ലണ്ടൻ പെന്തെക്കോസ്ത് ദൈവസഭയുടെ സിൽവർ ജൂബിലി ആഘോഷം ഒക്ടോ.16 മുതൽ
വാർത്ത: പാസ്റ്റർ പി.സി സേവ്യർ യു.കെ
ലണ്ടൻ.: ലണ്ടനിലെ ആദ്യകാല മലയാളി പെന്തെക്കോസ്ത് കൂട്ടായ്മയായ ലണ്ടൻ പെന്തെക്കോസ്ത് ദൈവസഭയുടെ (LPC) സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 16 മുതൽ 18 വരെ ബാസിൽഡണിന് സമീപമുള്ള പിറ്റ്സി ക്രോംവെൽ മാനർ ഹാളിൽ നടക്കും.
ജൂബിലിയോടനുബന്ധിച്ച് പ്രത്യേക ഉണർവ് യോഗങ്ങൾ, ജൂബിലി ആഘോഷ പരിപാടികൾ, ആരാധനാ സമ്മേളനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡോ.എബി പീറ്റർ ദൈവവചനം ശുശ്രൂഷിക്കുകയും ഇവാഞ്ചലിസ്റ്റ് ഷാരോൺ വർഗീസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 7 ന് ഉദ്ഘാടന യോഗം നടക്കും. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 10 മണിക്ക് സിൽവർ ജൂബിലി യോഗവും ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി ആഘോഷവും നടക്കും. തുടർന്ന് വൈകിട്ട് 6 ന് പ്രത്യേക സമ്മേളനവും നടക്കും.
ഒക്ടോബർ 18 ഞായറാഴ്ച പ്രത്യേക ആരാധനയോടെ മൂന്ന് ദിവസത്തെ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
25 വർഷത്തെ വിശ്വാസയാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ജൂബിലി ആഘോഷങ്ങൾ ആത്മീയ കൂട്ടായ്മയ്ക്കും ദൈവവചനത്തിലൂടെയുള്ള നവീകരണത്തിനും അനുഗ്രഹകരമായ അവസരമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സാം ജോണിന്റെ നേതൃത്വത്തിലാണ് ജൂബിലി ആഘോഷങ്ങളുടെയും അനുബന്ധ യോഗങ്ങളുടെയും ക്രമീകരണങ്ങൾ നടക്കുന്നത്.




