ദര്‍ശനം @ പാസ്റ്റര്‍ ജോമോന്‍ ജോസഫ്
ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ ജോമോന്‍ ജോസഫ് ഗുഡ്ന്യൂസുമായി മനസുതുറക്കുന്നു
തയ്യാറാക്കിയത്
സജി മത്തായി കാതേട്ട്
സൗമ്യതയും ലാളിത്യവും കൈമുതലാക്കി സഭാതലത്തിന്‍റെ മേല്‍ത്തട്ടിലെത്തിയ വ്യക്തിയാണ് പാസ്റ്റര്‍ ജോമോന്‍ ജോസഫ്. ഗുഡ്ന്യൂസിനായി ഒരു അഭിമുഖം തയ്യാറാക്കാന്‍ സമയമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഒരു നിറപുഞ്ചിരി മാത്രം. നടന്നുവന്ന സഞ്ചാരപാതകളിലൊന്നും ആര്‍ഭാടമില്ലാത്തതിനാലാവണം പൊങ്ങച്ചങ്ങളൊന്നും ആ വാക്കുകളിലൊന്നും ഉണ്ടായിരുന്നില്ല.
ചെറുപ്രായത്തില്‍ തന്നെ ദൈവത്തെ അറിയുവാനിടയായി. ഇതിനെല്ലാം കാരണമായത് മാതാവിന്‍റെ ജീവിതവും ആത്മീയ തീഷ്ണതയും ആയിരുന്നു. പിന്നാലെ പിതാവും മറ്റു കുടുംബാംഗങ്ങളും ക്രിസ്തുവിനെ അറിഞ്ഞു.
ഇടുക്കിയിലെ ജീവിതവും ഇല്ലായ്മയും എല്ലാം ആത്മീയതയെ മാധുര്യമാക്കി. പെരുവെള്ളംപോലെ വൈതരണികള്‍ ജീവിത നൗകയില്‍ അലയടിച്ചു കയറിയപ്പോഴൊക്കെ അമരത്തുറങ്ങുന്ന അരുമനാഥനെ വിളിച്ചുണര്‍ത്താന്‍ മാത്രം അറിയുന്നതുകൊണ്ട് മുങ്ങിപ്പോകാതെ പലപ്പോഴും പെരുവെള്ളത്തിന്‍ മീതെ നടക്കാന്‍ കഴിഞ്ഞു. പിന്നീടാണറിയുന്നത് വെളളത്തിന്‍ മുകളില്‍ നടന്നതു അത്ഭുതമായിരുന്നെന്ന്.
ഒട്ടേറെ പ്രാവശ്യം അലമുറയിട്ട് കരഞ്ഞതു കൊണ്ട് ഇല്ലായ്മയിലും സമൃദ്ധിയിലും ഒരുപോലെ പുഞ്ചിരി തൂകാന്‍ ട്രെയിനിംഗ് ലഭിച്ചു. വിശ്വാസജീവിതത്തെക്കുറിച്ച് നന്നായി പ്രസംഗിക്കാനായി. വേദനിക്കുന്നവനു വാക്കുകളല്ല സ്നേഹസ്പര്‍ശവും സഹായവുമാണ് വേണ്ടതെന്ന് മനസിലാക്കി. ഒട്ടേറെ അവഗണനകള്‍ അറിഞ്ഞതുകൊണ്ടാവാം മാറ്റിയിരുത്തേണ്ടവരെയും കൂടെ ചേര്‍ത്തിരുത്താനാകുന്നത്.
ചര്‍ച്ച് ഓഫ് ഗോഡിന്‍റെ കേരളാ റീജീയന്‍ ഓവര്‍സീയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ ആദ്യം വലിയ സന്തോഷമായിരുന്നു. ഓരോനാള്‍ കഴിയുന്തോറും തന്നിലുള്ള ഉത്തരവാദത്തത്തിന്‍റെ തീവ്രത മനസിലായപ്പോള്‍ പലപ്പോഴും നിര്‍ന്നിമേഷനായി; ഗദ്ഗദകണ്ഠനായി. എത്ര ഓടിയാലും തീരാത്തയത്ര ഉത്തരവാദിത്തബാഹുല്യം തന്നെ ചിലപ്പോള്‍ ഉത്സാഹിയും മറ്റു ചിലപ്പോള്‍ അസ്തപ്രജ്ഞനുമാക്കി.
സഹശുശൂഷകന്മാരുടെ വേദനകളും ആവശ്യങ്ങളും സഭയുടെ വളര്‍ച്ചയ്ക്കാവശ്യമായ പദ്ധതികളുടെ ബാഹുല്യവും ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു. 'യിസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ല....' ഓര്‍മവെച്ച കാലം മുതല്‍ പാടുന്ന വരികളില്‍ അഭയം തേടി. സ്വപ്നത്തിലുള്ള എല്ലാ പ്രോജക്ടുകളും നടപ്പിലാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാസ്റ്റര്‍ ജോമോന്‍.
കോട്ടയം പാക്കിലെ ദൈവസഭയിലെ ഓഫീസിലിരുന്നു ചോദിച്ചതിനെല്ലാം ഉത്തരം പറയുമ്പോഴും സഹായം വരുന്ന പര്‍വതത്തിലെ ഉന്നതന്‍റെ കൈയില്‍ പിടിച്ചിട്ടുണ്ടെന്ന ഉറപ്പ് ആ വാക്കുകളില്‍ ഉണ്ടായിരുന്നു. ആത്മീയവും ഭൗതീകവുമായ ഉയര്‍ച്ചയിലേക്ക് ചര്‍ച്ച് ഓഫ് ഗോഡിനെ നയിക്കാന്‍ എല്ലാവരുടെയും പ്രോത്സാഹനവും സഹകരണവും സഹായവും വേണമെന്ന അഭ്യര്‍ഥനയാണ് ആ വാക്കുകളില്‍ നിന്നും ഞങ്ങള്‍ക്ക് വായിച്ചെടുക്കാനായത്. കടുത്ത ദൈവവിശ്വാസമുള്ളവര്‍ക്കു മാത്രമേ ജോമോന്‍ പാസ്റ്ററെ പോലെ പുഞ്ചിരിക്കാനാവു.
ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയര്‍ എന്ന നിലയില്‍ അങ്ങ് ഇന്നത്തെ പെന്തെക്കോസ്തിനെ എങ്ങനെ വീക്ഷിക്കുന്നു?
- പെന്തെക്കോസ്തു എന്നത് ലോകത്തിന്‍റെ സൗഖ്യത്തിനായി ദൈവം അയച്ച മൂവ്മെന്‍റാണ്. അതു നമ്മുടെ മലങ്കരയ്ക്കും അനുഗ്രഹമായി. ഇരുളടഞ്ഞ ലോകത്തിനു ക്രിസ്തുവിലൂടെ പ്രകാശം പകരാന്‍ പെന്തെക്കോസ്തു സഭകളെ ദൈവം ഉപയോഗിച്ചു. ദൈവവചനപ്രകാരം കറകളഞ്ഞ ഉപദേശം അതുപോലെ മാത്രം പഠിപ്പിക്കുന്ന മറ്റൊരു ആത്മീയ സംഘം വേറെയില്ല. അത്രയ്ക്ക്
മഹത്തരമാണ് പെന്തെക്കോസ്ത്.
പെന്തെക്കോസ്തു സഭകളില്‍ വേണ്ടായിരുന്നു എന്നു കരുതുന്ന കാര്യങ്ങളില്‍ മൂന്നെണ്ണം പറയാമോ?
- സഭാ രാഷ്ട്രീയം
- അമിതമായ ആര്‍ഭാടവും പൊങ്ങച്ചവും
- ദുരപദേശത്തിനു വാതില്‍ തുറന്നു കൊടുക്കുന്നത്
സഭകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില (മാറ്റങ്ങള്‍) നിര്‍ദ്ദേശങ്ങള്‍?
- കാര്‍മ്മിക ശുശ്രൂഷകളില്‍ കാലോചിതമായ മാറ്റം
- ക്രമീകൃതമായ ദൈവവചന പഠനവും
ദുരുപദേശത്തിനെതിരെ വിശ്വാസികളെയും ശുശ്രൂഷകരെയും ശാക്തീകരിക്കുക - കൂടിവരവുകളിലെല്ലാം ആരാധനയ്ക്കും ദൈവവചന വിചിന്തനത്തിനും പ്രാധാന്യം നല്കുക.
മറക്കാനാവാത്ത അനുഭവം?
- ശുശ്രൂഷയുമായി ബന്ധപ്പെട്ട യാത്രയിലുണ്ടായ വാഹനാപകടം. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള വിധത്തിലായിരുന്നു അപകടം. റോഡിന്‍റെ ഇരുവശത്തുമുണ്ടായിരുന്ന വെള്ളക്കെട്ടുകളിലേയ്ക്ക് വാഹനം വീഴാതെ ആരോ തടഞ്ഞു നിര്‍ത്തുന്നതുപോലെ കാര്‍
ചരിഞ്ഞു നിന്നു. അത് ദൈവീക കരങ്ങള്‍ ആണെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു.
സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ - അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധികളില്‍ ദൈവം തുറന്ന അത്ഭുത വഴികള്‍
കൂടുതല്‍ ഇഷ്ടപ്പെടുന്ന ദൈവവചന പ്രസംഗ വിഷയം?
- പുതിയ നിയമലേഖനങ്ങളില്‍ നിന്നും. ക്രിസ്തുവിന്‍റെ ജനനം, ജീവിതം, മരണം, പുനരുത്ഥാനം എന്നിവയില്‍ ഊന്നിയുള്ള പ്രസംഗം. ക്രിസ്തുവിന്‍റെ ക്രൂശീകരണവും കര്‍ത്താവിന്‍റെ രണ്ടാം വരവും.
ആത്മീയരംഗത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍? സ്വാധീനിക്കാനുണ്ടായ മൂന്നു സവിശേഷതകള്‍?
- ചര്‍ച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിലെ മുന്‍നിര നേതാക്കന്മാരും പവര്‍വിഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ കെ.സി. ജോണും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ സുവിശേഷീകരണത്തിനുവേണ്ടി
യുള്ള കഠിനാധ്വാനവും മറ്റുള്ളവരെ ആത്മീയമായി പ്രോത്സാഹിപ്പിക്കുന്ന മനോഭാവവും ഏറേ ശ്രദ്ധേയമാണ്.
മനസിനെ ഏറെ സ്വാധീനിച്ച (ഏറ്റവും ഇഷ്ടപ്പെട്ട) ആത്മീയഗാനം?
- ഉയര്‍ത്തിടും ഞാനെന്‍റെ കണ്‍കള്‍ തുണയരുളും...
ദിനചര്യകള്‍, ഭക്ഷണം, ഇഷ്ടങ്ങള്‍?
- അതിരാവിലെയുള്ള ബൈബിള്‍ ധ്യാനവും പ്രാര്‍ഥനയും മിതമായ രീതിയിലുള്ള
വ്യായാമം എല്ലാ ഭക്ഷണത്തോടും മിതമായ ഇഷ്ടം പുസ്തകവായനയും യാത്രകളുമാണ് ഏറെ ഇഷ്ടമുള്ള കാര്യങ്ങള്‍
ഇന്നത്തെ തലമുറ ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍?
- നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സുവിശേഷീകരണത്തില്‍ പങ്കാളികളാവുക.
- സഭകളിലെ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക
- സ്വന്തം ദേശത്ത് നടക്കുന്ന സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാവുക.
സഭായോഗങ്ങള്‍ അന്നും ഇന്നും, മാറ്റേണ്ട രണ്ട് കാര്യങ്ങള്‍?
- വചനധ്യാനത്തിനും ആരാധനയ്ക്കും പ്രാധാന്യം നല്‍കുക.
- ശുശ്രൂഷകളില്‍ യുവതലമുറയ്ക്ക് പങ്കാളിത്തം നല്‍കുക
ചര്‍ച്ച് ഓഫ് ഗ്രൗണ്ടില്‍ ചെയ്യാനുദ്ദേശിക്കുന്ന (ശുശ്രൂഷകന്മാര്‍ക്കും വിശ്വാ
സികള്‍ക്കും) രണ്ട് പ്രോജക്ടുകള്‍?
- ഓഫീസ് സമുച്ചയനിര്‍മാണം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കണ്‍വന്‍ഷന്‍ ഗ്രൗണ്ട് ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി കള്‍ ആവിഷ്കരിക്കുക
കുടുംബം ?
- ഭാര്യ: ജൂലി. മക്കള്‍: ജാനിയ, ജോയാന. (ഇരുവരും വിദ്യാര്‍ഥികള്‍).
Advertisement