തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ നാളെ  സെപ്. 25 മുതൽ


തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ നാളെ  സെപ്. 25 മുതൽ
ad
ad
ad

വാർത്ത: ഷാജി മാറാനാഥ

കൊട്ടാരക്കര: കേരളത്തില്‍ പെന്തെക്കോസ്തിന്റെ സന്ദേശം ആദ്യമായി മുഴങ്ങിക്കേട്ട തൃക്കണ്ണമംഗലില്‍, ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭയുടെ (ഐപിസി രെഹോബോത്ത്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ തൃക്കണ്ണമംഗലുള്ള ഐപിസി രെഹോബോത്ത് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6 മുതൽ 9  വരെയാണ് പൊതുയോഗങ്ങൾ.

പാസ്റ്റര്‍ കെ.ജെ മാത്യു (പുനലൂര്‍), പാസ്റ്റര്‍ പി.സി ചെറിയാന്‍ (റാന്നി), പാസ്റ്റര്‍ അനീഷ് കാവാലം എന്നിവര്‍ പ്രസംഗിക്കും. ഐപിസി കൊട്ടാരക്കര സെന്റര്‍ പാസ്റ്റര്‍ എ.ഒ തോമസ്കുട്ടി  ഉത്ഘാടനം ചെയ്യും. സഭയുടെ സംഗീത വിഭാഗം രെഹോബോത്ത് വോയ്‌സ് ഗാനശുശ്രൂഷ നടത്തും. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി.കെ മാത്യു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.  ബ്രദർ ഡി. അലക്‌സാണ്ടര്‍ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ശക്തമായ വേരോട്ടമുള്ള തൃക്കണ്ണമംഗലില്‍ പെന്തക്കോസ്തിന്റെ സന്ദേശം മുഴങ്ങി കേട്ടിട്ട് 117 വര്‍ഷം പിന്നിടുന്നു. 1909 ല്‍ പ്രദേശത്ത് നടന്ന ബ്രദ്‌റണ്‍ സഭാ കണ്‍വന്‍ഷനില്‍ പ്രസംഗകനായെത്തിയ മിഷണറി ജോര്‍ജ് ഇ.ബര്‍ഗ് തന്റെ സന്ദേശത്തില്‍ അസുസയില്‍ വച്ച് താന്‍ പ്രാപിച്ച പരിശുദ്ധാത്മനിറവിനെക്കുറിച്ച് സംസാരിച്ചു. അതായിരുന്നു കേരളം കേട്ട ആദ്യത്തെ പെന്തെക്കോസ്ത് പ്രസംഗം. 

അസാധാരണമായ ആ ആത്മീയ ചരിത്രത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന തൃക്കണ്ണമംഗലിലെ ഈ സുവിശേഷ സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പബ്‌ളിസിറ്റി & മീഡിയ കണ്‍വിനേഴ്‌സായ സാംസന്‍ പാളക്കോണം, ഷാജി മാറാനാഥ, ജോണ്‍ ഹാബേല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.