അരനൂറ്റാണ്ടിന്റെ ആത്മബന്ധം: സി.വി. മാത്യു സാറിനെ സന്ദർശിച്ച് പാസ്റ്റർ എബ്രഹാം ജോസഫ് 

അരനൂറ്റാണ്ടിന്റെ ആത്മബന്ധം: സി.വി. മാത്യു സാറിനെ സന്ദർശിച്ച് പാസ്റ്റർ എബ്രഹാം ജോസഫ് 

തൃശ്ശൂർ: അഞ്ച് പതിറ്റാണ്ടിന്റെ ആത്മബന്ധമുള്ള സി.വി. മാത്യുസാറിനെ സന്ദർശിച്ച് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അധ്യക്ഷൻ പാസ്റ്റർ എബ്രഹാം ജോസഫ്. ശാരീരിക ക്ഷീണത്താൽ ഭവനത്തിൽ വിശ്രമിക്കുന്ന പെന്തെക്കോസ്ത് പത്രതറവാട്ടിലെ കാരണവർ സി.വി. മാത്യു സാറിനെ പാസ്റ്റർ എബ്രഹാം ജോസഫും ചില സഹപ്രവർത്തകരും സന്ദർശിച്ചു.

ജൂലൈ 22 ഇന്നലെ തൃശൂർ മണ്ണുത്തിയിൽ നടന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് റീജിയൺ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് എല്ലാവരും ആൽപ്പാറയിലെ വീട്ടിലെത്തിയത്. സി.വി.മാത്യു സാറും ഭാര്യ അമ്മിണി മാത്യുവും മകൻ  ആശിഷും മകൾ ഉഷസും ഭർത്താവ് ബിജോയിയും നിറഞ്ഞ ഹൃദയത്തോടെ അതിഥികളെ സ്വീകരിച്ചു. വീടിന്റെ അകത്തളങ്ങ ളിലൂടെ ഓടിക്കളിക്കുന്ന സി.വി.സാറിന്റെ  കൊച്ചുമക്കളും ഇടക്കിടക്ക് അവരുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരുന്നതും സന്തോഷകരമായ അനുഭവമായി.

കുറെ സമയം പഴയ സ്മരണകളും തമാശകളും പരസ്പരം പങ്കുവെച്ചു. സി.വി.സാർ കോട്ടയത്ത് എവരിഹോം ക്രൂസൈഡിലും എബ്രഹാം ജോസഫ് ഡൽഹി എവരി ഹോം ക്രൂസേഡിലും ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. തുടർന്നുള്ള ക്രിസ്തീയ ശുശ്രൂക്ഷയിൽ അരനൂറ്റാണ്ടിന്റെ ജീവിത ഗന്ധിയായ കഥകൾ അത്ര പെട്ടെന്ന് പറഞ്ഞു തീർക്കാൻ കഴിയില്ലങ്കിലും മുക്കാൽ മണിക്കൂർ ഒരുമിച്ച് ചെലവഴിച്ചു. ഹൃദ്യമായ ഈ ഒത്തുചേരലിന് ശേഷം പ്രാർത്ഥിച്ച്  യാത്ര പറയും മുമ്പ് സി.വി മാത്യു സാറിനെ പാസ്റ്റർ എബ്രഹാം ജോസഫ് ആദരപൂർവ്വം ഷാൾ അണിയിച്ചു. 

സി.വി. സാർ എഴുതിയ ചില പുസ്തകങ്ങൾ സമ്മാനിക്കുകയും സന്ദർശനത്തിന് നന്ദി പറയുകയും ചെയ്തു. ഒപ്പം പോയ സംഘാംഗങ്ങൾക്കും പുസ്തകങ്ങൾ സമ്മാനിക്കാനും സി.വി. സാർ മറന്നില്ല. പാസ്റ്റർമാരായ ജോമോൻ ജോസഫ് പേരാവൂർ, ടി.വൈ. ജെയിംസ് അങ്കമാലി, സണ്ണി പെരുമ്പാവൂർ, ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. ജോബ് വയനാട്, ഭാര്യ ജാൻസി ജോബ്, ഗ്രേസ് സന്ദീപ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Advertisement