ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ 500 % ശതമാനം വർദ്ധന; ഉത്തർപ്രദേശ് ഏറ്റവും അപകടകരമായ സംസ്ഥാനം

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ 500 % ശതമാനം വർദ്ധന; ഉത്തർപ്രദേശ് ഏറ്റവും അപകടകരമായ സംസ്ഥാനം

ഡൽഹി: 2014ന് ശേഷം രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ 500 % വർധിച്ചതായി അവകാശ സംഘടനകൾ. തുടർച്ചയായ, വ്യവസ്ഥാപിതമായ അക്രമമാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്ന് വരുന്നതെന്ന് സംഘടനാ ഭാരവാഹികൾ ഡൽഹി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. നരേന്ദ്ര മോഡി അധികാരത്തിൽ എത്തിയ 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം വർധിച്ചു. 2014നും 2024നും ഇടയിൽ ഇത്തരം അക്രമ സംഭവങ്ങൾ 139ൽ നിന്ന് 834 ആയി കുതിച്ചുയർന്നു. 500% വർധന രേഖപ്പെടുത്തി. ഈ കാലയളവിൽ 4,959 സംഭവങ്ങൾ കേസുകളായി രജിസ്റ്റർ ചെയ്യപ്പെട്ടു. ബാക്കിയുള്ള കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യാൻ മടിക്കുകയോ, ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുകയോ ചെയ്തുവെന്നും ക്രിസ്ത്യൻ സംഘടനകൾ ചൂണ്ടിക്കാട്ടി. മതത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടന്നുവരുന്നതായി സിസ്റ്റർ മീനാക്ഷി സിങ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഒരുതരത്തിലും ക്രിസ്ത്യാനികൾക്ക് ജീവിക്കാനുള്ള മാർഗം ഇല്ല. ഇഷ്ടപ്പെട്ട് ഒരു മതം തെരഞ്ഞെടുത്താലും ആ വിശ്വാസം തുടർന്നു പോകാൻ അനുവാദമില്ലെന്നും അവർ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം മറയാക്കി ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കരുതിക്കൂട്ടി വേട്ടയാടുകയാണെന്ന് അവകാശ പ്രവർത്തകൻ മൈക്കൽ വില്യംസ് പറഞ്ഞു.

 ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ആദിവാസികൾക്കെതിരെയുള്ള പീഡനങ്ങളിലും വൻ വർധനയുണ്ടായി. ഇന്ത്യയിലുടനീളം ഏകദേശം ഏഴ് കോടി ആദിവാസി ക്രിസ്ത്യാനികളുണ്ട്. ദുർബലരായ ഇവരെയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതെന്ന് അഭിഭാഷകയായ തെഹ്മിന അറോറ ചൂണ്ടിക്കാട്ടി. 2025 ലെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ മാത്രം 579 അക്രമ സംഭവങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടത് 39 കേസുകളിൽ മാത്രമായിരുന്നുവെന്ന് തെഹ്മിന അറോറ പറഞ്ഞു. 71 ഭീഷണിപ്പെടുത്തൽ-പീഡന കേസുകൾ, പ്രാർത്ഥനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ 51 കേസുകൾ, ഒമ്പത് ശാരീരിക ആക്രമണങ്ങൾ, ഏഴ് സ്വത്ത് നാശനഷ്ട കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

    71 ഭീഷണിപ്പെടുത്തൽ-പീഡന കേസുകൾ, പ്രാർത്ഥനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ 51 കേസുകൾ, ഒമ്പത് ശാരീരിക ആക്രമണങ്ങൾ, ഏഴ് സ്വത്ത് നാശനഷ്ട കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദശകത്തിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ ശരാശരി വാർഷിക വർധനവ് 69.5% ആണ്. ഇതിൽ 79% കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. രേഖപ്പെടുത്തിയ കേസുകളുടെ ആകെ എണ്ണത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശാണ് ക്രിസ്ത്യാനികൾക്ക് ഏറെ അപകടകരമായ സംസ്ഥാനമെന്നും വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആശങ്കകൾ കേന്ദ്ര സർക്കാരുമായി ഉന്നയിക്കുന്നതിനായി ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ 29ന് ദേശീയ ക്രിസ്ത്യൻ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. (കടപ്പാട് : ജനയുഗം)