ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും

ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഫ്രിക്കയിൽ ഒരു ഗോത്രവർഗക്കാരുടെ ഇടയിൽ നടക്കുന്ന ശവസംസ്കാരം പ്രത്യേക തരത്തിലുള്ളതാണ്. ശവപ്പെട്ടി കുഴിയിലേക്ക് ഇറക്കുന്നതിനു മുമ്പായി സ്ത്രീകൾ ആ പെട്ടിക്ക് ചുറ്റുംകൂടി കരഞ്ഞുകൊണ്ട് വിലാപഗാനങ്ങൾ പാടുന്നു. ആ ഗാനത്തിന്റെ അർത്ഥം ഇങ്ങനെയാണ് : 'ഞാൻ മരിക്കുവാൻവേണ്ടി ജനിച്ചവളാണ്. ഇനിയും മരണം ആരെയാണ് പിടികൂടുന്നത് ?' ഇപ്രകാരമുള്ള വിലാപഗീതങ്ങൾ മനുഷ്യന്റെ അനിശ്ചിതാവസ്ഥയെയാണ് വ്യക്തമാക്കുന്നത്.

ഒരാൾ മരിക്കുന്നതിനു ഏതാനും മണിക്കൂർ മുമ്പ് ഇങ്ങനെ പറഞ്ഞൂ : 'ഞാൻ അന്ധകാരദേശത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.' 1655 ൽ മരിച്ച ഒരു ശാസ്ത്രജ്ഞൻ മരണത്തിനുമുൻപ് പറഞ്ഞത് 'ഞാൻ എന്തിനാണ് ജീവിച്ചതെന്ന് എനിക്കറിയില്ല. ഞാൻ എന്തിനു മരിക്കുന്നുവെന്നും എങ്ങനെ മരിക്കുന്നുവെന്നും എനിക്കറിഞ്ഞുകൂടാ'. 1907 ൽ മരിച്ച ഒരു മഹാന്റെ അന്ത്യവാക്കുകൾ ഇപ്രകാരമായിരുന്നു : 'ഞാൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.' പല പ്രാവശ്യം അദ്ദേഹം അങ്ങനെ പൂറുപിറുത്തിട്ടാണ് ഒടുവിൽ ജീവൻ വെടിഞ്ഞത്.

ജീവിച്ചിരിക്കുമ്പോൾത്തന്നെ മരണത്തെക്കുറിച്ചുള്ള നിശ്ചയദാർഢ്യമാണ് ജീവിതത്തെ വിലയുള്ളതാക്കിത്തീർക്കുന്നത്. ജീവിതത്തിൽ നിശ്ചയം പ്രാപിക്കാത്തവർക്ക് മരണത്തെപ്പറ്റിയും യാതൊരു നിശ്ചയവും ഉണ്ടായിരിക്കുകയില്ല. ഈയാംപാറ്റകളെപ്പോലെ മരണത്തെ അഭിമുഖീകരിക്കുന്നവർ ധാരാളമാണ്. മരണത്തോടുകൂടി സകലവും അവസാനിക്കുന്നു എന്ന ചിന്ത മരണത്തെ കൂടുതൽ ഭയപ്പെടുന്നതിനു കാരണമായിത്തീരുന്നതാണ്. അങ്ങനെയുള്ളവർക്ക് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുവാൻ സാധിക്കാതെയും വരുന്നു.

അപ്പൊസ്തലനായ പൗലൊസിന് തന്റെ ജീവിതം എപ്രകാരം ചെലവഴിക്കണമെന്ന കാര്യത്തിൽ സ്ഥിരനിശ്ചയം ഉണ്ടായിരുന്നതു കൊണ്ടാണ് തന്റെ മരണത്തെ ലാഭമായി അദ്ദേഹം കണ്ടിരുന്നത്. മരണം ലാഭമാണെങ്കിൽ ജീവിതവും ലാഭം തന്നെയായിരിക്കണം.നഷ്ടത്തിൽ കലാശിക്കുന്ന ഒരു ജീവിതത്തിന്റെ ഉടമയ്ക്ക് മരണം ഒരിക്കലും ലാഭമായിത്തീരുകയില്ല. നീങ്ങിപ്പോകുന്ന ജീവിതത്തെക്കാൾ ശ്രേഷ്ഠമായിരിക്കും മരണത്താൽ ഉടലെടുക്കുന്ന പുതിയ ജീവിതം. മരണത്തോടുകൂടി അവസാനിക്കുന്ന ജീവിതത്തെ ശ്രേഷ്ഠമായി കാണുവാൻ ജീവിച്ചിരിക്കുമ്പോൾ ആർക്കും കഴിയുന്നതല്ല. ശ്രേഷ്ഠമായ ഒരു ജീവിതത്തിന്റെ ഭാഗമാണ് ഈ ലോകജീവിതമെന്ന് എപ്പോൾ അറിയുമോ അപ്പോൾ നമ്മുടെ ജീവിതം ശ്രേഷ്ഠമായിത്തീരും.

ചിന്തക്ക് : 'ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം, ഏറെ ആയാൽ എൺപതു സംവത്സരം. അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ. അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു. നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ ? ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ, എത്രത്തോളം താമസം ? അടിയങ്ങളോടു സഹതാപം തോന്നേണമേ. കാലത്തുതന്നെ ഞങ്ങളെ നിന്റെ ദയ കൊണ്ടു തൃപ്തരാക്കേണമേ. എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും' (സങ്കീർത്തനങ്ങൾ 90 : 10...14)