കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി
വാർത്ത: സുജാസ് ചീരൻ, കെന്റ്
ലണ്ടൻ: കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തോല്‍വി ഏറ്റുവാങ്ങിയ fഋഷി സുനികിൻ്റെ രാജിക്ക് പിന്നാലെ കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. പുതിയ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സർക്കാർ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാൾസ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയിർ സ്റ്റാർമറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാൾസ് രാജാവ് നിയമിച്ചു.
14 വർഷമായി ബ്രിട്ടണിൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ പാർട്ടി വൻ വിജയമാണ് നേടിയത്. 412 സീറ്റുകൾ പിടിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിർ സ്റ്റാർമറിൻ്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.
'ഇത് വളരെ പ്രയാസകരമായ ഒരു ദിവസമാണ്. എന്നാൽ, ലോകത്തിലെ ഏറ്റവുംമികച്ച രാജ്യത്തിൻ്റെ പ്രധാനമന്ത്രി എന്ന ബഹുമതി ഞാൻ അവസാനിപ്പിക്കുകയാണ്', സുനക് തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. 'നിങ്ങളുടെ ദേഷ്യവും നിരാശയും ഞാൻ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവർത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കൺസർവേറ്റീവ് സ്ഥാനാർത്ഥികൾക്കും പ്രചാരകർക്കും നിങ്ങളുടെ പരിശ്രമങ്ങൾക്ക് അർഹമായത് നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു', സുനക് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻവംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങിയത്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ 365 സീറ്റ് കൺസർവേറ്റീവുകൾ നേടിയിരുന്നു.