ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു.

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു.

യേശുക്രിസ്തു ഇന്നും പ്രവർത്തിക്കുന്നു: പാസ്റ്റർ എൻ.സി.ഫിലിപ്പ്

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളുരു: "യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞതും ചെയ്തതും എല്ലാം അർഥപൂർണമായിരുന്നുവെന്നും അവിടുന്ന് ഇന്നും നമ്മുടെ മധ്യത്തിൽ പ്രവർത്തിക്കുന്നുവെന്നും ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ പാസ്റ്റർ എൻ.സി.ഫിലിപ്പ് പറഞ്ഞു. 

എം.എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

"യേശുക്രിസ്തു ഒരാളെ നോക്കിയപ്പോഴും മറ്റൊരാളുടെ ഭവനം സന്ദർശിച്ചപ്പോഴും ശിഷ്യഗണങ്ങളുടെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമായി തൻ്റെ സഞ്ചാരത്തിൻ്റെ ഗതി തിരിച്ചുവിട്ടപ്പോഴും അവയ്ക്കെല്ലാം പ്രത്യേകം ഉദ്ദേശ്യം ഉണ്ടായിരുന്നു.

അവിടുത്തെ യാത്ര ആരും സഞ്ചരിക്കാത്ത ശമര്യയിലൂടെയായിരുന്നപ്പോൾ കിണറിങ്കലുള്ള സ്ത്രീയെ മശിഹായിലേക്ക് നയിക്കാനായിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല. യാത്രക്കിടയിൽ കാട്ടത്തിയുടെ ചുവട്ടിൽ എത്തിയ അവിടുന്ന് മുകളിലേക്ക് നോക്കിയത് സക്കായിയെയും അതിലൂടെ തൻ്റെ കുടുംബത്തെയും രക്ഷിക്കുന്നതിനായിരുന്നു. രണ്ടോ, മൂന്നോ പേർ അവിടുത്തെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും കർത്താവിൻ്റെ സാന്നിധ്യം വാദ്ധാനം ചെയ്യുന്നുവെങ്കിൽ ഇന്നും അവിടുന്ന് പ്രവർത്തിക്കുന്നുവെന്ന് നാം തീർച്ചയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറി പാസ്റ്റർ. ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു.  പാസ്റ്റർമാരായ അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ബാംഗ്ലൂർ) എന്നിവർ പ്രാരംഭ ദിന കൺവെൻഷനിൽ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. വെള്ളിയാഴ്ച രാത്രി പാസ്റ്റർ അനീഷ് തോമസും (റാന്നി), ശനി, ഞായർ ദിവസങ്ങളിൽ  പാസ്റ്റർ ബാബു ചെറിയാൻ ( പിറവം) എന്നിവർ പ്രസംഗിക്കും.

വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ മത്തിക്കരെ ഐ.പി.സി ഹാളിൽ പ്രത്യേക ഉണർവ് യോഗവും ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പി വൈ പി എ ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിലും നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), എം.ഡി.വർഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Advertisement