'എൻഡോസൾഫാൻ പോലെ മാരകമായ സിനിമകളുമുണ്ട്; മിക്കവയും ക്രൂരതയും പൈശാചികതയും നിറഞ്ഞത്'- പ്രേംകുമാര്‍ പ്രേംകുമാർ
തിരുവനന്തപുരം: സീരിയലുകൾക്ക് പിന്നാലെ സിനിമകൾക്കെതിരെയും വിമർശനവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. വർത്തമാന സിനിമകൾ മനുഷ്യരുടെ ഹിംസകളെ ഉണർത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകർ ശ്രമിക്കുന്നതെന്നും പ്രേംകുമാർ ആരോപിച്ചു.
'സെൻസറിങ് കൊടുക്കുമ്പോൾ പ്രത്യേക ശ്രദ്ധപുലർത്തണം. സിനിമകളിലൂടെ തെറ്റായ സന്ദേശം നൽകരുത്. എൻഡോസൾഫാൻ പോലെ മാരകമായ സിനിമകളുമുണ്ട്. സെൻസറിങ് മറികടന്ന് ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു.' പ്രേംകുമാർ വ്യക്തമാക്കി.
സീരിയലുകളിൽ പലതിൻ്റേയും ഉള്ളടക്കത്തിന് നിലവാരമില്ലെന്നും പ്രേംകുമാർ പറഞ്ഞു. ടിവി പരിപാടികളുടെ ഉള്ളടകത്തിൽ ശുദ്ധീകരണത്തിന് തയ്യാറാകണം. കലയുടെ പേരിലെ വ്യാജ നിർമിതികൾ സാംസ്കാരിക വിഷമാണ്. പരിമിതികളുണ്ടെങ്കിലും ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാർ പറഞ്ഞു.

