ഒരു വർഷം പിന്നിട്ട് ബഹ്റൈൻ ഗുഡ്‌ന്യൂസ് സ്റ്റഡി സർക്കിൾ പ്രഭാഷണം
മനാമ: ഗുഡ്‌ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഗുഡ്‌ന്യൂസ് സ്റ്റഡി സർക്കിൾ പ്രഭാഷണം ഒരു വർഷം പിന്നിട്ടു.
എല്ലാ മാസത്തെയും മൂന്നാമത്തെ ബുധനാഴ്ച ഇന്ത്യൻ സമയം: രാത്രി 8.30 നും ബഹ്റൈൻ, ഖത്തർ, റിയാദ് സമയം: വൈകുന്നേരം 6 നും യുഎഇ സമയം: വൈകുന്നേരം 7 നും ഡാളസ്, കാൻസസ്, ചിക്കാഗോ: രാവിലെ 10 നു എന്നിങ്ങനെയാണ് ക്ലാസുകൾ നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രഗൽഭരും പ്രതിഭാശാലികളുമായ വേദാധ്യാപകരും പ്രഭാഷകരും എഴുത്തുകാരുമായ പാസ്റ്റർ കെ. ജോയി, പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ എ.ടി. ജോസഫ്, ഡോ. വി.പി.ഫിലിപ്പ്, ഡോ. ജോൺ കെ. മാത്യു, ഡോ.ഏബ്രഹാം വെൺമണി, ഡോ.ജെയിംസ് ജോർജ്, ഡോ.ജിജി പോൾ, പാസ്റ്റർ ഷാജി യോഹന്നാൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
കാലിക പ്രസക്തവും അതോടൊപ്പം തർക്കവിഷയങ്ങളും ഉൾപ്പെടുന്ന, വിഷയങ്ങൾ, വചന പരിജ്ഞാനവും പാണ്ഡിത്യവുമുള്ള ദൈവദാസന്മാർ കൈകാര്യം ചെയ്ത ക്ലാസുകൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്ന മലയാളി ക്രൈസ്തവ വിശ്വാസികൾക്കും വേദപഠിതാക്കൾക്കും വളരെ പ്രയോജനകരവും അനുഗ്രഹീതവുമായിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഗുഡ്‌ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ആണ്.
ഈ മാസം 22-ന് നടന്ന മീറ്റിംഗിൽ പാസ്റ്റർ ജോഷി ജോസഫ് പ്രാർത്ഥിച്ച് ആരംഭിച്ചു. സിസ്റ്റർ വെണ്ണില സുജിത്തും മാസ്റ്റർ ആഷിൻ സജിയും ഗാനങ്ങൾ ആലപിച്ചു.
"ശിഷ്യത്വം" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രഭാഷണത്തിൽ, ഒരു ക്രിസ്തുശിഷ്യൻ തന്നെത്താൻ ത്യജിക്കാൻ മനസ്സുള്ളവനായിരിക്കണമെന്നും യേശുവിന്റെ കുരിശ് ഏറ്റെടുക്കാൻ തയ്യാറുള്ളവനായിരിക്കണമെന്നും മാത്രമല്ല, മകനെയോ മകളെയോ അപ്പനെയോ അമ്മയെയോ ആരെയും യേശുക്രിസ്തുവിനേക്കാൾ ഉപരിയായി സ്നേഹിക്കരുതെന്നും ഡോ. ജോൺ കെ. മാത്യു ഓർമ്മിപ്പിച്ചു.
പാസ്റ്റർ ബിജു ഹെബ്രോൻ അധ്യക്ഷത വഹിച്ചു. ഐപിസി ബഹ്റൈൻ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ കെ.എം. ജോർജിൻ്റെ ഉപസംഹാര വാക്കുകളോടും പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു.
ഡോ.വി.പി.ഫിലിപ്പ്, ഗുഡ്‌ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ടോണി ചെവൂക്കാൻ, പാസ്റ്റർ ലിജോ മാത്യു, പാസ്റ്റർ സുമൻ എബ്രഹാം, പാസ്റ്റർ ഷാൻ കായംകുളം, പാസ്റ്റർ സാം തോമസ് എന്നിവരും പങ്കെടുത്തു.




