രാജ്യത്ത് ക്രൈസ്‌തവർക്കെതിരായ അതിക്രമം കൂടുന്നു; ഇക്കൊല്ലം ഇതുവരെ 378 സംഭവങ്ങൾ

രാജ്യത്ത് ക്രൈസ്‌തവർക്കെതിരായ അതിക്രമം കൂടുന്നു; ഇക്കൊല്ലം ഇതുവരെ 378 സംഭവങ്ങൾ

ആലപ്പുഴ: രാജ്യത്ത് ക്രൈസ്‌തവർക്കെതിരേ ഇക്കൊല്ലം ജൂൺ വരെ 378 അതിക്രമസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. 2024-ൽ 834 സംഭവങ്ങളുണ്ടായി. 2023-ൽ 734 സംഭവങ്ങളും. ഓരോവർഷവും അക്രമം കൂടിവരുകയാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് വിവരം ശേഖരിക്കുന്ന ഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറ(യുസിഎഫ്)ത്തിൻ്റേതാണ് കണക്ക്. ഈ വർഷത്തെ 378 സംഭവങ്ങളിൽ 17 എഫ്ഐആറേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും ഇവർ പറയുന്നു.

സ്ത്രീകൾക്കെതിരേ-15, ദളിതർക്കെതിരേ-13, ഗോത്രവിഭാഗങ്ങൾക്കെതിരേ-12 എന്നിങ്ങനെയാണ് കണക്ക്. ശാരീരിക ആക്രമണം-11, ഭീഷണി, അധിക്ഷേപം-62, വസ്‌തുവകകൾക്കു നാശം-ഒൻപത്, മതചടങ്ങുകൾക്കായി സംഘടിക്കുന്നതുതടസ്സപ്പെടുത്തൽ-49, ജനക്കൂട്ട ആക്രമണം-247 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവുമധികം കേസ് ഛത്തീസ്‌ഗഢിലാണ്-82. തൊട്ടുപിന്നിൽ ഉത്തർപ്രദേശ്-73. കർണാടക -32, രാജസ്ഥാൻ-25, മധ്യപ്രദേശ്-24, ബിഹാർ-22, ഝാർഖണ്ഡ്-21 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ. മണിപ്പുർ ഒഴികെയാണിത്.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്ന് സംഘടനയുടെ ഹെൽപ്പ്ലൈൻ നമ്പരിലേക്കു വരുന്ന വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പ്രാദേശികമായി പോലീസിൽ റിപ്പോർട്ട് ചെയ്‌തതും ചെയ്യാത്തതുമുണ്ടാകും. 2020- 279, 2021-8505, 2022-8 601 എന്നിങ്ങനെയാണ് അക്രമങ്ങൾ.

അഞ്ചുവർഷമായി അക്രമസംഭവങ്ങൾ കൂടുകയാണെന്ന് യുസിഎഫ് ദേശീയ കോഡിനേറ്റർ എ.സി. മൈക്കിൾ പറഞ്ഞു. ഇക്കാലയളവിൽ കേരളത്തിൽ ഒരുസംഭവംപോലും റിപ്പോർട്ടു ചെയ്തിട്ടില്ല. മണിപ്പുരിൽനിന്ന് ഇവരുടെ നമ്പരിലേക്ക് കോളുകൾ വന്നിട്ടില്ല.

മുൻവർഷങ്ങളിലും ഉത്തർപ്രദേശും ഛത്തീസ്‌ഗഢമായിരുന്നു മുന്നിൽ. യുപിയിൽ കഴിഞ്ഞവർഷം 209 സംഭവങ്ങളും ഛത്തീസ്ഗഢിൽ 165 സംഭവങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ 72-ഉം കർണാടകയിൽ 52-ഉം സംഭവങ്ങളുണ്ടായി.

കേന്ദ്രഇടപെടൽതേടി സിബിസിഐ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാർതലത്തിൽ ഇടപെടൽതേടി കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഭരണതലത്തിലെ ഇടപെടലിലൂടെ കന്യാസ്ത്രീകളെ പുറത്തിറക്കാനാണ് ശ്രമം.

ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും പ്രതിനിധികൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സഹായം വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും സിബിസിഐ വക്താവ് പ്രതികരിച്ചു.

എന്നാൽ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും ബന്ധപ്പെട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് പറഞ്ഞു.

അറസ്റ്റിലായ കന്യാസ്ത്രീകൾക്കുവേണ്ടി വൈകാതെ ജാമ്യാപേക്ഷ നൽകുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു. ആദ്യമെടുത്ത എഫ്ഐആറിൽ ഇല്ലാതിരുന്ന, മതപരിവർത്തനം സംബന്ധിച്ച ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യനിയമത്തിലെ നാലാം വകുപ്പ് പിന്നീട് കൂട്ടിച്ചേർത്തിട്ടുണ്ട്. നീതി ലഭിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി.

Advertisement