പേര് മാറ്റത്തിനൊരുങ്ങി ഐപിസി തിയോളജിക്കൽ സെമിനാരി; പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് കോട്ടയത്ത് ഒരു പൊതു വേദവിദ്യാലയം

പേര് മാറ്റത്തിനൊരുങ്ങി ഐപിസി തിയോളജിക്കൽ സെമിനാരി; പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് കോട്ടയത്ത് ഒരു പൊതു വേദവിദ്യാലയം
പ്രസിഡന്റ് ജോയി താനവേലി ബോർഡ് മീറ്റിംഗിൽ സംസാരിക്കുന്നു

മാറ്റങ്ങളുമായ് കോട്ടയം തിയോളജിക്കൽ സെമിനാരി

25 - ൽ പരം വർഷങ്ങളായി ഭാരത സുവിശേഷീകരണത്തിനും സാമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സജ്ജീവമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐപിസി എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി. നൂറുകണക്കിന് യുവതി യുവാക്കന്മാരെ പരിശീലിപ്പിച്ചു പ്രേഷിത ദൗത്യത്തിനും സമൂഹ നന്മയ്ക്കും സജ്ജരാക്കിയ കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരി, സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രദ്ധേയമായ സ്ഥാപനങ്ങളിലൊന്നാണ്. അടുത്ത പ്രവർത്തന ഘട്ടത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് സൊസൈറ്റി ബോർഡ് മീറ്റിംഗിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

2026 ജനുവരി 15ന് ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി അധ്യക്ഷൻ ജോയി താനവേലിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് മീറ്റിംഗിലാണ് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശ്രദ്ധേയമായ തീരുമാനങ്ങൾ കൈകൊണ്ടത്.

പൊതുവിന്റെ ചുമതലയിലും, പൊതു നന്മയ്ക്കും വേണ്ടി ദർശനത്തിലും ദൈവവചന അടിസ്ഥാനത്തിലും, സ്വീകാര്യമായ ആശയങ്ങളെ കൈകൊണ്ടും നയരൂപീകരണം നടത്തിയും പൊതു സഭയ്ക്ക് സ്വീകാര്യമായ നിലയിലേക്ക് ഇത്രെയും കാലം കൊണ്ട് സെമിനാരിയെ ദൈവം ഉയർത്തി. പ്രവർത്തനങ്ങളുടെ വിശാലതയെകുറിച്ചു ചില വര്ഷങ്ങളായി സെമിനാരി ബോർഡ് സജീവമായി ചർച്ച ചെയ്തതിലേക്കുള്ള ചുവടുവെപ്പുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇനി മുതൽ 'പെന്തെക്കോസ്റ്റൽ തിയോളജിക്കൽ സെമിനാരി, കോട്ടയം'

ക്രൈസ്തവലോകത്തെ വിശാലമായ പ്രവർത്തന മേഖലയിൽ  സെമിനാരിക്ക് സമഗ്ര സംഭാവന നൽകുവാൻ കഴിയുമെന്നും, പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെയും സഭകളുടെയും ഒരു പൊതു വേദവിദ്യാലയം എന്ന നിലയിൽ സെമിനാരിക്ക് പ്രവർത്തിക്കുവാൻ കഴിയുമെന്നുള്ള ദർശനവിശാലത ഉൾകൊണ്ടുകൊണ്ടാണ് നാളിതുവരെ ചെയ്‌തതിലധികമായ പ്രവർത്തനമേഖലകൾ സെമിനാരി തിരഞ്ഞെടുത്തിരിക്കുന്നത്. 

ആയതിന്റെ ആരംഭ പടിയായി, നാളിതുവരെ ഐപിസി തിയോളജിക്കൽ സെമിനാരി കോട്ടയം എന്നറിയപ്പെട്ട ഈ സ്ഥാപനം ഇനിമുതൽ  " "പെന്തക്കോസ്റ്റൽ തിയോളജിക്കൽ  സെമിനാരി കോട്ടയം " എന്ന പേരിൽ ആകും അറിയപ്പെടുക. ഉപദേശ ഐക്യമുള്ള സഭകൾക്കും  പ്രസ്ഥാനങ്ങലക്കും വ്യക്തികൾക്കും സഭാവ്യത്യാസം ഇല്ലാതെ പ്രവർത്തിക്കുവാനുള്ള വേദിയായി സെമിനാരിയെ കൂടുതൽ ശാക്തീകരിക്കും.   ഒരു പൊതു വൈദിക വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ, പ്രഖ്യാപിത ലക്ഷ്യങ്ങളോടെ ഈ സ്ഥാപനം പ്രവർത്തിക്കും. കോട്ടയം സെമിനാരിയുടെ ഭാഗമായ ഭോപ്പാലിലുള്ള സുസമാചാർ തീയോളജിക്കൽ കോളേജ് ആൻഡ് സെമിനാരിയും വിവിധ സംസ്ഥാനങ്ങളിലുള്ള ട്രെയിനിങ് സെന്റേഴ്സും പുതുയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. 

സാങ്കേതിക - തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങൾ

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളും, സ്ത്രീശക്തികരണ പദ്ധതികളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി സാങ്കേതിക വിദ്യകളും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങളും പുതിയതായി ആരംഭിക്കുമെന്നും  പ്രഖ്യാപപിച്ചിട്ടുണ്ട്. കോട്ടയം സെമിനാരി ക്യാമ്പസിൽ വിശാലമായ ലേഡീസ് ഹോസ്റ്റലിന്റെ  നിർമാണം ഈ വർഷം ആരംഭിക്കും. കിടപ്പ് രോഗികൾക്കും ജീവിതത്തിൽ അവശത അനുഭവിക്കുന്നവർക്കും  വൈദ്യസഹായത്തോടൊപ്പം  ഭവന ദാന പദ്ധതികളും  തുടരും. ജീവിത സായാഹ്നങ്ങളിൽ ഒറ്റപ്പെട്ടു പോയവർക്കും, ശാരീരിക, ആത്മീയ മാനസിക തലങ്ങളിൽ പിന്തുണയോടെ  താമസിക്കുന്നതിനുവേണ്ടി വാകത്താനത്ത് പണികഴിപ്പിച്ച അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റി കെട്ടിടത്തിന്റെ ഉത്‌ഘാടനം മെയ് 30 നു നടത്തുവാൻ തീരുമാനിച്ചു.  താമസിക്കുവാൻ ഭവനമില്ലാതെ ശ്രുശ്രൂഷകരുടെ വിധവമ്മാർക്കും അശരണർക്കും വേണ്ടി 24 ഭവനങ്ങളുടെ  നിര്മാണപ്രവർത്തനം ഉടൻ ആരംഭിക്കും. അൻപതിലധികം പേർക്ക് മാസംതോറും നല്കികൊണ്ടിരിക്കുനന് വിധവാ സഹായം കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കും.  സമകാലിക ഭാഷയിൽ ശ്രദ്ധേയമാകുന്നു വേദപുസ്തകത്തിന്റെ പുതിയ പരിഭാഷയുടെ രണ്ടാം ഘട്ട പരിഭാഷാ പ്രവർത്തനങ്ങളും നടന്നു വരുന്നു. 

പാസ്റ്റർ റ്റി.ജി. ഉമ്മൻ സെന്റർ ഫോർ ഡോക്റൽ സ്റ്റഡീസ്

25 വർഷം പൂർത്തിയാക്കുമ്പോൾ സെമിനാരിയുടെ അക്കാഡമിക് നിലവാരത്തിന്റെ ഉയർച്ചയും പുതിയ പ്രോഗ്രാമുകളുടെ ആരംഭവും ബോർഡ് മീറ്റിംഗിൽ ചർച്ചയായി. സെമിനാരിയുടെ ഏറ്റവും പുതിയ പ്രോഗ്രാമായ ഡോക്ടർ ഓഫ് മിനിസ്ട്രിയുടെ  (D. Min) ആദ്യ ബാച്ച് ആരംഭിച്ചു. പാസ്റ്റർ റ്റി ജി ഉമ്മൻ സെന്റർ ഫോർ ഡോക്റൽ സ്റ്റഡീസിന്റെ കീഴിൽ ആരംഭിച്ച പ്രോഗ്രാം, പ്രേഷിത ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പഠിതാക്കൾക്ക് അനുഗ്രഹമാകും. സെമിനാരി നടത്തുന്ന ഡിഗ്രി പ്രോഗ്രാമുകളെ കൂടാതെ LEAD institute എന്ന പേരിലുള്ള ലീഡര്ഷിപ് ട്രെയിനിങ് പ്രോഗ്രാമിൽ ഇപ്പോൾ പഠിക്കുന്ന 500 ലധികം വിദ്യാർത്ഥികളുടെ എണ്ണം രണ്ടു വർഷത്തിനകം 2500 ആക്കുവാനുള്ള ക്രമീകരണം ചെയ്തുവരുന്നു. 

പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

ഡോ. എബി പീറ്റർ

കഴിഞ്ഞ 17 വർഷങ്ങൾ സെമിനാരിയുടെ പ്രിൻസിപ്പലായി സുസ്ത്യർഹമായ സേവനമനുഷ്ഠിച്ചു, സെമിനാരിയുടെ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഡോക്ടർ എബി പീറ്റർ തൽസ്ഥാനത്തു നിന്ന് വിരമിക്കുകയും സെമിനാരി പ്രവർത്തനങ്ങളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (COO) ചുമതല ഏറ്റെടുക്കുകയും ചെയ്തു. സെമിനാരിയുടെ പഠന മേഖലയിൽ പുതിയ മാറ്റങ്ങളും വിശാലതയും സംബന്ധിച്ചുള്ള നിർണായകരമായ തീരുമാനങ്ങൾ ഡോ. എസ്. മദനകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ബോർഡ് ഓഫ് സ്റ്റഡീസ് ആണ് എടുത്തത്.

ബോർഡ് മെമ്പേഴ്‌സിന് സ്വീകരണവും അനുബന്ധ വികസന പ്രവർത്തനങ്ങളും

പുതിയതായി ബോർഡ് മെമ്പേഴ്സായി ചേർന്ന 23 അംഗങ്ങൾക്ക് ബോർഡ് മീറ്റിംഗിൽ സ്വീകരണം നൽകി.  സെമിനാരിയുടെ സോളാർ വൈദ്യുതീകരണത്തിന്റെ ഉദ്‌ഘാടനം പാസ്റ്റർ ഇട്ടി എബ്രഹാം നിർവഹിച്ചു. 

കോട്ടയം സെമിനാരി ക്യാമ്പസിൽ ആരംഭിച്ച പുതിയ കഫെറ്റീരിയ "അനാവോ ലോഞ്ചിന്റെ" ഉദ്ഘാടനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ നിർവഹിച്ചു. എജുക്കേഷണൽ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തന വിശാലതയ്ക്ക് വേണ്ടിയുള്ള ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തോമസ് വർഗീസ് CPA,  ഷീബ ജോർജ് എന്നിവരെ ബോർഡ് ആദരിച്ചു.  

 

വൈസ് പ്രസിഡണ്ട് ഡോ.ഇടിച്ചെറിയ നൈനാൻ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ട് ഡോ.  ആർ എബ്രഹാം, ഈ ഡബ്ല്യു എസ് സെക്രട്ടറി  കുര്യൻ ജോസഫ്, ട്രഷറർ പാസ്റ്റർ മോനി ചെന്നിത്തല, എസ്റ്റേറ്റ് മാനേജർ  മാത്യു കുരുവിള ബോർഡ് ഓഫ് സ്റ്റഡീസ് പ്രസിഡന്റ് ഡോ. എസ്. മദനകുമാർ, പാസ്റ്റർ ഇട്ടി എബ്രഹാം, സി. എം. എബ്രഹാം, തോമസ് വർഗീസ് സിപിഎ, തോമസ് ജോൺസൻ, രാജു പൊന്നോലിൽ, അലക്സാണ്ടർ ജോർജ്ജ്അലക്സ്‌ എബ്രഹാം, പാസ്റ്റർ. റോയ് വാകത്താനം, ജിജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പവർവിഷൻ ഡയറക്ടർ ശ്രീ സജി പോൾ ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ സംബന്ധിച്ചു.

പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം കൂടുതൽ പ്രവർത്തന വിശാലതയോടെ വൈവിധ്യമാർന്ന കർമ്മ പദ്ധതികളുമായി  സാമൂഹ്യ സേവന രംഗത്തും അദ്ധ്യാത്മിക വിദ്യാഭ്യാസരംഗത്തും സജീവ സാന്നിധ്യമായി തുടരും.

Advertisement