം വരുമ്പോൾ അവർ സ്വയം വിധേയപ്പെടുത്തി കൊടുക്കുകയാണ്.
Advertisement





















































































