പിതാവ് സുവിശേഷ പ്രവർത്തനം നടത്തി ; ഇന്ത്യൻ വനിതാ ക്രിക്കറ്ററെ ക്ലബ് അംഗത്വത്തിൽ നിന്ന് പുറത്താക്കി

പിതാവ് സുവിശേഷ പ്രവർത്തനം നടത്തി ; ഇന്ത്യൻ വനിതാ ക്രിക്കറ്ററെ ക്ലബ് അംഗത്വത്തിൽ നിന്ന് പുറത്താക്കി

മോൻസി മാമ്മൻ തിരുവനന്തപുരം

മുംബെെ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കി മുംബെെയിലെ പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ്ബായ ഖാർ ജിംഖാന. 

മതപരമായ കാര്യങ്ങള്‍ക്കായി താരത്തിന്റെ പിതാവ് ഇവാൻ അംഗത്വം ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗത്വം റദ്ദാക്കിയിരിക്കുന്നത്. ‌ഞായറാഴ്ച ജനറല്‍ ബോഡി യോഗത്തിലാണ് ജെമീമയുടെ അംഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്.

ഖാർ ജിംഖാനയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ക്ലബ്ബ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ക്ലബ്ബിന്റെ പരിസര പ്രദേശങ്ങളില്‍ താരത്തിന്റെ പിതാവിന്റെ നേതൃത്വത്തില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതായും മതപരിവർത്തനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയതോടെയാണ് അംഗത്വം റദ്ദാക്കാൻ ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2023-ലാണ് ജമീമ റോഡ്രിഗസിനെ ക്ലബ്ബിന്റെ ഭാഗമാകാൻ ഖാർ ജിംഖാന ക്ഷണിച്ചത്. മൂന്നു വർഷത്തെ അംഗത്വവും പരിശീലനത്തിന് ഉള്‍പ്പെടെ ക്ലബ്ബിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവുമാണ് താരത്തിന് മെമ്ബർഷിപ്പിലൂടെ ലഭിച്ചിരുന്നത്.

മുംബൈ സ്വദേശിയായ ജെമീമ റോ‍ഡ്രിഗസ് ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ അവിഭാജ്യഘടകമായി മാറിയ താരമാണ്. 104 രാജ്യാന്തര ട്വന്‍റി ട്വന്‍റി മല്‍സരങ്ങള്‍ കളിച്ച താരം 11 അര്‍ധസെഞ്ചറികളടക്കം 2142 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളില്‍ 59 റണ്‍ ശരാശരിയില്‍ 235 റണ്‍സും 30 ഏകദിനമല്‍സരങ്ങളില്‍ നിന്ന് 710 റണ്‍സും ജെമീമയുടെ സമ്പാദ്യത്തിലുണ്ട്. ഓഫ് സ്പിന്നര്‍ കൂടിയായ താരം നിരവധി രാജ്യാന്തര ടി20 ലീഗുകളിലും കളിക്കുന്നുണ്ട്.

ജെമീമയുടെ പിതാവ് ഇവാന്‍ ബ്രദര്‍ ഇമാനുവല്‍ മിനിസ്ട്രീസ്’ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹം ജിംഖാനയുടെ പ്രസിഡന്‍ഷ്യല്‍ ഹാള്‍ ബുക്ക് ചെയ്ത് 35 പരിപാടികള്‍ സംഘടിപ്പിച്ചു. ഇതെല്ലാം മതപ്രചരണവുമായി ബന്ധപ്പെട്ടവ ആയിരുന്നു എന്നതായിരുന്നു ക്ലബ് ആരോപിച്ച കുറ്റം.

Advertisement