ഒരു ജീവൻകൂടി പൊലിഞ്ഞു; വന്യമൃഗശല്യം: നടപടിയില്ലാത്തത് ക്രൂരത

ഒരു ജീവൻകൂടി പൊലിഞ്ഞു; വന്യമൃഗശല്യം: നടപടിയില്ലാത്തത് ക്രൂരത

ഒരു ജീവൻകൂടി പൊലിഞ്ഞു

 കെ.ജെ. ജോബ് വയനാട്

ന്നും സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ ജീവനക്കാരൻ അരുണ്‍ (48) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.  ഓടിക്കൂടിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇത്തരം മരണങ്ങൾ തുടർക്കഥയാകുന്നു .

പരിസ്ഥിതിവാദത്തിൻ്റെ അപ്പസ്തോലൻ എന്ന വിശേഷിപ്പിക്കാവുന്ന മാധവ് ഗാഡ്ഗിൽ പോലും പറഞ്ഞു "നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ പുലിയും കടുവയും ആനയും കാട്ടുപോത്തും മാനും പെരുകിയതാണ് ഇന്നത്തെ വന്യ ജീവി ആക്രമണങ്ങളുടെ മുഖ്യ കാരണം. കൊന്നൊടുക്കി എണ്ണം ക്രമപ്പെടുത്തുക എന്നത് മാത്രമാണ് ഏക പരിഹാരം. കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസം കയറ്റിയയക്കുകയും കൂടെ ചെയ്താൽ വരുമാനവും ലഭിക്കും.". ലോകത്തിലെ  മിക്ക രാജ്യങ്ങളും ചെയ്യുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്.

പരിസ്ഥിതിസംരക്ഷണം സംബന്ധിച്ചുള്ള തീവ്രനിലപാടുകളുടെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വന്യമൃഗശല്യം രൂക്ഷമാണ്. വയനാട്ടിലും  ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ആണ് ഏറ്റവുമധികം ജനങ്ങൾ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്.

വിവേകപൂര്‍ണ്ണമായ നടപടികള്‍ ഭരണാധികാരികൾ എടുക്കുന്നില്ലെങ്കില്‍ അടുത്ത പത്തുകൊല്ലത്തിനകം പ്രാണഭയം മൂലം മനുഷ്യര്‍ കൈയൊഴിഞ്ഞ പ്രദേശമായി കേരളത്തിന്റെ മലനാട് ജില്ലകൾ പൂര്‍ണ്ണമായും മാറും. 2022-23 വര്‍ഷത്തില്‍ കേരളത്തില്‍ മൃഗങ്ങള്‍ കടിച്ചും കുത്തിയും അപകടത്തില്‍പ്പെടുത്തിയും കൊന്ന മനുഷ്യരുടെ എണ്ണം ഏകദേശം 900 ആണ്. പരുക്കേറ്റവര്‍ 700-ല്‍ അധികം പേര്‍. മൃഗങ്ങള്‍ വരുത്തിയ കൃഷിനാശം ഉണ്ടാക്കിയ നഷ്ടം ഏകദേശം 70 കോടി രൂപ. എന്തുകൊണ്ട് ഈ മനുഷ്യര്‍ കൊല്ലപ്പെടണം? മലയോര മേഖലയില്‍ താമസിക്കുന്ന അസംഘടിതഗണം ആയതുകൊണ്ടോ? എന്തുകൊണ്ട് അവരുടെ മക്കള്‍ അനാഥരാക്കപ്പെടണം? അവര്‍ കര്‍ഷകരുടെ മക്കള്‍ ആയതുകൊണ്ടോ? മൃഗക്കലിയില്‍ പെട്ട് ഇത്രയേറെ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിയമങ്ങളെക്കുറിച്ച് പറഞ്ഞും വനംവകുപ്പ് കോടതിവിധികളെക്കുറിച്ച് പറഞ്ഞും പ്രതിപക്ഷം പൊലീസ്-വനംവകുപ്പു തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് പറഞ്ഞും ഈ വിഷയത്തെ കൈയൊഴിയുകയാണ്. ചുരുക്കത്തില്‍ ഈ ദുരന്തങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരുമില്ല. 

വീട്ടിനുള്ളിലേക്ക് കാട്ടാന പാഞ്ഞുകയറി ആളെക്കൊല്ലുന്ന ഏര്‍പ്പാടിനെയും വിളിക്കുന്ന പത്ര- പാർലമെൻറ് ഭാഷയാണ് മനുഷ്യ-മൃഗ സംഘര്‍ഷം (Man and Animal Conflict). ജീവനുംകൊണ്ടു പായുന്ന മനുഷ്യന്‍ എവിടെയാണ് കാട്ടുമൃഗവുമായി സംഘര്‍ഷത്തിലാകുന്നത്?
ഇപ്പോഴത്തെ കാട്ടുമൃഗ സംരക്ഷണ നിയമങ്ങളും വകുപ്പുകളും ഒട്ടനവധി അസംബന്ധങ്ങള്‍ നിറഞ്ഞതാണ്.മൃഗങ്ങളെ അനിയന്ത്രിതമായി പെരുകാന്‍ അനുവദിച്ചാല്‍ മനുഷ്യവാസം അസാധ്യമായി മാറും. മൃഗങ്ങളുടെയും പക്ഷികളുടെയും പെരുപ്പത്തിന് ആനുപതികമായി സന്തുലിതാവസ്ഥ നശിപ്പിക്കാത്ത രീതിയില്‍ അവയെ കൊല്ലുക എന്നതു മാത്രമാണ് ആത്യന്തികമായ പരിഹാരം. അതല്ലാതെ നിയമം കൈകെട്ടിയിട്ടിരിക്കുന്ന മനുഷ്യരുടെ നേരെ കാട്ടുമൃഗങ്ങള്‍ക്ക് പാഞ്ഞുചെല്ലാന്‍ അവസരം ഉണ്ടാക്കലല്ല.

കാട്ടുമൃഗങ്ങള്‍ മനുഷ്യരെ ചവുട്ടിക്കൂട്ടുന്ന കാര്യം ചര്‍ച്ചയ്ക്കു വരുമ്പോള്‍ സാധാരണ കേള്‍ക്കുന്ന കാര്യമിതാണ്: കേന്ദ്ര വനനിയമം അനുവദിക്കുന്നില്ല. ഇപ്പറയുന്ന നിയമങ്ങളെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതും മനുഷ്യനന്മക്കുമാണല്ലോ? അല്ലാതെ മനുഷ്യൻ നിയമങ്ങൾക്ക് വേണ്ടിയല്ലല്ലോ . അതുകൊണ്ട് മനുഷ്യരുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ടും വനസമ്പത്ത് സംരക്ഷിച്ചുകൊണ്ടും നിയമം മാറ്റിയെഴുതാന്‍ സാധിക്കും. ഈ വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്ത് വിജയിച്ച രാജ്യങ്ങളിലെ പ്രായോഗികമായ നിയമങ്ങള്‍ മാതൃകയാക്കാം. അത്തരത്തില്‍ നിയമപരിഷ്‌കാരം നടത്താന്‍ നീക്കങ്ങളുണ്ടാകണം. അതിന് ഗ്രാമപഞ്ചായത്തു മുതല്‍ പാര്‍ലമന്റ്‌വരെയുള്ള ജനപ്രതിനിധികള്‍ വായ് തുറന്ന് ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കണം.

ശീതീകരിച്ച മുറികളിലിരുന്നും സുരക്ഷിത മേഖലയിൽ നിന്നു കൊണ്ടും കഠിന നിയമം ഉണ്ടാക്കുന്നവരുടെയും നിയമം നടപ്പിലാക്കുന്ന പ്രമുഖരുടെയും നിയമം വ്യാഖ്യാനിക്കുന്നവരുടെയും തടിയില്‍ തട്ടിയാലേ നിയമ പരിഷ്‌കാരം ഉണ്ടാകൂ എന്ന സ്ഥിതി നാടിന് നന്നല്ല.
ഭരണാധികാരികളെ കണ്ണു തുറക്കൂ. യാഥാർത്ഥ്യങ്ങൾ ഉള്ളത് പോലെ കാണൂ. ആർക്കും ഒഴിവില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും വന്യമൃഗശല്യ ഭീഷിണി നിലനിൽക്കുന്നു.

 (എഴുത്തുകാരൻ )

Advertisement