മറ്റുള്ളവരെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തി
യു.എ.ഇ അൽ ഐൻ ശാരോൺ ഫെല്ലോഷിപ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു സാമൂവേൽ, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോസ് മാത്യുവിനെ അനുസ്മരിക്കുന്നു
2014 ലാണ് ഞാൻ ജോസ് പാസ്റ്ററെ പരിചയപ്പെടുന്നത്. ദൈവകൃപയാൽ 2012 ൽ ഞാനും എന്റെ കുടുംബവും മറ്റു ചുരുക്കം ചില പ്രിയപ്പെട്ടവരും കൂടി അൽ ഐനിൽ ശാരോൺ ഫെല്ലോഷിപ്പിന്റെ ഒരു പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ശാരോൺ യൂഎഇ റീജിയണുമായി സഹകരിച്ചുപോകുവാൻ ഇടയായി. പിന്നീട്, 2014 ൽ പ്രിയ ജോസ് പാസ്റ്റർ അബുദാബിയിൽനിന്ന് അൽ ഐൻലേക്കു ജോലി സംബന്ധമായി ട്രാൻസ്ഫർ ആകുകയും തുടർന്ന് ഞങ്ങളുടെ സഭയിൽ ഏകദേശം ഒരു വർഷത്തോളം സഭാ ശുശ്രൂഷ ചെയ്യുകയും ഉണ്ടായി. സഭയിലെ എല്ലാ ശുശ്രൂഷയും ഞങ്ങൾ ഒന്നിച്ചായിരുന്നു. യാത്രകൾ, ഭവന സന്ദർശനങ്ങൾ, ക്യാമ്പ് മീറ്റിംഗുകൾ, അങ്ങനെ ഒരു വർഷം ഞങ്ങൾ ഒന്നിച്ചായിരുന്നു. സത്യത്തിൽ ഒരു സഹശുശ്രൂഷകൻ എന്നെ നിലയിലും ഒരു ജേഷ്ഠൻ എന്ന നിലയിലും എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു ജോസ് പാസ്റ്റർ.
ആത്മീയ ആരാധനക്ക് മുൻതൂക്കം കൊടുത്ത പ്രിയ ദൈവദാസൻ മറ്റുള്ളവരെ ബഹുമാനിക്കുന്നതിനും, സ്നേഹിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. തന്റെ ശുശ്രൂഷ കാലയളവ് സഭയ്ക്ക് അനുഗ്രഹമായിരിക്കുന്നു.
2025 നവംബർ 15ന് ആയിരുന്നു അവസാന വാട്സ്ആപ്പ് മെസ്സേജ്.. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്ന, അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ദൈവകൃപയാൽ പണികഴിപ്പിച്ച തഴക്കര ശാരോൺ സഭാ ഹാളിന്റെ ഉത്ഘടനത്തിനും സമർപ്പണ ശുശ്രൂഷയ്ക്കുമായുള്ള ക്ഷണമായിരുന്നു അത്. പിന്നീട് കേട്ട വാർത്ത അതീവ ദുഃഖം നിറഞ്ഞതായിരുന്നു. ലോകമെമ്പാടുമുള്ള ദൈവജനം പ്രിയ ദൈവദാസന്റെ വിടുതലിനായി പ്രാർത്ഥിച്ചു. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു.
ഇനി നമ്മൾക്ക് ദൈവവചനത്തിൽ ആശ്വസിക്കാം, പ്രത്യാശിക്കാം... 1തെസ്സ 4:16.... ആ സുദിനത്തിൽ പ്രിയ ദൈവദാസനെ കാണാം എന്ന പ്രത്യാശയോടും, ദുഖത്തിലായിരിക്കുന്ന എല്ലാവരെയും സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടും കൂടെ കത്തൃദാസന് വിട...
Advt.































Advt.
























