കുമ്പനാട് ഹെബ്രോൻ സഭയുടെ ശതാബ്ദി സമ്മേളനം ജൂലൈ 12ന്

കുമ്പനാട് ഹെബ്രോൻ സഭയുടെ ശതാബ്ദി സമ്മേളനം ജൂലൈ 12ന്

ബെൻസൻ തെങ്ങുംപ്പള്ളിൽ

കുമ്പനാട്: പെന്തെക്കോസ്തു ചരിത്രത്തിലിടം നേടിയ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ മാതൃസഭ എന്നറിയപ്പെടുന്ന ഐപിസി ഹെബ്രോൺ സഭ ജൂലൈ 12ന് നൂറ് വർഷങ്ങൾ പിന്നിടുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ജൂബിലി പ്രവർത്തനങ്ങളുടെയും ആഘോഷത്തിൻ്റെയും സ്തോത്രം ശുശ്രൂഷയും ശതാബ്ദി സമാപന സമ്മേളനവും ഹെബ്രോൺ സഭാഹാളിൽ ജൂലൈ 12ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി. സാംകുട്ടി അധ്യക്ഷത വഹിക്കും.

ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ.റ്റി.വത്സൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. റവ.ഡോ. കെ.സി ജോൺ സമർപ്പണ പ്രാർത്ഥന നടത്തും. ഐപിസി സ്റ്റേറ്റ് പ്രസിഡൻ്റ്  പാസ്റ്റർ കെ.സി തോമസ് മുഖ്യ സന്ദേശം നല്കും. ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ശുശ്രൂഷകരെ ആദരിക്കൽ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. 

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  മന്ത്രി വീണ ജോർജ്ജും സഹായവിതരണത്തിൻ്റെ ഉദ്ഘാടനം ആന്റോ ആൻറണി എം.പിയും നിർവഹിക്കും.

സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, കോയിപുറം പഞ്ചായത്ത് പ്രസിഡൻ്റ് സുജാത പി., ഐപിസി കുമ്പനാട് സെൻ്റർ സെക്രട്ടറി പാസ്റ്റർ ബ്ലസൻ കുഴികാല എന്നിവർ ആശംസകൾ അറിയിക്കും.

സഭാ നേതാക്കൾ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഭ അംഗങ്ങൾ എന്നിവരും   പങ്കെടുക്കും. 

ഹെബ്രോൺ സഭയിൽ ശുശ്രൂഷിച്ച മുൻകാല പാസ്റ്റർമാരെയും സഭയിലെ മുതിർന്ന വിശ്വാസികളെയൂം ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കുടുംബ സംഗമം നടക്കും. 

ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സുവിശേഷ ജീവകാരുണ്യ പദ്ധതികൾ നടത്തുവാൻ സഭയ്ക്ക് കഴിഞ്ഞതായി  ശതാബ്ദി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Advertisement