നൂറിന്റെ പ്രശോഭയിൽ കുമ്പനാട്

നൂറിന്റെ പ്രശോഭയിൽ കുമ്പനാട്

 ഒരു നൂറ്റാണ്ട് അത്  പെട്ടെന്നു പറഞ്ഞുത്തീർത്ത് ആഘോഷിക്കേണ്ട കാലയളവല്ല. 
ഒട്ടേറെ പേർ നടന്നു തീർത്ത ദൂരമതിനുണ്ട്. 

ഓടിയവർ , കിതച്ചവർ, പട്ടിണി കിടന്നവർ, അവഗണിക്കപ്പെട്ടവർ, മനസ് നീറിയവർ , സമ്പാദ്യം മുഴുവനും നല്കിയവർ, കിടപ്പാടം കൊടുത്തവർ , മർദ്ദനമേറ്റവർ, രോഗികളായവർ തുടങ്ങി അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ആളുകൾ.... 

അവരുടെ വിയർപ്പു തുള്ളികളിൽ ചോരമയമുണ്ട്. അഞ്ചു തലമുറകളുടെ കൂട്ടായ്മ മാധുര്യം അതിലുണ്ട്.

മലങ്കരയിൽ പെന്തെക്കോസ്തിന്റെ അടിത്തറ പാകാൻ ദൈവം തിരഞ്ഞെടുത്ത മഹാരഥന്മാരുടെ പങ്കപ്പാടുകളിലെ ഓരോ വേദനയിലും നൂറ്റാണ്ടിന്റെ പ്രശോഭയുണ്ട്.
അവർ ഒന്നിച്ചെഴുതിയ ചരിത്രമാണ് ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ എന്ന ഐ പി സി പ്രസ്ഥാനം .

കൈവിരലുകളിൽ എണ്ണി തീർക്കാൻ മാത്രം അന്നുണ്ടായിരുന്ന ഭക്തന്മാരുടെയുള്ളിൽ ദൈവം നൽകിയ  ദർശനം ലോകമെമ്പാടും ഐപിസിയായി പടർന്നു.

 പാസ്റ്റർമാരായ കെ.ഇ. എബ്രഹാം , പി.എം സാമുവേൽ, കെ.സി. ചെറിയാൻ, കൊടുന്തറ ഉമ്മൻ, ടി.ജി ഉമ്മൻ, പി.ടി ചാക്കോ, ടി. കൊച്ചുകുഞ്ഞ് , പി.ടി. മാത്യു, പി.ടി. വർഗീസ് , കെ.എം.സഖറിയ , ടി.വി.ഐസക്ക് , പി.എം.തോമസ് , ഇ.കെ. ജോൺ , എം. സൈമൺ തുടങ്ങി ഒട്ടേറെ പേർ അതിലുണ്ട്. 

വിവിധ കാലയളവിൽ ഐപിസിയോടൊപ്പം നടന്നു നീങ്ങിയവരുടെ എണ്ണിയാലൊടുങ്ങാത്ത നിരയുള്ളപ്പോൾ കൈവിരലിലെണ്ണാവുന്നവരെ  ചേർത്ത് രൂപപ്പെടുത്തിയ ആഘോഷ കമ്മിറ്റിയിൽ അവരാരും ഇല്ലെങ്കിലും ഐപിസിയുടെ ചരിത്രതാളുകളിൽ കാണാമറയത്താണെങ്കിലും അവർ  എന്നും ശോഭയോടെയുണ്ടാവും.

കാലഘട്ടത്തിനനുസരിച്ച് പ്രസ്ഥാനത്തെ എല്ലാ അർത്ഥത്തിലും ഉയർച്ചയുടെ പടവുകളിലേയ്ക്ക് നയിച്ച ഐപിസി മുൻ അന്തർദേശീയ അദ്ധ്യക്ഷന്മാരായ പാസ്റ്റർ പി.എം. സാമുവേൽ, പാസ്റ്റർ കെ.ഇ. ഏബ്രഹാം, പാസ്റ്റർ ടി.ജി.ഉമ്മൻ, പാസ്റ്റർ പി.എൽ. പരംജ്യോതി, പാസ്റ്റർ കെ.എം. ജോസഫ്, പാസ്റ്റർ ടി.എസ്. ഏബ്രഹാം, പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ വൽസൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികൾ നൽകിയ സംഭാവനകൾ ആർക്കും ഒരിക്കലും മറക്കാൻ കഴിയുകയില്ല. 

ഈ പ്രസ്ഥാനം പടുത്തുയർത്തിയ വർക്കും വിശ്വസ്തരായ സഹപ്രവർത്തകർക്കും ഈ തലമുറയിലെ മക്കൾ നൽകുന്നു കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ.

Advertisement