മരുഭൂമിയിൽ മന്ന ഒരുക്കുന്ന ദൈവം
റവ.ജോർജ് മാത്യു പുതുപ്പള്ളി
ഏബ്രഹാം മാർത്തോമ മെത്രാപ്പൊലിത്ത ഗൾഫിലെ മരുഭൂമിയിൽക്കൂടി സഞ്ചരിക്കുന്ന വേളയിൽ അദ്ദേഹം സഞ്ചരിച്ച കാർ കേടായി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ മറ്റൊരു കാർ അദ്ദേഹത്തിന്റെ അടിത്തുവന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ മദ്ധ്യവയസ്കൻ ബിഷപ്പിനോട് പറഞ്ഞു : 'ഞാൻ ഒരു കാർ മെക്കാനിക്ക് കൂടിയാണ്. അങ്ങേക്ക് വിരോധമില്ലെങ്കിൽ ഞാൻ അങ്ങയുടെ കാറിന്റെ കേടുപാട് പരിഹരിക്കാൻ ശ്രമിക്കാം.' ബിഷപ്പിന് ഏറെ സന്തോഷമായി.
മദ്ധ്യവയസ്കൻ തന്റെ കാറിൽനിന്നും ഉപകരണങ്ങളുമായി വെളിയിൽ ഇറങ്ങി. ബിഷപ്പിന്റെ കാർ പരിശോധിച്ച് കേട് സ്റ്റാർട്ടാക്കി കൊടുത്തു. ബിഷപ്പ് അദ്ദേഹത്തോട് നന്ദി പറഞ്ഞു. പോകുന്നതിനുമുമ്പ് മദ്ധ്യവയസ്കൻ തന്റെ കാറിലിരുന്ന ഫ്ലാസ്ക് തുറന്ന് ഒരു ഗ്ലാസ് ചൂടു ചായ ബിഷപ്പിനു നേരെ നീട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു : 'ഇത് മധുരമില്ലാത്ത ചൂട് ചായയാണ്. ഞാൻ ഡയബറ്റിക് രോഗിയായതിനാൽ മധുരം ഉപയോഗിക്കാറില്ല. അങ്ങേക്ക് വിരോധമില്ലെങ്കിൽ ചായ കുടിക്കാം.' ബിഷപ്പ് ചായ വാങ്ങിക്കുടിച്ച് അദ്ദേഹത്തോട് വീണ്ടും നന്ദി പറഞ്ഞു.
മദ്ധ്യവയസ്കൻ പോയശേഷം ബിഷപ്പ് ഇരുകൈകളും ആകാശത്തിലേക്ക് ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു : 'കരുണാസമ്പന്നനായ യേശുകർത്താവേ, അങ്ങ് എന്നോടു കാട്ടുന്ന കരുതലിനും വാത്സല്യത്തിനും ഞാൻ എത്ര നന്ദി പറഞ്ഞാൽ മതിയാവും ? ചൂടേറിയ ഈ മരുഭൂമിയിൽ എന്റെ കാർ നന്നാക്കുവാൻ മെക്കാനിക്കിനെ അയച്ചുതന്നു. പ്രമേഹരോഗിയായ എനിക്കു കുടിക്കുവാൻ മധുരമില്ലാത്ത ചൂടുചായയും കൊടുത്തയച്ചു. യേശുകർത്താവേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ താൽപര്യത്തിനും അങ്ങ് നൽകുന്ന സംരക്ഷണത്തിനും കോടാനുകോടി സ്തോത്രം.'
മിസ്രയീമിൽനിന്നു പുറപ്പെട്ട യിസ്രായേൽമക്കളെ യഹോവയായ ദൈവം മരുഭൂമിയിൽ മന്നയും കാടപ്പക്ഷിയും നൽകി പരിപോഷിപ്പിച്ചു. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണും അയച്ച് അവരുടെ യാത്ര സുഗമമാക്കി. കാക്കയുടെ കൈവശം അപ്പവും ഇറച്ചിയും കൊടുത്തുവിട്ട് പ്രവാചകനായ ഏലിയാവിന്റെ വിശപ്പ് മാറ്റി. അയ്യായിരം പേരെ അഞ്ചപ്പവും മീനുംകൊണ്ട് യേശുകർത്താവ് പോഷിപ്പിച്ചു. വിശുദ്ധ ബൈബിളിൽ ഉടനീളം തന്റെ ഭക്തരുടെ ഭൗതികവും ശാരീരികവും മാനസികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സ്നേഹസമ്പന്നനായ ദൈവത്തെയാണ് നമുക്കു കാണാൻ കഴിയുന്നത്.
ഇന്നും തന്നെ വിളിച്ചപേക്ഷിക്കുന്ന ഭക്തരുടെ ജീവനും ഭക്തിക്കും വേണ്ടതെല്ലാം കൃത്യസമയത്ത് നൽകുന്ന മഹാദൈവത്തെയാണ് യേശുക്രിസ്തുവിൽ കാണുവാൻ കഴിയുന്നത്. വിശുദ്ധ ബൈബിൾ യേശുവിനെ 'നല്ല ഇടയനായി' വിശേഷിപ്പിക്കുന്നു. നല്ല ഇടയനായ യേശുക്രിസ്തു ആടുകൾക്കുവേണ്ടി തന്റെ ജീവനെ നൽകിയവനാണ്. വിവിധ ഭാരങ്ങളാൽ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനായി യേശുകർത്താവ് ഇന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു. കർത്താവിന്റെ അടുക്കൽ ചെല്ലുന്നവരെ ആരെയും നല്ലിടയനായ യേശുക്രിസ്തു നിരാശരായി മടക്കി അയയ്ക്കാറില്ല.
ചിന്തക്ക് : 'യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു. സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു. തിരുനാമം നിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. മരണനിഴലിൻ താഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ. നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു. എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു. എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. ഞാൻ യഹോവയുടെ ആലയത്തിൽ നിത്യകാലം വസിക്കും' (സങ്കീർത്തനങ്ങൾ 23 : 1...6).




