വിശ്വാസം ഇന്ന്

വിശ്വാസം ഇന്ന്

വിശ്വാസത്തിൻ നിർവ്വചനം അതു 
വിശ്വസ്തർക്കോ മാധുര്യം താൻ 
വിശ്വാസത്തിൻ ശ്വാസം പോയാൽ 
ശേഷം വെറുമൊരു 'പിണ'മതുമാത്രം.

വിശ്വാസത്തിന്നാദിയുമന്തവും 
യേശുമഹേശൻ തന്നെയെന്നാൽ 
കാലം പോയിപ്പോയിട്ടിപ്പോൾ 
കോലത്തിന്നും മാറ്റം വന്നു 
നെയ്യപ്പത്തിലെ നെയ്യേപ്പോലെ 
പയ്യെപ്പയ്യെ വിശ്വാസം പോയി.

വിശ്വാസിക്കൊരസ്വാസ്ഥ്യം വന്നാൽ 
വിശ്വാസത്തിൻ കഥ പറയണ്ടാ 
പ്രാർത്ഥിച്ചിട്ടു മരുന്നു കഴിച്ചാൽ 
എത്രവിശേഷം! എന്നൊരു കൂട്ടർ.

മാത്രയിൽ മാറ്റാം മരുന്നു വേണ്ടാ 
പ്രാർത്ഥന മതിയെന്നുള്ളോർ ചിലരും 
പെട്ടെന്നൊന്നു കുറഞ്ഞീടാനായ് 
'ചൊട്ടു'മരുന്നുകളൊക്കെച്ചെയ്യും.

സ്വന്തം പ്രാർത്ഥനയില്ലെന്നാലും 
സ്വന്തം സഭയിൽ പ്രാർത്ഥന വേണം 
ഞെട്ടും പ്രാർത്ഥന കേട്ടാൽ - പക്ഷേ
മുട്ടുമടക്കിയിരിക്കാറില്ല. 

പാട്ടുകളനവധി ഉണ്ടെന്നാലും
പാടാൻ നല്ലൊരു 'മൂഡി'ല്ലത്രേ 
കൈയ് കൊട്ടുന്നതു കണ്ടാൽ തോന്നും 
നെയ് സേവിച്ച ശരീരം പോലെ.

ഹല്ലേലുയ്യാ പറയാൻ പോലും 
വല്ലായ്മയുമായ് നിൽപ്പൂ പലരും 
ആരാധനകൾക്കെല്ലാം പിമ്പിൽ 
പോരും പന്തി വിളമ്പാൻ മുമ്പിൽ.

ആരാധനകൾക്കുണ്ടെന്നാലും
'പോരാ ധന'മെന്നത്രേ ചിന്ത 
മോഹിതരായ് നാം നിൽപൂ 
വിണ്ണിൽ കാഹള നാദം കേട്ടീടാനായ്.

സാക്ഷ്യം പറയാനുള്ളൊരു ജീവിത-
സാക്ഷ്യം തന്നെ കാണാനില്ല 
പരുവക്കേടുകളുണ്ടെന്നാലും 
തിരുവത്താഴമതെന്നും മുഖ്യം.

ദൂതുകളനവധി കേട്ടെന്നാലും 
കാതിനു കേട്ടൊരു ഭാവവുമില്ല 
പാതി പറഞ്ഞതു കേട്ടാൽ തന്നെ
'കാദീശന്മാ'രാകണമിപ്പോൾ!

പെന്തക്കോസ്തനു രാഷ്ട്രീയത്തിൽ 
എന്താ കാര്യം? എന്നൊരു കൂട്ടർ 
അന്തസ്സുവേണേൽ രാഷ്ട്രീയത്തിൽ 
'പന്തം' പോലെ തിളങ്ങണമത്രേ.

പള്ളിക്കുള്ളിലിലക്ഷൻ വന്നാൽ 
തള്ളിക്കേറാൻ എത്ര വിശുദ്ധർ ! 
പിള്ളക്കാര്യം പോലുംതള്ളി പ
ള്ളിക്കാര്യം നോക്കാൻ ദാഹം!

ഭിന്നതവന്നു ഭവിക്കുന്നേരം 
ഖിന്നതയാകെയുലച്ചെന്നാകിൽ 
മുന്നിൽ നിൽക്കും ഇടയൻ തന്നുടെ 
അന്നത്തിന്നും ബഹുവിധ ക്ലേശം.

ചട്ടേ മുണ്ടും നാടുകടന്നു 
പട്ടിൻ സാരികൾ നാടുവിടാറായ് 
ഷഷ്ടി കഴിഞ്ഞൊരു വല്ല്യമ്മച്ചി-
ക്കിഷ്ട‌ം ചുരിദാർ ലെഗ്ഗിൻസ് മാത്രം.

ജീൻസും കൊണ്ടൊരു പാൻ്റ്സില്ലെന്നാൽ 
'ഹാൻസം' ആകില്ലെന്നൊരു കൂട്ടർ 
പാന്റ്സാണെങ്കിലുമതിനുടെ പിന്നിൽ 
"തേൻകൂടൊത്തിരു' കീശകൾ വേണം.

ഫാഷൻ കാട്ടാൻ തയ്ച്ച്ചൊരു കീശ 
റേഷൻ വാങ്ങാൻ പാത്രവുമായി 
നഗ്നത മാറ്റാനുള്ളൊരു വസ്ത്രം 
നഗ്നത കാട്ടാനായതു ശിഷ്ട‌ം!

പാദം വരെയും നീണ്ടൊരു തലമുടി 
പാതിയിലേറെ മുറിച്ചതു മൂലം 
തോളും പിടലിയുമാട്ടുന്നേരം പാളും 
തലമുടി മുന്നിൽ പിന്നിൽ.

പുസ്തകമൊന്നു തുറക്കാറില്ല 
പ്രാർത്ഥന കൊണ്ട് ജയിക്കാൻ 
മോഹം സൺഡേ ട്യൂഷനതുണ്ടെന്നാകിൽ 
സൺഡേ സ്കൂളതു പ്രശ്നവുമല്ല.

സത്രീധനമൊന്നും വാങ്ങില്ലെന്നാൽ 
സാധന, സംഖ്യകളാകാം പോലും 
വീതം, ചോദ്യം, വാങ്ങുവതൊന്നും 
'വേദ'ത്തിൻ പടി തെറ്റില്ലത്രേ!

നിസ്വനു* വേദികൾ പള്ളികൾ തന്നെ 
ആഢ്യനു* വേദികൾ മണ്‌ഡപമത്രേ 
താണിക്കേറ്റൊരു ശ്രേണികണക്കേ 
പാണീഗ്രഹണം * ദീർഘിച്ചേക്കാം.

പാരാവാര പ്രസംഗ ശ്രേഷ്ഠൻ 
പാരിടമെല്ലാം വേദി തകർപ്പോൻ 
പാരം പരവശനായിട്ടിപ്പോൾ 
ചുരത്തണലിലിരിപ്പാണത്രേ! 
കാരണമെന്തന്നാരാഞ്ഞാലേ 
'പ്രേരണ'യില്ലെന്നത്രേ ഭാഷ്യം.

ബാധ തുരത്താൻ ചെന്നുപദേശി 
ബാധകൾ കണ്ടു നടുങ്ങി മടങ്ങി! 
കൊണ്ടുനടക്കുമുപായം പലതും 
പണ്ടേപ്പോലെ ഫലിക്കുന്നില്ല.

വേർപ്പുകൾ ചിന്തിയൊരുക്കിയെടുത്തൊരു 
പാർപ്പിടമൊന്നിൽ പാർക്കുന്നോനും 
കോടികൾ വാരിയെറിഞ്ഞൊരു വീട്ടിൽ 
മോടിയോടാടി രമിക്കുന്നോനും തേടുവതേക സമാന സമീഹിത* 
വീടതുതന്നെയതല്ലേ സത്യം?

ഈ വിധമാണു വിശ്വാസമതെന്നാൽ 
ജീവിതമെന്നതു വ്യർത്ഥം തന്നെ 
മിശിഹാരാജൻ വരുമന്നാളിൽ 
വിശ്വാസത്തിൻ ഗതിയെന്താകും?

വേദിയൊരുക്കാം സ്നേഹത്തിന്നൊരു 
പാതയൊരുക്കാം സുവിശേഷത്തിനു 
കാതുകളോർക്കാം വചനത്തിന്നതി 
മോദമൊരുങ്ങാം രാജൻ വരവിനു.

പാരിടത്തിനാരവത്തിലാധിപൂണ്ടു നിന്നിടാതെ 
പാപഭാര ചിന്തകൾക്കൊരാധിപത്യമേകിടാതെ 
പാരമേശുവിൻ കരത്തിലന്തരംഗമൂന്നി നിന്നു പാടീടാം..

കരുത്തുറ്റ മനസ്സുകളിൽ 
വിലപ്പെട്ട ചോദനയാൽ 
ഒരുക്കത്തിനോളവുമായ് 
നിലയ്ക്കാത്ത സ്തോത്രവുമായ്
 രാജരാജനേശു തൻ്റെ പിമ്പേ പോയീടാം.

* കാദീശൻ -പുണ്യവാൻ
* നിസ്വൻ -ദരിദ്രൻ
* ആഢ്യൻ -ധനവാൻ
* സമീഹിതം - ആഗ്രഹിക്കപ്പെട്ടത്, ഇച്ഛ
* പാണീഗ്രഹണം-വിവാഹച്ചടങ്ങുകൾ

Advertisement