ആത്മീയതയും മൂല്യശോഷണവും
ആത്മീയതയും മൂല്യശോഷണവും
ഡോ. സജി സി. ജേക്കബ്, നിലമ്പൂർ
വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ മൃദുല വികാരങ്ങൾക്കും വൈകാരികമായി കെട്ടിച്ചമച്ച ആഖ്യാനങ്ങൾക്കും പ്രാധാന്യം നൽകുന്ന 'സത്യാനന്തര' കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രതിഭാസം അതിന്റെ ഭരണസംവിധാനങ്ങളിലേക്കും ആഴത്തിൽ പടർന്നിരിക്കുന്നു എന്നത് ദുഃഖകരമാണ്. സത്യം ബോധപൂർവം മറയ്ക്കപ്പെടുകയും അധികാരം നിലനിർത്താനായി അധർമം സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ സാഹചര്യം സഭയുടെ ആത്മീയവും ധാർമികവുമായ അടിത്തറയെ തകർക്കുന്നു.
സത്യാനന്തര രാഷ്ട്രീയത്തിൽ സത്യം എന്നത് അന്വേഷിച്ചറിയേണ്ട ഒന്നല്ല, മറിച്ച് അധികാര വർഗത്താൽ നിർമിക്കപ്പെടേണ്ട ഒന്നാണ്. സഭയിൽ ഇത് പ്രകടമാകുന്നത് പ്രധാനമായും താഴെ പറയുന്ന രീതികളിലൂടെയാണ്.
- വൈകാരിക ചൂഷണം:
ഭരണത്തിലെ പരാജയങ്ങളും സാമ്പത്തിക ക്രമക്കേടുകളും മറച്ചുപിടിക്കാൻ, കണക്കുകൾ പറയുന്നതിന് പകരം വികാരപരമായ പ്രസംഗങ്ങൾ നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടുന്ന രീതി. അതായത്, ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി നൽകുന്നതിന് പകരം, വൈകാരികമായി സംസാരിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ നേതൃത്വം ശ്രമിക്കുന്നു. - നുണപ്രചരണങ്ങളും യാഥാർഥ്യത്തെ വളച്ചൊടിക്കലും:
തെറ്റായ വിവരങ്ങൾ ആവർത്തിച്ചു പ്രചരിപ്പിക്കുകയും, സത്യം പറയുന്നവർക്ക് ഗുരുതരമായ എന്തോ പ്രശ്‌നമുണ്ടെന്നോ അല്ലെങ്കിൽ അവർ സഭാവിരുദ്ധരാണെന്നോ വരുത്തിത്തീർക്കുകയും ചെയ്യുന്നു. പട്ടിയെ കാണിച്ചിട്ട് ആടാണെന്ന് പറയുന്ന അവസ്ഥയാണിത്. സത്യത്തിനെതിരെ ദോഷം പറയുന്നവരെക്കുറിച്ച് ബൈബിൾ പ്രതിപാദിക്കുന്നുണ്ടല്ലോ. ഉദാഹരണം: യെശയ്യാ 5:20, ''തിന്മെക്കു 'നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!' അതുതന്നെയാണ് സത്യാനന്തര ആത്മീയതയുടെ ലക്ഷണം. യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത് ഇങ്ങനെയാണ്: 'അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.' (1 യോഹ 2:4). - ഭീഷണിയുടെ രാഷ്ട്രീയം
സഭാ സംവിധാനങ്ങൾക്കുള്ളിൽ 'ഗുണ്ടായിസം' (ഠവൗഴഴശാെ) സാമാന്യവൽക്കരിക്കപ്പെടുന്ന, വിയോജിക്കുന്നവരെ അടിച്ചമർത്താൻ ഭരണപരമായ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങൾ ഇവിടെ പ്രയോഗിക്കപ്പെടുന്നു. തങ്ങളുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവരെ കായികമായി കയ്യേറ്റം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതും ക്രിസ്തീയമല്ല. അങ്ങനെയുള്ളവർ പ്രസംഗിക്കുന്ന ക്രിസ്തു വേറെ ഏതോ ക്രിസ്തു ആണ്. അതിന് ഒരുതരത്തിലുള്ള ന്യായീകരണങ്ങളും പറയുവാൻ സാധ്യമല്ല. ദൃശ്യ-ശ്രവ്യ-സാമൂഹ്യ മാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ നാം പൊതുവിൽ പറയുന്ന വാക്കുകളെയും ചെയ്യുന്ന പ്രവർത്തികളെയും മായിച്ചു കളയുവാൻ ആർക്കും കഴിയുകയില്ല. ചിലരുടെ പരസ്യമായ സംസാരങ്ങളും പ്രവർത്തികളും വചനത്തിന്റെ നഗ്നമായ ലംഘനമാണെന്ന് തിരിച്ചറിഞ്ഞിട്ടും അങ്ങനെയുള്ള പ്രവർത്തികൾ അവരെ തീപ്പൊയ്കക്ക് ഓഹരിക്കാരാക്കുമെന്നും വ്യക്തമായ വചനം അറിഞ്ഞിട്ടും അത്തരക്കാർ സ്റ്റേജിൽ നിന്ന് വാചാലമായി വിശുദ്ധിയും സ്‌നേഹവും പ്രസംഗിക്കുമ്പോൾ ആത്മാവിലാകാൻ ഇരിക്കുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട വിശ്വാസികൾക്കാണ് യഥാർഥ ചികിത്സ നൽകേണ്ടത്. - നിയമങ്ങളുടെ ദുർവിനിയോഗം:
സത്യാനന്തര സഭാനേതൃത്വം തങ്ങളുടെ അധികാരം ഭരണഘടനയും നിയമങ്ങളും നിലനിർത്താൻ ഉപയോഗിക്കുന്ന ഏറ്റവും മാരകമായ ആയുധമാണിത്. സഭയുടെ നടപ്പിലാക്കാനല്ല, മറിച്ച് നേതൃത്വത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. നേതൃത്വത്തിന് അപ്രിയരായവരെ പുറത്താക്കാനും അവരെ വേട്ടയാടാനും നിയമങ്ങളെ കർക്കശമായി വ്യാഖ്യാനിക്കുന്നു. എന്നാൽ നിയമലംഘനങ്ങൾ നേതൃത്വമോ അവരുടെ അനുയായികളോ നടത്തുമ്പോൾ അവയെ കരുണയുടെയോ അല്ലെങ്കിൽ സഭാതാത്പര്യത്തിന്റെയോ പേരിൽ ന്യായീകരിക്കുന്നു. 2015 നിയമങ്ങളും പ്രോട്ടോക്കോളുകളും പാവപ്പെട്ടവർക്ക് മാത്രവും വരേണ്യവർഗത്തിന് ഒരു നിയമവും ബാധകമല്ല എന്നതും സഭയുടെ ദുരവസ്ഥകൾ തന്നെ. അധികാര കാലാവധി നീട്ടുന്നതിനോ അല്ലെങ്കിൽ തങ്ങളുടെ അധികാരം വർധിപ്പിക്കുന്നതിനോവേണ്ടി ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളെ അട്ടിമറിച്ചുകൊണ്ട് നിയമങ്ങളിൽ മാറ്റം വരുത്തുന്നു. - അധർമ്മത്തിന്റെയും കാപട്യത്തിന്റെയും സാമാന്യവൽക്കരണം:
സഭയ്ക്കുള്ളിലെ ഏറ്റവും വലിയ വിപത്ത് അധർമ്മം സംഭവിക്കുന്നു എന്നതല്ല, മറിച്ച് അത് വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. നേതൃത്വത്തിന്റെ വാക്കുകളും പ്രവർത്തികളും തമ്മിലുള്ള വലിയ അന്തരത്തെ (കപടഭക്തിയെ) 'ദൈവഹിതം' എന്ന പേരിൽ വിശ്വാസികളെക്കൊണ്ട് അംഗീകരിപ്പിക്കുന്നു. തിന്മയുടെ സാമാന്യവൽക്കരണം (ആമിമഹശ്യേ ീള ഋ്ശഹ) ആധുനിക കാലഘട്ടത്തിന്റെ മൂല്യത്തകർച്ചയുടെ അടയാളമായിട്ടാണ് പണ്ഡിതർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇന്ന് സഭയ്ക്കുള്ളിലും ഇത് പ്രകടമാണ്. സാമ്പത്തിക ചൂഷണവും അധികാര ദുർവിനിയോഗവും വെറും അച്ചടക്ക ലംഘനങ്ങളായല്ല, മറിച്ച് സഭയുടെ നിലനിൽപ്പിന് ആവശ്യമായ കാര്യങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. ഉറവിന്റെ ഒരേ ദ്വാരത്തിൽ നിന്ന് കൈപ്പം മധുരവും പുറപ്പെടുമോ (യാക്കോബ് 3:11) എന്ന ചോദ്യത്തിന് ഉത്തരം പറയണം. ചിലർ വാദിക്കുന്നത് സഭയുടെ ചരിത്രത്തിൽ ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ എന്നും ഉണ്ടായിരുന്നു. അതുകൊണ്ട് ഇന്നത്തെ തെറ്റായ പ്രവണതകളിൽ അത്ഭുതപ്പെടാനില്ല. എല്ലാ കൃപവരങ്ങളുമുള്ള കോരിന്ത് സഭയിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നല്ലോ എന്നാണ്. എന്നാൽ, നാം ഓർക്കേണ്ടത് പൗലൊസ് അവയെ ഒന്നും നോർമലാണ് എന്ന് പറയുകയോ അവയ്‌ക്കെതിരെ കണ്ണടക്കുകയോ ചെയ്തില്ല എന്നതാണ്. വചനവിരുദ്ധമായ പ്രവൃത്തികളോട് പൊരുത്തപ്പെടുന്നതിനുവേണ്ടി തിന്മകളെ തമ്മിൽ താരതമ്യം ചെയ്യുന്നത് ഭക്തിയല്ല, വഷളത്തത്തിന് കൊടിപിടിക്കലാണ്. - വികലമായ വചനവ്യാഖ്യാനങ്ങൾ
സത്യത്തെ മറയ്ക്കാൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗ്ഗം ദൈവവചനത്തിന്റെ ദുർവ്യാഖ്യാനമാണ്. വേദപുസ്തകത്തിലെ സത്യങ്ങളെയും ഉപദേശങ്ങളെയും തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കുന്നു. ഇത് സഭയ്ക്കുള്ളിൽ വലിയ തോതിലുള്ള അസമത്വത്തിനും നീതികേടിനും കാരണമാകുന്നു. അധികാര സംരക്ഷണത്തിനായി ബൈബിളിനെ ആയുധമാക്കുന്നത് പല രീതികളിലാണ്.
'എന്റെ അഭിഷിക്തരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ദോഷം ചെയ്യരുത്.' (സങ്കീ. 105:25, 1 ദിന. 16:22) തുടങ്ങിയ വാക്യങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്ത് നേതൃത്വത്തെ എല്ലാ നിയണ്ടമങ്ങൾക്കും ചോദ്യങ്ങൾക്കും അതീതരാക്കുന്നു.
സാധാരണക്കാരുടെ നിസഹായാവസ്ഥയെയും അറിവില്ലായ്മയെയും മുതലെടുത്ത്. ഭൗതികമായ നേട്ടങ്ങൾ വാഗ്ദാനം ചെയ്ത് അവരെ അധികാരത്തിന് കീഴിൽ അടിമകളാക്കി മാറ്റുന്നു. ചിലർക്ക് അധികാരത്തിന്റെ ചില അപ്പനുറുക്കുകൾ കിട്ടിയാൽ പിന്നെ അവരുടെ നീതിബോധവും തെറ്റിനെ കാണാനുള്ള കഴിവും ഇല്ലാതെയാകും എന്നത് ആശ്ചര്യം തന്നെ. എതിർശബ്ദങ്ങളെ നിശബ്ദമാക്കുവാൻ വേണ്ടിയുള്ള നേതൃത്വത്തിന്റെ ഒരു തന്ത്രമാണിത്.
സത്യം തമസ്‌കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിന്ന് സഭയ്ക്ക് ഒരു മോചനം സാധ്യമാകണമെങ്കിൽ അത് സത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലൂടെ മാത്രമേ സാധ്യമാകൂ. ഭക്തികേടിനോടും വഷളത്തത്തോടും നോ പറയാൻ തക്ക ആർജ്ജവമുള്ള വിശ്വാസികൾ സഭയിൽ ഉണ്ടാകണം. സാമ്പത്തികവും ഭരണപരവുമായ എല്ലാ കാര്യങ്ങളും സുതാര്യമായി പരിശോധിക്കപ്പെടണം. വസ്തുനിഷ്ടമായി തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായല്ല, മറിച്ച് സഭയുടെ മനഃസാക്ഷിയായി കാണണം. (വിമർശനം ഒരു തൊഴിലാക്കിയിരിക്കുന്നവരെ കുറിച്ചല്ല ഇവിടെ ഉദ്ദേശിക്കുന്നത്). വിശ്വാസിസമൂഹം കാപട്യത്തെയും അധർമത്തെയും വെള്ളപൂശാതെ വഷളത്തത്തിന്റെയും ഭക്തികേടിന്റെയും താളത്തിന് തുള്ളുന്ന മരപ്പാവകളായി തരം താഴാതെ അവയുടെ പേരെടുത്തു വിളിക്കാനും അവയ്‌ക്കെതിരെ വ്യക്തമായ നിലപാട് കൈകൊള്ളാനും വേഷഭക്തിയെ തിരിച്ചറിഞ്ഞ് അതിനെതിരെ ശക്തമായി ശബ്ദം ഉയർത്താനും ആർജ്ജവമുള്ള ഒരു സമൂഹമായി ഉയർത്തെഴുന്നേൽക്കട്ടെ.
(ഈ ലേഖനത്തിന്റെ ഉദ്ദേശ്യം വ്യക്തിപരമായ ആക്ഷേപങ്ങൾ അല്ല. മറിച്ച്, സാമൂഹ്യതിന്മകളുടെ വസ്തുനിഷ്ഠവും തത്വാധിഷ്ഠിതവുമായ വിശകലനമാണ്. ലേഖകൻ നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളജ് പ്രിൻസിപ്പലും ആശാതീരം കൗൺസിലിംഗ് സെന്റർ കൺസൾട്ടന്റ് കൗൺസലറുമാണ്)

