കാനഡ -എഡ്മണ്ടനിൽ സുവിശേഷ കിരണം പതിപ്പിച്ച് കേരള പെന്തെക്കോസ്തൽ അസംബ്ലി

കാനഡ -എഡ്മണ്ടനിൽ സുവിശേഷ കിരണം പതിപ്പിച്ച് കേരള പെന്തെക്കോസ്തൽ അസംബ്ലി

കാനഡയുടെ 'ഉത്സവ നഗരം' എന്നറിയപ്പെടുന്ന എഡ്മണ്ടൻ പട്ടണത്തിൽ അഭൂതപൂർവ്വമായ വളർച്ചയോടെ പതിനേഴു വർഷം പിന്നിടുന്ന അനുഗ്രഹീത പെന്തെക്കോസ്ത് സഭയാണ് ' കേരള പെന്തെക്കോസ്തൽ അസംബ്ലി'.

ആരംഭം

2008 മെയ് മാസത്തിൽ കുടുംബമായി കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ തലസ്ഥാന നഗരമായ എഡ്മണ്ടനിൽ എത്തിയ   പാസ്റ്റർ സാം വർഗീസ്, ഇടയശുശ്രൂഷയ്ക്ക് വിളിയുണ്ടായിരുന്നിട്ടും,
ജോലികാര്യങ്ങളിൽ ശ്രദ്ധിച്ചും സഭാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയും ജീവിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ദൈവത്തിൻ്റെ പ്രത്യേക വിളിയും നിയോഗവും അനുസരിച്ച് അദ്ദേഹം സജി ജോണിൻ്റെ വീടിൻ്റെ ബേസ്മെൻ്റിൽ തങ്ങളുടെ രണ്ടു കുടുംബങ്ങളും ഒന്നിച്ചിരുന്ന് എഡ്മണ്ടൻ നഗരത്തിനായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. 

വളർച്ചയുടെ ആദ്യഘട്ടം

2010 - 2011 ആയപ്പോഴേക്കും മുപ്പതോളം പേർ പ്രാർത്ഥനയ്ക്കായി ആ ബേസ്മെൻ്റിൽ ഒത്തുചേരുമായിരുന്നു. അത്രയും പേരെ ഉൾക്കൊള്ളുവാൻ സ്ഥലം പോരാതെ വന്നതിനാൽ ഒരു കമ്യൂണിറ്റി ഹാൾ വാടകയ്ക്ക് എടുത്ത് ആരാധന കൂടുതൽ ക്രമീകൃതമാക്കുകയും കൂടുതൽ കൂടിവരവുകൾക്ക് തുടക്കമിടുകയും ചെയ്തു. നാല് വർഷം അവിടെ ആരാധന തുടർന്നു.

വളർച്ചയുടെ രണ്ടാം ഘട്ടം

നാല് വർഷം അവിടെ തുടർന്നപ്പോഴേക്കും സഭാംഗങ്ങളുടെ എണ്ണം എഴുപതായി വർദ്ധിച്ചു. അമ്പതുപേരിലധികം ആളുകൾക്ക്  ആ  പരിമിതസൗകര്യത്തിൽ  തുടരുവാൻ കഴിയുമായിരുന്നില്ല. മറ്റൊരു ക്രമീകരണം ലഭിക്കാതെ വന്നതിനാൽ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും അവിടെ തന്നെ തുടർന്നു, പക്ഷെ കമ്യൂണിറ്റി സെൻ്റർ അധികാരികൾ തന്നെ അവിടെ നിന്നും മാറിക്കൊടുക്കണമെന്ന് നിർബന്ധം പിടിച്ചപ്പോൾ മറ്റൊരു സെൻ്ററും വാടകയ്ക്ക് ലഭിക്കാതെയും വന്നപ്പോൾ സ്വന്തമായി ഒരിടം വാങ്ങുവാനുള്ള ശ്രമം തുടങ്ങി.

ആരാധന വർക്ക്ഷോപ്പിലേക്ക്

പുതിയൊരു ആരാധന സ്ഥലത്തിൻ്റെ അന്വേഷണം എത്തി നിന്നത് വാഹനങ്ങൾ അഴിച്ചു പണിയുന്ന ഒരു വർക്ക്ഷോപ്പ് ബിൽഡിംഗിൽ എത്തി നിന്നു. ഹൃദയങ്ങളുടെ അഴിച്ചു പണിക്ക് ഈ സ്ഥലം പര്യാപ്തമെന്നു ദൈവം നിശ്ചയിച്ചതിനാൽ ആ വർക്ക്ഷോപ്പിനെ സഭയ്ക്ക് സ്വന്തമായി നൽകി.

നെഹെമ്യാവ് യെരുശലേം മതിൽ പണിയുന്നതിൽ ജനത്തെ ചേർത്തു പിടിച്ചതുപോലെ പാസ്റ്റർ സാമിൻ്റെ നേതൃത്വത്തിൽ സഭാ ജനങ്ങൾ ഒന്നിച്ച് നിന്ന് വർക്ക്ഷോപ്പിൻ്റെ അറ്റകുറ്റം തീർത്തു. ഓരോരുത്തരും തങ്ങൾക്ക് അറിയാവുന്ന പണികൾ ചെയ്തും അറിയാത്തവ പഠിച്ചും നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തു. പകൽ ജോലി ചെയ്യുന്നവർ രാത്രിയിലും,രാത്രിയിൽ ജോലി ചെയ്യുന്നവർ പകലും  ആലയം പണിയുടെ ഭാഗമായി. അന്ന് എഴുപത് പേരുണ്ടായിരുന്നിടത്ത് ഇന്ന് 200 ലധികം അംഗങ്ങളുള്ള സഭയായി 'എഡ്മണ്ടൻ കേരള പെന്തെക്കോസ്ത് അസംബ്ലി'യെ ദൈവം വളർത്തി.

എന്നും എപ്പോഴും പെന്തെക്കോസ്ത്

പെന്തെക്കോസ്തിൻ്റെ തനിമയും, ഉപദേശവും, ആരാധനയും, സഭയുടെ മുഖമുദ്രയാണ്. ഉപദേശത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ ആദ്യകാല പെന്തെക്കോസ്ത് അനുഭവത്തിൻ്റെ അതേ തീക്ഷ്ണത സഭ നിലനിർത്തുന്നു. ദ്വിഭാഷാ ആരാധനയാണ് മറ്റൊരു ആകർഷണം. മലയാളം - ഇംഗ്ലീഷ് ഭാഷകളിൽ ഒന്നിച്ചാണ് ആരാധനകൾ നടക്കുന്നത്.'പ്രാർത്ഥനയും പ്രവർത്തനവും' ഒരു നാണയത്തിൻ്റെ രണ്ടുവശംപോലെ സഭയുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമാണ്. മറ്റുള്ളവരിലേക്ക് യേശുവിൻ്റെ സ്നേഹം പകരുന്നത് വാക്കുകൾക്കും അപ്പുറം ജീവിതം കൊണ്ടും സജീവമാക്കുക എന്നത് ഓരോ സഭാംഗവും നിയോഗമായി കണക്കാക്കുന്നവരാണ്.

നിലവിലുള്ള സൗകര്യം പോര സഭ പുതിയ ഇടത്തിലേക്ക്

200 ലധികം അംഗങ്ങളുള്ള സഭയ്ക്ക് നിലവിലുള്ള സൗകര്യങ്ങൾ പോരാതെ വരുന്നതിനാൽ കൂടുതൽ വിശാലമായ ക്രമീകരണത്തിനായി,നാളുകളായി സഭ പ്രാർത്ഥിച്ച് ഒരുങ്ങുകയായിരുന്നു. അതിൻ്റെ ഫലമായി, രണ്ടേമുക്കാൽ ഏക്കർ വസ്തുവിന് അഡ്വാൻസ് നൽകി, 550 പേർക്കിരിക്കുവാൻ കഴിയുന്ന നിലയിൽ 10000 സ്ക്വയർ ഫീറ്റിൽ  ആരാധനാ സൗകര്യങ്ങൾ  ഒരുക്കുവാനുള്ള പ്രാർത്ഥനയിലും തയ്യാറെടുപ്പിലുമാണ് പാസ്റ്റർ സാം വർഗീസും 'കേരള പെന്തെക്കോസ്ത് അസംബ്ലി' എന്ന സഭയും.

പാസ്റ്റർ സാം വർഗീസ്

ഫാർമസി വിദ്യാർത്ഥിയായി സേലത്തെത്തിയപ്പോൾ ആരംഭിച്ച പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളെ ഉണർവിലേക്കു നയിച്ച കൂട്ടായ്മ. വിദ്യാർത്ഥി ക്യാമ്പിലൂടെ നൂറുകണക്കിന് കുട്ടികളെ സ്നാനത്തിലേക്കു നയിച്ച  ഇംപാക്ട് ക്യാമ്പുകൾ, സ്റ്റുഡൻസ് പ്രയർ ഗ്രൂപ്പുകൾ നല്കിയ ആത്മീയ ഉൾക്കരുത്തും എഡ്മണ്ടനിൽ എത്തി രണ്ടാം മാസം കൂട്ടായ്മ ആരംഭിക്കുവാൻ പാസ്റ്റർ സാം വർഗീസിന് കരുത്ത് നല്കി.

കൊട്ടാരക്കര ആനയം പെനിയേൽ ബംഗ്ലാവിൽ പരേതനായ പാസ്റ്റർ രാജൻ വർഗീസിൻ്റെയും രൂത്തമ്മയുടെയും മൂത്ത മകനാണ് പാസ്റ്റർ സാം. ഭാര്യ: ലീന മക്കൾ: സേറ, ആഷ്ലി

എഡ്മണ്ടനിൽ എത്തുന്നവർക്ക് സ്വാഗതം

പഠനത്തിനും ജോലിക്കുമായി എഡ്മണ്ടനിലെത്തുന്നവരെ പെന്തെക്കോസ്ത് തനിമയിലുള്ള ആരാധനയ്ക്കായി 'കേരള പെന്തെക്കോസ്ത് അസംബ്ലി' സ്വാഗതം ചെയ്യുന്നു. ഉപദേശങ്ങളിൽ ഉറച്ചുനിന്ന് പ്രാർത്ഥനാ നിർഭരമായി മുന്നേറുന്ന സഭ കുടുംബാന്തരീക്ഷമാണ് ഉറപ്പു നൽകുന്നത്.

തയ്യാറാക്കിയത്: ഷാജൻ ജോൺ ഇടയ്ക്കാട്

Advertisement